2022, മാർച്ച് 19, ശനിയാഴ്‌ച

ഇനി 'ചില്ലറത്തര്‍ക്കങ്ങള്‍' വേണ്ട; കെഎസ്‌ആര്‍ടിസിയില്‍ സ്മാര്‍ട്ട് കാര്‍ഡ് ഉടനെത്തുന്നു

 

കെഎസ്‌ആര്‍ടിസി യാത്രയും സ്മാര്‍ട്ടാവുന്നു. സ്മാര്‍ട്ട് കാര്‍ഡ് സൗകര്യം ഉടനെ ബസുകളില്‍ ഉപയോ​ഗിച്ച്‌ തുടങ്ങും.ചില്ലറയുടെ പേരിലെ തര്‍ക്കങ്ങള്‍ ഉള്‍പ്പെടെയുള്ള തലവേദനകള്‍ക്ക് സ്മാര്‍ട്ട് കാര്‍ഡുകളിലൂടെ പരിഹാരമാവും.

സ്മാര്‍ട്ട് കാര്‍ഡുകള്‍ ഉപയോഗിക്കാനുള്ള ഇലക്‌ട്രോണിക് ടിക്കറ്റ് മെഷീനുകള്‍ എറണാകുളം കെഎസ്‌ആര്‍ടിസി ഓഫീസില്‍ എത്തിക്കഴിഞ്ഞു. സ്മാര്‍ട്ട് കാര്‍ഡ് എടുത്ത് അതില്‍ പണം ചേര്‍ത്ത് ചാര്‍ജ് ചെയ്താല്‍ ബസുകളില്‍ യാത്ര ചെയ്യാന്‍ അവ ഉപയോഗിക്കാം. ആദ്യഘട്ടത്തില്‍ സ്കാനിയ, സൂപ്പര്‍ഫാസ്റ്റ് ബസുകളിലായിരിക്കും ഇത്‌ നടപ്പിലാക്കുക. 55 മെഷീനുകളാണ് എറണാകുളത്ത് എത്തിച്ചിട്ടുള്ളത്.

ഓണ്‍ലൈന്‍ വഴി കാര്‍ഡിലേക്ക് പണം ഇടാം

യാത്രക്കാര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ് എടുത്തു കഴിഞ്ഞാല്‍ ഓണ്‍ലൈന്‍ വഴി കാര്‍ഡിലേക്ക് പണം ഇടാം. കണ്ടക്ടറുടെ കൈയില്‍ പണം നല്‍കിയാലും അത് കാര്‍ഡിലേക്ക് ചാര്‍ജ് ചെയ്യാന്‍ സാധിക്കും. ടിക്കറ്റ് കൊടുത്ത് തീരുന്നതിലെ കാലതാമസം തുടങ്ങിയവ ഇതോടെ മാറുമെന്നാണ് പ്രതീക്ഷ.

ഫോണ്‍ പേ ആണ് ഏജന്‍സി. ഓരോ ബസിന്റെയും കിലോമീറ്റര്‍ അടിസ്ഥാനത്തിലുള്ള വരുമാനം, ഓരോ ട്രിപ്പിനുമുള്ള വരുമാനം എന്നിവയും അറിയാനാവും. ബസിലെ ജിപിഎസ് സംവിധാനങ്ങളോട് മെഷിന്‍ ബ്ലൂ ടൂത്ത് വഴി ബന്ധിപ്പിക്കുന്നുണ്ട്. ഇത് മേലധികാരികള്‍ക്ക് യാത്ര കൃത്യമായി വിലയിരുത്താന്‍ എളുപ്പമാകും.

0 comments: