2022, മാർച്ച് 10, വ്യാഴാഴ്‌ച

കളിയും ചിരിയും കലര്‍ത്തി ഇനി പഠിക്കാം

 


കട്ടപ്പന :കളിയിലൂടെ കൂട്ടിയും കിഴിച്ചും ഇനി കണക്ക് പഠിക്കാം.ചങ്ങാത്തം കൂടി മലയാളവും പഠിക്കാം.പ്രാഥമിക പഠനം ആസ്വാദ്യകരമാക്കുന്ന വിവിധ പാഠ്യപദ്ധതികള്‍ക്ക് ജില്ലയിലെ സ്‌കൂളുകളില്‍ തുടക്കമാകുകയാണ്. ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ ജില്ലയിലെ സര്‍ക്കാര്‍ എയ്ഡഡ് മേഖലകളിലെ 1 മുതല്‍ 4 വരെ ക്ലാസുകളിലെ കുട്ടികള്‍ക്കായാണ് പദ്ധതി നടപ്പാക്കുന്നത്.ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികള്‍ക്കായി ''ഉല്ലാസ ഗണിതം ''മൂന്ന്  നാല് ക്ലാസുകളിലെ കുട്ടികള്‍ക്കായി ''ഗണിത വിജയം '' എന്നീ പഠന പദ്ധതികളാണ് കണക്ക് വിഷയത്തില്‍ നടപ്പാക്കാന്‍ ഒരുങ്ങുന്നത്.പുതിയ പഠന പദ്ധതികള്‍ക്കായി എട്ടോളം ഉപകരണങ്ങള്‍ വരും.അവയില്‍ കൂടുതലും വിവിധ വലിപ്പത്തിലുള്ള ഗെയിം കാര്‍ഡുകളാണ്. കളികളിലൂടെ പഠിക്കാന്‍ ഉദ്ദേശിക്കുന്ന ഉത്തരത്തില്‍ എത്തി ചേരും വിധമാണ് മിക്ക കളികളുടെയും ക്രമീകരണം

ബി.ആര്‍.സി നേതൃത്വത്തിലുള്ള അധ്യാപകരാണ് ഓരോ പഞ്ചായത്തിന് കീഴിലും സ്‌കൂളുകളില്‍ അധ്യാപകര്‍ക്ക് ആദ്യ ഘട്ടം പരിശീലനം നല്‍കുക. നിലവില്‍ ഓണ്‍ലൈനായി മാത്രമായിട്ടാണ് പരിശീലനം നല്‍കിയത്. തിങ്കളാഴ്ച മുതല്‍ ഇത്തരം പഠനോപകരണങ്ങള്‍ ഓരോ സ്‌കൂളിനും ആവശ്യമുള്ളത് തരം തിരിച്ച്‌ ബി.ആര്‍.സി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ എത്തിച്ചിരുന്നു.ഇനി ഇവ പഠിപ്പിക്കേണ്ടത് സംബന്ധിച്ച്‌ ബി.ആര്‍.സി അധ്യാപകരുടെ നേതൃത്വത്തില്‍ സ്‌കൂളുകളില്‍ എത്തി ആദ്യഘട്ട പരിശീലനം നല്‍കും.

• ഉല്ലാസത്തിലൂടെ ഗണിതം പഠിയ്ക്കാം

പ്രാഥമിക വിദ്യാഭ്യാസം നേടുന്ന കുട്ടികള്‍ക്ക് ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്ന വിഷയം കണക്കാണ്.സങ്കലന, വ്യവകലന പട്ടിക മുതല്‍ തുടങ്ങുന്ന കണക്ക് പഠിത്തം കൂടുതല്‍ എളുപ്പത്തില്‍മനസ്സിലാക്കിയെടുക്കുന്നതിനാണ് 'ഉല്ലാസ ഗണിതം ' ആവിഷ്‌കരിച്ചിരിക്കുന്നത്. ലളിതമായ കളികളിലൂടെ കുട്ടികള്‍ക്ക് സംഖ്യകള്‍ മനസ്സിലാക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നത്.

കളിയും ചങ്ങാത്തവും കൂടെ മലയാളവും

നാലു വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് മലയാളം വായിക്കുന്നതിനും ആശയം ഗ്രഹിക്കുന്നതിനുമായി രൂപികരിച്ച പദ്ധതിയാണ് '' വായനാചങ്ങാത്തം ''പലതരം കളികളിലൂടെയും ചിത്രങ്ങളിലൂടെയും അക്ഷരങ്ങളുടെ ലോകത്തേയ്ക്ക് കുട്ടികളെ എത്തിച്ച്‌ പിന്നാലെ വായന വളര്‍ത്തിയെടുക്കുന്നതിനുള്ള പദ്ധതിയാണിത്.ഗുണകരമായ നടത്തിപ്പും രക്ഷിതാക്കളുടെ പിന്തുണയും കുട്ടികളുടെ പങ്കാളിത്വവും കൂടിയുണ്ടായാല്‍ വായനാ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ശ്വാശ്വത പരിഹാരമാവുമെന്നാണ് ബി.ആര്‍.സി പ്രതിനിധികളുടെ വിലയിരുത്തല്‍.

കണക്കും മലയാളവും കൂടാതെ ഇംഗ്ലീഷ് പഠനം ഈസിയാക്കാന്‍ ''ഹലോ ഇംഗ്ലീഷ്' ''ഹിന്ദി പഠന സഹായത്തിനായി ''സുരീലി ഹിന്ദി എന്നിവയും ആവിഷ്‌കരിച്ചിട്ടുണ്ട്

0 comments: