2022, മാർച്ച് 1, ചൊവ്വാഴ്ച

അധ്യാപികയ്ക്ക് ഒരുലക്ഷം രൂപ‌ നഷ്ടമായി; തട്ടിപ്പ് KSEB ബില്‍ ഉപയോഗിച്ച്‌

 കെഎസ്‌ഇബി ബില്ലിന്‍റെ പേരിലും ഓണ്‍ലൈന്‍ തട്ടിപ്പ് . ഇരയായത് കോട്ടയത്തെ അധ്യാപിക.തട്ടിപ്പ് സംഘത്തിന്റെ കെണിയില്‍പെട്ട് ഇവര്‍ക്ക് നഷ്ടമായത് ഒരു ലക്ഷത്തിലേറെ രൂപയാണ്. എന്നിട്ടും വിടാതെ പിന്തുടര്‍ന്ന സംഘം അക്കൗണ്ടിലെ വലിയ തുക ലക്ഷ്യമിട്ട് നേരിട്ട് വീട്ടിലുമെത്തി. ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം സംസാരിച്ചത് ഇംഗ്ലീഷും ഹിന്ദിയുമെങ്കില്‍ വീട്ടിലെത്തിയ ആള്‍ മലയാളത്തിലാണ് സംസാരിച്ചത്.

കഴിഞ്ഞ മാസത്തെ വൈദ്യുതി ബില്‍ അപ്ഡേറ്റ് ആയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി അധ്യാപികയുടെ ഭര്‍ത്താവിന്‍റെ മൊബൈലിലേക്ക് എസ്‌എംഎസ് വന്നതോടെയാണ് തട്ടിപ്പിന്‍റെ തുടക്കം. ഈ സന്ദേശത്തില്‍‌ കണ്ട നമ്പറിലേക്കു അധ്യാപിക വിളിച്ചപ്പോള്‍ എനിഡെസ്ക് (AnyDesk)എന്ന മൊബൈല്‍ സ്ക്രീന്‍ ഷെയര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെട്ടു. കെഎസ്‌ഇബി കണ്‍സ്യൂമര്‍ നമ്പറും  പറഞ്ഞ് കൊടുത്ത് അപരന്‍ വിശ്വാസ്യത നേടി.‌

ബില്ലിലെ പ്രശ്നം തീര്‍ക്കാന്‍ വെറും പത്ത് രൂപ അടയ്ക്കാനായിരുന്നു നിര്‍ദേശം. ബാങ്ക് എസ്‌എംഎസ് വന്നില്ലെന്ന പേരില്‍ രണ്ട് എടിഎം കാര്‍ഡുകളില്‍ നിന്ന് പത്ത് രൂപ അടപ്പിച്ചു. ഈ സമയം കൊണ്ട് രണ്ട് കാര്‍ഡിന്‍റെ വിവരങ്ങള്‍ എനി ഡെസ്ക് ആപ്പ് വഴി സ്വന്തമാക്കിയ ഓണ്‍ലൈന്‍ കള്ളന്‍ പണം തട്ടിയെടുത്തു. കാര്‍ഡുവഴിയുള്ള പണം പിന്‍വലിക്കല്‍ പരിധി 50,000 രൂപയായത് കൊണ്ട് കൂടുതല്‍ പണം പോയില്ല. പക്ഷേ ഒരു അക്കൗണ്ടില്‍ ഉണ്ടായിരുന്ന വലിയ തുക ലക്ഷ്യമിട്ട സംഘാംഗം അധ്യാപികയുടെ വീട്ടിലെത്തി. ഇയാള്‍ സംസാരിച്ചത് മലയാളത്തിലാണെന്ന് അധ്യാപിക പറയുന്നു.

കെഎസ്‌ഇബിക്കും ഉപഭോക്താവിനും മാത്രമറിയാവുന്ന കണ്‍സ്യൂമര്‍ നമ്പർ , ഈ തട്ടിപ്പ് സംഘത്തിന് എങ്ങനെ കിട്ടിയെന്നാണ് വ്യക്തമല്ലാത്തത്. പണം അക്കൗണ്ടില്‍ നിന്ന് നഷ്ടമായിട്ടും ബാങ്കില്‍ നിന്ന് എന്തുകൊണ്ട് എസ്‌എംഎസ് വന്നിട്ടുമില്ല എന്നതാണ് എല്ലാവരെയും കുഴക്കുന്നത്. ഓണ്‍ലൈന്‍ തട്ടിപ്പിന് പിന്നില്‍‌ ഉത്തരേന്ത്യന്‍ സംഘമാണെന്ന സംശയം ഉയരുമ്ബോഴും വീട്ടിലെത്തിയ മലയാളി ആരെന്ന ചോദ്യവും ബാക്കിയാകുന്നു.

0 comments: