നിലവിലെ നിർദ്ദേശം പ്രകാരം, ബിരുദാനന്തര ബിരുദമുള്ള വിദ്യാർത്ഥികളെപ്പോലെ തന്നെ, കുറഞ്ഞത് 7.5 സിജിപിഎയോടുകൂടി നാല് വർഷ ബിരുദം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കും പിഎച്ച്ഡി പ്രവേശനത്തിന് യോഗ്യത ലഭിക്കും. പ്രവേശന പ്രക്രിയയിൽ മാറ്റങ്ങളൊന്നും ഉണ്ടാവില്ലെങ്കിലും, 2020ലെ ദേശീയ വിദ്യാഭ്യാസനയത്തിന്റെ അടിസ്ഥാനത്തിൽ എം ഫിൽ കോഴ്‌സുകൾ നിർത്തലാക്കുകയും നാല് വർഷ ബിരുദ കോഴ്‌സുകൾ ആരംഭിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ യോഗ്യതാ മാനദണ്ഡങ്ങളിൽ വേണ്ട ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്.
"പിഎച്ച്ഡി ബിരുദം നൽകുന്നതിനുള്ള കുറഞ്ഞ യോഗ്യത സംബന്ധിച്ച നിർദ്ദേശങ്ങൾ നടപ്പിൽ വരുത്തുന്നതിനായി യുജിസി ഒരു കരടുരേഖ തയ്യാറാക്കിയിട്ടുണ്ട്. പ്രസ്തുത രേഖ യുജിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്", ഔദ്യോഗിക പ്രസ്താവനയിലൂടെ യുജിസി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് പൊതുസമൂഹത്തിന്റെ ഭാഗത്ത് നിന്നുമുള്ള നിർദ്ദേശങ്ങളും പ്രതികരണങ്ങളുംമാർച്ച് 31നകം സമർപ്പിക്കണമെന്നും യുജിസി അറിയിച്ചിട്ടുണ്ട്.
2020ലെ ദേശീയ വിദ്യാഭ്യാസനയത്തിന്റെ അടിസ്ഥാനത്തിൽ വിവിധ കോളേജുകളും സർവകലാശാലകളും നാല് വർഷ ബിരുദ കോഴ്‌സുകൾ ആരംഭിക്കും. കോഴ്സ് പൂർത്തീകരിക്കുന്ന വിദ്യാർത്ഥികൾക്ക് ഓണേഴ്‌സ് ബിരുദവും ഒപ്പം ഗവേഷണത്തിൽ ഡിഗ്രിയും ലഭിക്കും. പിഎച്ച്ഡിയുടെ കുറഞ്ഞ കാലാവധി മൂന്ന് വർഷത്തിൽ നിന്ന് രണ്ടു വർഷമായി കുറയ്‌ക്കണമെന്നും യുജിസി ശുപാർശ ചെയ്തിട്ടുണ്ട്. എന്നാൽ, പരമാവധി കാലാവധി ആറു വർഷമായി തുടരാനാണ് നിർദ്ദേശം.
രാജ്യത്തെ ഉന്നതവിദ്യാഭ്യാസ രംഗത്തെ മെച്ചപ്പെടുത്തുന്നതാണ് പുതിയ നിർദ്ദേശങ്ങളെന്ന് യുജിസി ചെയർപേഴ്‌സൺ ജഗദിഷ് കുമാർ അഭിപ്രായപ്പെട്ടു. പുതുതായി ആരംഭിച്ച നാല് വർഷ ബിരുദ കോഴ്‌സുകളിലൂടെ ഒന്നിലധികം വിഷയങ്ങളെ കൂട്ടിയിണക്കി ഗവേഷണം നടത്താനോ അല്ലെങ്കിൽ അവസാന വർഷം ഒരു പ്രത്യേക വിഷയത്തിൽ തന്നെ കേന്ദ്രീകരിച്ച് പഠനം പൂർത്തിയാക്കാനോ ഉള്ള അവസരമാണ് വിദ്യാർത്ഥികൾക്ക് ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മികച്ച രീതിയിൽ നാല് വർഷ ബിരുദപഠനം പൂർത്തിയാക്കുന്നവർക്ക് പിച്ച്ഡി പ്രവേശനത്തിനുള്ള യോഗ്യതയും നേടാൻ കഴിയും.
കുറഞ്ഞത് 55 ശതമാനം മാർക്കോടുകൂടി എം.ഫിൽ ബിരുദം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് തുടർന്നും പിഎച്ച്ഡി പ്രവേശനത്തിന് യോഗ്യതയുണ്ടാകും. നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (NET), ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (JRF) എന്നിവ പാസാവുന്ന വിദ്യാർത്ഥികൾക്കായി ഉന്നതവിദ്യാഭ്യാസ മേഖലയിലെ ആകെ സീറ്റുകളിൽ 60 ശതമാനം സംവരണം ചെയ്യാനും യുജിസി നിർദ്ദേശിച്ചിട്ടുണ്ട്. അവശേഷിക്കുന്ന 40 ശതമാനം സീറ്റുകളിൽ സർവകലാശാലകൾ പ്രത്യേകമായോ പൊതുവായോ നടത്തുന്ന പ്രവേശന പരീക്ഷകളുടെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നേടാം. NET/JRF നേടിയ മത്സരാർത്ഥികൾക്ക് പ്രവേശന പരീക്ഷയിൽ പങ്കെടുക്കാതെ നേരിട്ട് അഭിമുഖ പരീക്ഷയിലോ വൈവയിലോ പങ്കെടുത്ത് പ്രവേശനം നേടാവുന്നതാണ്.
0 comments: