2022, മാർച്ച് 23, ബുധനാഴ്‌ച

'മിനിമം ചാര്‍ജ് 12 രൂപയാക്കണം'; ഇന്ന് അര്‍ധരാത്രി മുതല്‍ സ്വകാര്യ ബസ് പണിമുടക്ക്


സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ സ്വകാര്യ ബസ് പണിമുടക്ക്. ചാര്‍ജ് വര്‍ധന അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ചാണ് ബസ് ഉടമകളുടെ സംയുക്ത സമരസമിതി പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത് അനിശ്ചിതകാലത്തേക്കാണ് പണിമുടക്ക്.

ബസ് ചാര്‍ജ് വര്‍ധന ഉടന്‍ നടപ്പാക്കണമെന്നും അല്ലാതെ മുന്നോട്ടുപോകാന്‍ കഴിയില്ലെന്നുമാണ് ബസ് ഉടമകള്‍ പറയുന്നത്. അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച്‌ ബസ് ഉടമകള്‍ ഗതാഗത മന്ത്രി ആന്റണി രാജുവിനു നോട്ടിസ് നല്‍കിയിരുന്നു. മിനിമം യാത്രാനിരക്ക് 12 രൂപയായി ഉയര്‍ത്തണമെന്നാണ് പ്രധാന ആവശ്യം. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ വര്‍ധിപ്പിക്കണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെടുന്നു.

അതേസമയം, പരീക്ഷ കാലമായതിനാല്‍ വിദ്യാര്‍ത്ഥികളെ പരിഗണിക്കാതെ ബസുടമകള്‍ സമരത്തിലേക്ക് പോകുമെന്ന് കരുതുന്നില്ലെന്ന് ഗതാഗത മന്ത്രി പറഞ്ഞു. ബസ് ഉടമകള്‍ ഉന്നയിക്കുന്ന ആവശ്യം ന്യായമാണെന്നാണു മന്ത്രി ആന്റണി രാജു നേരത്തെ വ്യക്തമാക്കിയിരുന്നു. നിരക്ക് വര്‍ധനവ് ഉടനെയുണ്ടാകുമെന്നും എന്നാല്‍ എന്നു മുതലാണെന്നു പറയാനാകില്ലെന്നും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

പൊതുജനങ്ങളെ ബാധിക്കുന്ന വിഷയമായതിനാല്‍ പെട്ടെന്ന് തീരുമാനമെടുക്കാന്‍ കഴിയില്ല. ജനങ്ങളുടെ മേല്‍ അമിതഭാരം ഇല്ലാതെയുള്ള ചാര്‍ജ് വര്‍ധനവാണ് സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന സമവായം.ചര്‍ച്ചകള്‍ നടക്കുകയാണ്. എല്ലാവരെയും തൃപ്തിപ്പെടുത്തിക്കൊണ്ടുള്ള തീരുമാനം ഉണ്ടകുമെന്നും മന്ത്രി പറഞ്ഞിരുന്നു.

വിദ്യാര്‍ത്ഥികളുടെ കണ്‍സഷനില്‍ തീരുമാനമാകാത്തത് ആണ് യാത്ര നിരക്ക് വര്‍ധിപ്പിക്കുന്നതില്‍ കാലതാമസത്തിന് കാരണമെന്നാണ് മനസിലാകുന്നത്. വിദ്യാര്‍ത്ഥികളുടെ നിരക്ക് മിനിമം ചാര്‍ജിന്റെ പകുതിയായ ആറ് രൂപയായും വര്‍ധിപ്പിക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. വിദ്യാര്‍ഥികളുടെ നിരക്ക് അഞ്ച് രൂപയാക്കി ഉയര്‍ത്താമെന്ന് ബസ് വ്യവസായം സംബന്ധിച്ച്‌ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മറ്റി നിര്‍ദേശിച്ചത്. എന്നാല്‍ ഒരു രൂപ പോലും ഉയര്‍ത്താന്‍ സമ്മതിക്കില്ല എന്നാണ് വിദ്യാര്‍ത്ഥി സംഘടനകളുടെ നിലപാട്.

0 comments: