അവനവൻ്റെ ചാർജർ ഉപയോഗിക്കുക
ഫോണിനൊപ്പം ലഭിക്കുന്ന ചാർജർ ഉപയോഗിച്ച് തന്നെ ചാർജ് ചെയ്യാൻ ശ്രദ്ധിക്കുക. മിക്ക സ്‌മാർട്ട്‌ഫോണുകളിലും മൈക്രോ യുഎസ്ബി പോർട്ട് വഴി ചാർജ് ചെയ്യാവുന്ന യൂണിവേഴ്സൽ ചാർജിംഗ് ഇന്റർഫേസ് ആണുള്ളതെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ഇത്തരത്തിലുള്ള എല്ലാ ചാർജറുകളും നിങ്ങളുടെ ഫോണിന് അനുയോജ്യം ആകണമെന്നില്ല. ഇത്തരത്തിൽ ചാർജറുകൾ മാറ്റിയാൽ അത് ബാറ്ററിയുടെ പ്രകടനം, ചാർജ് സംഭരിക്കാനുള്ള ശേഷി, മൊത്തത്തിലുള്ള ബാറ്ററി ലൈഫ് എന്നിവയെ ബാധിക്കും.
നിങ്ങൾ ഉപയോഗിക്കുന്ന ചാർജറിന്റെ ഔട്ട്‌പുട്ട് വോൾട്ടേജും (V) കറന്റ് (ആമ്പിയർ) റേറ്റിംഗും യഥാർത്ഥ അഡാപ്റ്ററുമായി പൊരുത്തപ്പെടുന്നതോ അല്ലെങ്കിൽ ഫോണിന്റെ നിർമ്മാതാവ് അംഗീകരിച്ചതോ ആണെന്ന് എല്ലായ്പ്പോഴും ഉറപ്പാക്കുക.
സൂക്ഷിച്ച് ഉപയോഗിച്ചാൽ ബാറ്ററി ലൈഫ് കൂട്ടാം
എല്ലാ ബാറ്ററികൾക്കും ഒരു എക്സ്പൈറി ഡേറ്റ് ഉണ്ട്. സ്‌മാർട്ട്‌ഫോണുകളുടെ ബാറ്ററിയുടെ കാര്യത്തിലും ഇത് സത്യമാണ്. എന്നാൽ നിങ്ങളുടെ സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്ന രീതി നിങ്ങളുടെ ഉപകരണത്തിന്റെ ബാറ്ററി ലൈഫ് നിർണ്ണയിക്കുന്നതിൽ വളരെയധികം സഹായിക്കുന്നു.
ചാർജിംഗ് രീതികളും നിങ്ങൾ ഉപയോഗിക്കുന്ന ചാർജറുകളും ബാറ്ററി ലൈഫിനെ ബാധിക്കുന്നു. രാത്രി മുഴുവൻ നിങ്ങളുടെ ഫോൺ ചാർജ് ചെയ്യുകയാണെങ്കിൽ കാലക്രമേണ ബാറ്ററിയുടെ ഹെൽത്തിനെ ബാധിക്കുമെന്ന് ഉറപ്പാണ്. അതുപോലെ, വിലകുറഞ്ഞ ചാർജറുകൾ ഉപയോഗിക്കുന്നത് നിങ്ങളുടെ സ്മാർട്ട്ഫോണിനും ബാറ്ററിക്കും അപകടകരമാണ്.
വില കുറഞ്ഞ ചാർജറുകൾ ഒഴിവാക്കുക
വിലകുറഞ്ഞ ചാർജറുകൾ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരം ചാർജുകളിൽ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരിക്കില്ല. അഡാപ്റ്ററിന്റെ തകരാർ ബാറ്ററിയെയും ഫോണിനെയും ബാധിക്കും.ചാർജ് ചെയ്യുമ്പോൾ ഫോണിന്റെ പ്രൊട്ടക്റ്റീവ് കെയ്‌സ് നീക്കം ചെയ്യണം. ബാറ്ററി ചെറുതായി ചൂടാകുന്നത് സ്വാഭാവികമാണ്, പക്ഷേ കേസ് ഒരു തടസ്സമായി പ്രവർത്തിക്കുകയും ചൂട് പുറത്ത് പോകുന്നത് മന്ദഗതിയിൽ ആക്കുകയും ചെയ്യും. പറ്റുമെങ്കിൽ ഫോൺ മറിച്ചിട്ട് ചാർജ് ചെയ്യുക. ഡിസ്പ്ലേ സംരക്ഷിക്കാൻ അടിയിൽ ഒരു മൃദുവായ തുണി വയ്ക്കുക.
എല്ലായ്‌പ്പോഴും ഫാസ്റ്റ് ചാർജർ ഉപയോഗിക്കുന്നത് നല്ലതല്ല
എല്ലായ്‌പ്പോഴും ഫാസ്റ്റ് ചാർജർ ഉപയോഗിക്കുന്നത് നിങ്ങളുടെ ബാറ്ററിയുടെ ആരോഗ്യത്തിന് നല്ലതായിരിക്കില്ല. ഫാസ്റ്റ് ചാർജ് വഴിയുള്ള ചാർജ ചെയ്യുമ്പോൾ നിങ്ങളുടെ ബാറ്ററിയിലേക്ക് കൂടുതൽ വോൾട്ടേജ് ചെല്ലുന്നു. ഇത് കാരണം ഹീറ്റ് കൂടും. നിങ്ങളുടെ ഫോൺ ബാറ്ററി ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്നതല്ലെങ്കിൽ ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് ചാർജ് ചെയ്യരുത്.
നിങ്ങളുടെ ഫോൺ അസാധാരണമായി ചൂടാകുന്ന സാഹചര്യമുണ്ടായാൽ ഡിസ്‌പ്ലേ സ്വിച്ച് ഓഫ് ആകുന്നത് വരെ ഉടൻ തന്നെ പവർ ബട്ടൺ കുറച്ച് സെക്കന്റുകൾ അമർത്തിപ്പിടിക്കുക. പവർ അപ്പ് ചെയ്യുന്നതിന് മുമ്പ്, റൂം താപനിലയിലേക്ക് മടങ്ങാൻ ഉപകരണത്തെ അനുവദിക്കുക.
നിങ്ങൾ ചാർജ് ചെയ്യുമ്പോഴെല്ലാം, നിങ്ങളുടെ ബാറ്ററി കുറഞ്ഞത് 80% ചാർജിൽ എത്തുന്നുവെന്ന് ഉറപ്പാക്കുക. ഇത് എല്ലായ്പ്പോഴും പരമാവധി ടോപ്പ് അപ്പ് ചെയ്യേണ്ട ആവശ്യമില്ല.
നിങ്ങൾ പ്ലഗ് ഇൻ ചെയ്യുന്നതിനുമുമ്പ് ബാറ്ററി 20% വരെ ഡിസ്ചാർജ് ചെയ്യാൻ അനുവദിക്കുക. സ്ഥിരവും അനാവശ്യവുമായ റീചാർജുകൾ ബാറ്ററിയുടെ ആയുസ്സ് കുറയ്ക്കുന്നു. മറുവശത്ത്, ബാറ്ററിയുടെ എല്ലാ ശക്തിയും നഷ്ടപ്പെടുന്നത് ഒഴിവാക്കുക.
പവർബാങ്കുമായി ബന്ധിപ്പിച്ചിരിക്കുന്ന സമയത്ത് സ്‌മാർട്ട്‌ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുക
നിങ്ങളുടെ ഹാൻഡ്‌സെറ്റ് പവർബാങ്കുമായി ബന്ധിപ്പിച്ചിരിക്കുമ്പോൾ അത് ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഈ മോഡിൽ ഉപകരണം ഉപയോഗിക്കുന്നത് ആന്തരിക താപനില വർദ്ധിപ്പിക്കുകയും ബാറ്ററിയുടെ ആയുസ്സ് കുറയ്ക്കുകയും ചെയ്യും.
0 comments: