2022, ഫെബ്രുവരി 23, ബുധനാഴ്‌ച

സാമൂഹിക സുരക്ഷാപെൻഷൻ: ഒഴിവാക്കപ്പെട്ടവരിലെ അർഹർക്ക് വീണ്ടും അപേക്ഷിക്കാം

 സാമൂഹിക സുരക്ഷാപെൻഷൻ ഗുണഭോക്തൃപ്പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവരിലെ അർഹതയുള്ളവർ വീണ്ടും അപേക്ഷിച്ചാൽ ഉൾപ്പെടുത്താൻ ധനവകുപ്പ് മാർഗരേഖ പുറത്തിറക്കി. വിവിധകാരണങ്ങളാൽ ഒഴിവാക്കപ്പെട്ട 14 ലക്ഷത്തിലധികംപേർക്ക് ആശ്വാസം പകരുന്നതാണിത്. രണ്ടുപെൻഷൻ വാങ്ങുന്നവർ, സ്വന്തമായി വാഹനമുള്ളവർ എന്നിങ്ങനെയുള്ള കാരണങ്ങളാലാണു പലരെയും ഒഴിവാക്കിയത്. ഇവർക്കെല്ലാം പുതിയ അപേക്ഷ തദ്ദേശ സ്ഥാപനങ്ങൾക്കു നൽകാം. പെൻഷൻ മാർഗരേഖയനുസരിച്ച് അർഹരാണെങ്കിൽ അതു നൽകുന്നതിനുള്ള നിർദേശമാണു ധനവകുപ്പ് പുറത്തിറക്കിയിരിക്കുന്നത്.

മുൻപുനടന്ന അപേക്ഷാപരിശോധയിൽ വാഹനമുണ്ടെന്നും രണ്ടു പെൻഷനുണ്ടെന്നുമുള്ള നിഗമനം തെറ്റാണെങ്കിൽ അത്തരക്കാർക്ക് പെൻഷൻ നൽകണം. മാത്രമല്ല, അപേക്ഷിച്ചകാലം മുതലുള്ള കുടിശ്ശികയും നൽകണം. രണ്ടിൽക്കൂടുതൽ പെൻഷനുണ്ടായിരുന്നെന്നും ഇപ്പോൾ ഇല്ലെന്നും ബോധ്യപ്പെട്ടാൽ പുതിയ അപേക്ഷ സ്വീകരിക്കും. അവർക്ക് പെൻഷനനുവദിക്കുന്നത് ബോർഡിന്റെ അംഗീകാരം ലഭിക്കുന്ന തീയതി മുതലായിരിക്കും.

മാനദണ്ഡം പലിക്കാത്തതിനാൽ സേവനപെൻഷൻ സൈറ്റിൽനിന്ന് സ്ഥിരമായി ഓഴിവാക്കപ്പെട്ടവരുടെ അപേക്ഷയും പുതുതായി സ്വീകരിക്കും. അവർ ഇപ്പോൾ മാനദണ്ഡം പാലിച്ചാലേ പെൻഷൻ ലഭിക്കൂ. അതായത്, വാഹനമുണ്ടായിരുന്നയാൾക്ക് ഇപ്പോൾ വാഹനമില്ലെങ്കിൽ പെൻഷൻകിട്ടും എന്നർത്ഥം.

സംസ്ഥാനത്ത് 51,90,866 പേരാണു കർഷകത്തൊഴിലാളി, വാർധക്യം, വിധവ, ഭിന്നശേഷി പെൻഷനുകൾ ഉൾപ്പെടുന്ന സാമൂഹിക സുരക്ഷാപെൻഷൻ വാങ്ങുന്നത്. 14,63,093 പേരുടെ അപേക്ഷയാണു തള്ളിയത്. അതിൽ നല്ലൊരു ശതമാനത്തിനും വീണ്ടും അപേക്ഷിക്കാൻ അവസരം വന്നിരിക്കുകയാണ്. പുറത്തായവരിൽ കൂടുതലും കർഷകത്തൊഴിലാളി പെൻഷൻ, വാർധക്യ പെൻഷൻ എന്നിവയ്ക്കായി അപേക്ഷിച്ചവരാണ്. വാർധക്യപെൻഷന് അപേക്ഷിച്ച 6,71,650 പേരുടെയും കർഷകത്തൊഴിലാളി പെൻഷന് അപേക്ഷിച്ച 4.04,907 പേരുടെയും അപേക്ഷകൾ നിരസിച്ചിരുന്നു.


0 comments: