നിങ്ങള്‍ ഇതുവരെ വൈദ്യുതി ബില്ലടച്ചിട്ടില്ല. ഇന്ന് രാത്രി 9.30ന് വൈദ്യുതി വിച്ഛേദിക്കും', തങ്ങളുടെ പേരില്‍ ഫോണിലെത്തുന്ന വ്യാജസന്ദേശത്തിനെതിരെ മുന്നറിയിപ്പുമായി കെ.എസ്.ഇ.ബി. വൈകിട്ട് മൂന്ന് മണിക്ക് ശേഷം വൈദ്യുതി വിച്ഛേദിക്കില്ലെന്ന് വ്യക്തമാക്കി കെ.എസ്.ഇ.ബി ജാഗ്രതാ എസ്.എം.എസ് കാമ്പയിനും ആരംഭിച്ചു.
ആറുമാസത്തിനിടെ രണ്ടാംതവണയാണ് തട്ടിപ്പ് സംബന്ധിച്ച് പരാതി ഉയരുന്നത്. ഏറ്റവുമൊടുവില്‍ കോട്ടയത്തെ അദ്ധ്യാപികയുടെ വീട്ടിലാണ് തട്ടിപ്പിന് ശ്രമം നടന്നത്. തട്ടിപ്പിന് പിന്നില്‍ അന്യസംസ്ഥാന റാക്കറ്റാണെന്നാണ് സൂചന. ഇതിനെതിരെ കെ.എസ്.ഇ.ബി ചെയര്‍മാന്‍ പൊലീസിലും സൈബര്‍ വിഭാഗത്തിലും പരാതി നല്‍കി. കൂടുതല്‍ പ്രചാരണപരിപാടികള്‍ക്കും കെ.എസ്.ഇ.ബി തയ്യാറെടുക്കുന്നുണ്ട്.
അതേസമയം, ഉപഭോക്താക്കളുടെ വിവരങ്ങള്‍ എവിടെ നിന്ന് ചോരുന്നെന്ന് അധികൃതര്‍ക്കും അറിയില്ല. വിളിക്കുന്നവരുടെ നമ്പറിന് പിന്നാലെ പോയാല്‍ പശ്ചിമ ബംഗാളുള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ വിലാസമാണ് ലഭിക്കുന്നത്. 2020 മുതലാണ് ഇത്തരം തട്ടിപ്പുകള്‍ ആരംഭിച്ചത്.
വ്യാജ നമ്പറിൽ വിളിച്ചാല്‍ തട്ടിപ്പുറപ്പ്
എല്ലാ മുന്‍കരുതലുകളും മറന്ന് ആളുകള്‍ വ്യാജ സന്ദേശത്തിലെ നമ്പറിലേക്കു ഫോണ്‍ ചെയ്യുമ്പോഴാണ് തട്ടിപ്പ് തുടങ്ങുന്നത്. നല്‍കിയിരിക്കുന്ന നമ്പറിൽ ബന്ധപ്പെട്ടാല്‍ ഇംഗ്ലീഷ് അല്ലെങ്കില്‍ ഹിന്ദി ഭാഷകളിലാകും മറുപടി. 'നിങ്ങളടച്ച പണം കെ.എസ്.ഇ.ബിയില്‍ കിട്ടിയില്ല, അതുകൊണ്ട് വേഗം വിവരങ്ങള്‍ പരിശോധിക്കണം. അതിനായി മൊബൈല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും ആവശ്യപ്പെടും'. പണം ആവശ്യപ്പെടാതെ ഉപഭോക്താവിന്റെ വിലാസവും കണ്‍സ്യൂമര്‍ നമ്പറു മടക്കമുള്ള വിവരങ്ങള്‍ പറയും. അതോടെ ഉപഭോക്താക്കള്‍ തട്ടിപ്പുകാരെ വിശ്വസിക്കും. തുടര്‍ന്ന് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുമ്ബോഴുള്ള സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ക്ക് അനുവാദം നല്‍കുന്നതോടെ ഫോണിലെ വിവരങ്ങള്‍ തട്ടിപ്പുകാര്‍ക്കു ലഭിക്കും.'വൈകിട്ട് മൂന്നിന് ശേഷം ഒരു കെ.എസ്.ഇ.ബി ജീവനക്കാരനും ബില്ലിന്റെ കാര്യം പറഞ്ഞ് വരില്ല. ആരെങ്കിലും വന്നാല്‍ അടുത്തുള്ള കെ.എസ്.ഇ.ബി ഓഫീസില്‍ ബന്ധപ്പെടണം. ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കണം. തട്ടിപ്പ് ശ്രമങ്ങള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്'.
0 comments: