2022, ഫെബ്രുവരി 18, വെള്ളിയാഴ്‌ച

നിങ്ങളുടെ പഴയ ഫോണുകൾ ഇനി ഫ്ലിപ്പ്കാർട്ടിലും വിൽക്കാം; പുതിയ സെൽ ബാക്ക് പ്രോഗ്രാം

ഫ്ലിപ്പ്കാർട്ട് പുതിയ സെൽ ബാക്ക് പ്രോഗ്രാം പ്രഖ്യാപിച്ചു. ഉപഭോക്താക്കൾക്ക് പഴയ സ്മാർട്ട്ഫോണുകൾ വിൽക്കാനുള്ള സൗകര്യവുമായി ആണ് ഫ്ലിപ്പ്കാർട്ട് ഇപ്പോൾ എത്തിയിരിക്കുന്നത്. ഫോൺ വിറ്റാൽ പണം ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്സ് ഗിഫ്റ്റ് വൗച്ചറായി ആണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. ഡൽഹി, കൊൽക്കത്ത, പാറ്റ്ന തുടങ്ങി 1700 - ഓളം സ്ഥലങ്ങളിൽ ഇപ്പോൾ ഈ സൗകര്യം ലഭ്യമാണ്.

ഫ്ലിപ്പ്കാർട്ട് പുറത്ത് വിടുന്ന വിവരം അനുസരിച്ച് നിലവിൽ ഫോണുകൾക്ക് മാത്രമാണ് ഈ സൗകര്യം ഇപ്പോഴുള്ളത്.  എന്നാൽ ഉടൻ തന്നെ കൂടുതൽ സാധനങ്ങൾക്ക് കൂടി ഈ സൗകര്യം ഒരുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പ് പഴയ സാധനങ്ങൾ വിൽക്കാൻ ഉപയോഗിക്കുന്ന റീ കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ യാന്ത്ര ഏറ്റെടുത്തതിനെ തുടർന്നാണ് പുതിയ പ്രഖ്യാപനവുമായി ഫ്ലിപ്പ്ക്കാർട്ട് രംഗത്തെത്തിയിരിക്കുന്നത്.

ഐഡിസിയുടെ റിപ്പോർട്ടുകൾ പ്രകാരം എല്ലാ വർഷവും ഏകദേശം 125 മില്യൺ ഉപയോഗം കഴിഞ്ഞ ഫോണുകളാണ് ഇന്ത്യയിൽ ഉള്ളത്. എന്നാൽ ഇതിൽ 20 മില്യൺ ഫോണുകൾ മാത്രമാണ് വിപണിയിൽ എത്തുന്നത്. ബാക്കിയെല്ലാം ഇ വേസ്റ്റ് ആയി മാറുകയാണ് പതിവ്. ഇത്തരത്തിൽ വൻ തോതിൽ ഉണ്ടാകുന്ന ഇ വേസ്റ്റുകളുടെ അളവ് കുറയ്ക്കാനാണ് ഫ്ലിപ്പ്കാർട്ട് പുതിയ പദ്ധതിയുമായി എത്തിയിരിക്കുന്നത്.

ഫ്ലിപ്പ്കാർട്ടിന്റെ പുതിയ പ്രോഗ്രാം അനുസരിച്ച് ഉപഭോക്താക്കൾക്ക് പഴയ ഫോണുകൾ വിറ്റ് ആ പണം കൊണ്ട് പുതിയ ഉപകരണങ്ങൾ വാങ്ങാം. എന്നാൽ നിങ്ങൾക്ക് ഈ തുക പണമായി ലഭിക്കുകയില്ല. ഈ സൗകര്യം ഇതിനോട് അകം തന്നെ ആരംഭിച്ചിട്ടുണ്ട്. ഇത് ഉപയോഗിക്കാനായി ഫ്ലിപ്പ്ക്കാർട്ട് ആപ്പിൽ ഉള്ള സെൽ ബാക്കെന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ ഫോണുകളെ കുറിച്ചുള്ള വിവരങ്ങൾ പങ്ക് വെച്ചാൽ നിങ്ങളുടെ ഫോണിന് എത്ര രൂപ ലഭിക്കുമെന്ന് ഫ്ലിപ്പ്ക്കാർട്ട് അറിയിക്കും.

ഇതിന് ശേഷം 48 മണിക്കൂറിനുള്ളിൽ  നിങ്ങളുടെ ഫോണുകൾ വാങ്ങാനായി ഫ്ലിപ്പ്ക്കാർട്ട് എക്സിക്യുട്ടീവ് എത്തും. നിങ്ങൾ ഫോണിനെ കുറിച്ച് നൽകിയ വിവരങ്ങൾ ശരിയാണെന്ന് സ്ഥിരീകരിച്ചാൽ ഉടൻ തന്നെ നിങ്ങളുടെ അക്കൗണ്ടിലേക്ക് ഫ്ലിപ്പ്ക്കാർട്ട് ഇലക്ട്രോണിക്സ് വൗച്ചർ ലഭിക്കും. ഈ വൗച്ചർ നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഫ്ലിപ്പ്കാർട്ടിൽ ഉപയോഗിക്കാം.

0 comments: