2022, ഫെബ്രുവരി 17, വ്യാഴാഴ്‌ച

നാല് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഹെല്‍മറ്റും, സുരക്ഷ ബെല്‍റ്റും നിര്‍ബന്ധം, കേന്ദ്രം വിജ്ഞാപനം ഇറക്കി

 ഇരുചക്രവാഹനങ്ങളില്‍ നാല് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. ഹെല്‍മറ്റിന് പുറമേ ഡ്രൈവറുമായി ബന്ധിപ്പിക്കുന്ന സുരക്ഷ ബെല്‍റ്റും നിര്‍ബന്ധമാക്കി. ഒമ്പത് മാസത്തിനും നാല് വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് രണ്ട് സുരക്ഷ ഉപകരണങ്ങളും നിര്‍ബന്ധമാക്കി 1989 ലെ സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍സ് റൂള്‍സ് ഭേദഗതി ചെയ്യുന്നതിനായി റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം ഫെബ്രുവരി 15 ന് വിജ്ഞാപനം പുറപ്പെടുവിച്ചു.കുട്ടികളെ കയറ്റി പോകുന്ന ഇരുചക്രവാഹനങ്ങളുടെ വേഗത മണിക്കൂറില്‍ 40 കിലോമീറ്ററായി പരിമിതപ്പെടുത്തണമെന്നും വിജ്ഞാപനത്തില്‍ നിര്‍ദ്ദേശമുണ്ട്. ഒരു വര്‍ഷത്തിന് ശേഷം നിബന്ധന പ്രാബല്യത്തില്‍ വരുമെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

നാല് വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് നേരത്തെ തന്നെ ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയിരുന്നു. നിലവിലെ വിജ്ഞാപനത്തില്‍ കുട്ടികളുടെ ഹെല്‍മറ്റും സുരക്ഷ ബെല്‍റ്റും എങ്ങനെ ഉള്ളത് ആയിരിക്കണമെന്നും പറയുന്നുണ്ട്. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (ബി.ഐ.എസ്.) നിയമത്തിലെ നിലവാരം പാലിക്കുന്നതോ, സൈക്കിള്‍ ഹെല്‍മറ്റോ ധരിക്കണം. സുരക്ഷ ബെല്‍റ്റില്‍ കുട്ടി ധരിക്കുന്ന വെസ്റ്റും ഡ്രൈവര്‍ ധരിക്കുന്ന സ്ട്രാപ്പും ഉണ്ടായിരിക്കും. ഇരുവരേയും തമ്മില്‍ ബന്ധിപ്പിക്കാനാണിത്.

പുതിയ നിയമങ്ങള്‍ അനുസരിച്ച്, ഉപയോഗിക്കുന്ന സുരക്ഷ ബെല്‍റ്റ് ഭാരം കുറഞ്ഞതും വെള്ളം കയറാത്തതുമായ 30 കിലോഗ്രാം വരെ ഭാരം വഹിക്കാന്‍ ശേഷിയുള്ളതും ആയിരിക്കണം.കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ കരട് വിജ്ഞാപനം മന്ത്രാലയം പുറപ്പെടുവിച്ചിരുന്നു.

0 comments: