2022, ഏപ്രിൽ 20, ബുധനാഴ്‌ച

പുതുക്കിയ കെഎസ്ആർടിസി ടിക്കറ്റ് നിരക്ക് ഇങ്ങനെ: ഫാസ്റ്റ് പാസഞ്ചറിൽ മിനിമം 15 രൂപ, സൂപ്പറിന് 22

                                           


തിരുവനന്തപുരം∙ കെഎസ്ആർടിസിയുടെ വിവിധ സർവീസുകളിലെ ടിക്കറ്റ് നിരക്ക് പുതുക്കിയ വിവരങ്ങൾ ഗതാഗത മന്ത്രിയുടെ ഓഫിസ് പുറത്തുവിട്ടു. മേയ് ഒന്നു മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും. എന്നാൽ സൂപ്പർ എക്സ്പ്രസ് മുതലുള്ള സൂപ്പർ ക്ലാസ് സർവീസുകളിൽ മിനിമം ചാർജ് വർധന ഇല്ല, അവ നിലവിലെ നിരക്ക് തുടരും.

• ഓർഡിനറി ബസുകളിൽ മിനിമം ചാർജ് 8 നിന്ന് 10 രൂപയായി ഉയർത്തി. കിലോമീറ്റർ നിരക്ക് 90 പൈസയിൽനിന്ന് ഒരു രൂപ. എന്നാൽ കുറഞ്ഞ ദൂരം 2.5 കിലോമീറ്റർ എന്നതിൽ മാറ്റമില്ല.

• സിറ്റി ഫാസ്റ്റ് സർവീസുകളുടെ നിരക്ക് 10 രൂപയിൽനിന്ന് 12 രൂപയാക്കി.

• ഫാസ്റ്റ് പാസഞ്ചർ, ലിമിറ്റഡ് സ്റ്റോപ് ബസുകളിൽ മിനിമം ടിക്കറ്റ് നിരക്ക് 14 രൂപയിൽ നിന്നു 15 രൂപയായി ഉയർത്തി. കിലോമീറ്റർ ചാർജ് 105 പൈസ.

• സൂപ്പർ ഫാസ്റ്റ് സർവീസുകളിൽ മിനിമം ചാർജ് 20 രൂപയിൽനിന്നു 22 രൂപയാക്കി. കിലോമീറ്റർ നിരക്ക് 108 പൈസ.

• എന്നാൽ ലോ ഫ്ലോർ നോൺ എസി ജൻറം ബസുകൾക്കു നിലവിലുള്ള മിനിമം ചാർജ് 13 രൂപയിൽ നിന്ന് 10 രൂപയായി കുറച്ചു.

കെഎസ്ആർടിസി മിനിമം നിരക്കുകൾ ഒറ്റനോട്ടത്തിൽ (പഴയ നിരക്ക് ബ്രാക്കറ്റിൽ കൊടുത്തിരിക്കുന്നു)

• ഓർഡിനറി– 10 (08)

• സിറ്റി ഫാസ്റ്റ് പാസഞ്ചർ– 12 (10)

• ഫാസ്റ്റ് പാസഞ്ചർ– 15 (14)

• സൂപ്പർ ഫാസ്റ്റ് പാസഞ്ചർ– 22 (20)

• സൂപ്പർ എക്സ്പ്രസ്– 28

• സൂപ്പർ എയർ എക്സ്പ്രസ്– 35

• സൂപ്പർ ഡീലക്സ്– 40

• എസി ലക്‌ഷ്വറി– 60

• വോൾവോ (സിംഗിൾ ആക്സിൽ)–60

• മൾട്ടി ആക്സിൽ–100

• ജൻറം എസി–26

• ജൻറം നോൺ എസി–10 (13)

• എസി സ്ലീപ്പർ– 130

ഡീലക്സ്, സ്ലീപ്പർ

സൂപ്പർ എയർ എക്സ്പ്രസിന്റെ കിലോമീറ്റർ നിരക്ക് 2 പൈസ കുറച്ച് മിനിമം സഞ്ചരിക്കാവുന്ന ദൂരം 10 കിലോമീറ്ററിൽനിന്ന് 15 ആയി കൂട്ടിയതിനാൽ നിരക്ക് കുറയും. കൂടാതെ സൂപ്പർ ഡീലക്സ് ബസുകളിൽ മിനിമം ചാർജ് നിലനിർത്തി കിലോമീറ്റർ നിരക്കിൽ 5 പൈസ കുറച്ചു. മാത്രമല്ല മൾട്ടി ആക്സിൽ സെമി സ്ലീപ്പറിൽ മിനിമം ചാർജ് നിലനിർത്തി കിലോമീറ്റർ നിരക്കിൽ 25 പൈസ കുറച്ചു. കൂടാതെ ജൻറം ലോ ഫ്ലോർ എസി ബസുകളുടെ കിലോമീറ്റർ നിരക്ക് 12 പൈസ കുറച്ചു. എന്നാൽ സിംഗിൾ ആക്സിൽ എയർ കണ്ടിഷൻഡ്, ഹൈടെക്ക്‌, വോൾവോ സിംഗിൾ ആക്സിൽ ബസുകളുടെ നിരക്കിൽ മാറ്റമില്ല. കൂടാതെ സിറ്റി സർക്കുലർ, സിറ്റി ഷട്ടിൽ എന്നിവയുടെ നിരക്ക് ഓർഡിനറിക്ക് തുല്യമാകും.

നേരിയ വർധന: മന്ത്രിയുടെ ഓഫിസ്

ബസ് ചാർജ് കൂട്ടിയെങ്കിലും ഫെയർ സ്റ്റേജിലെ അപാകതകൾ പരിഹരിച്ചതിനാൽ പല റൂട്ടുകളിലും ചാർജ് കുറയുമെന്നാണ് നിഗമനം. എന്നാൽ യാത്രക്കാർക്ക് വലിയ ഭാരമാകാത്ത രീതിയിൽ നാമമാത്രമായാണ് ചാർജ് പരിഷ്കരിച്ചതെന്ന് ഗതാഗത മന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഇപ്രകാരം ഓർഡിനറി നിരക്കിന്റെ അനുപാതത്തിൽ നേരിയ മാറ്റമാണ് ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ക്ലാസിലെ ബസുകളിൽ വരുത്തിയിട്ടുള്ളത്. കൂടാതെ സൂപ്പർ എക്സ്പ്രസ് ബസുകളിൽ കിലോമീറ്റർ നിരക്ക് 110 പൈസയായി കൂടുമ്പോഴും മിനിമം ചാർജ് 35 രൂപയായി നില നിർത്തി സഞ്ചരിക്കാവുന്ന ദൂരം 15 കിലോമീറ്ററായി ഉയർത്തിയതിനാൽ ബസ് ചാർജിൽ കാര്യമായ മാറ്റം വരില്ല.

0 comments: