2022, ഏപ്രിൽ 27, ബുധനാഴ്‌ച

CAT ഇല്ലാതെയും വിവിധ IIMകളില്‍ പ്രവേശനം നേടാം: അറിയേണ്ടതെല്ലാം

 

എംബിഎ (MBA) ബിരുദം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളുടെ സ്വപ്‌നമാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ (IIM) പ്രവേശനം നേടുക എന്നത്. ഇതിനായി ദേശീയ തലത്തിലെ ഏറ്റവും പ്രയാസമേറിയ പരീക്ഷകളിലൊന്നായ കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിന് (CAT) ഹാജരാകണം. എഴുത്ത് അഭിരുചി പരീക്ഷ (WAT) പാസാകുന്നവര്‍ക്ക് പ്രമുഖ കോളേജുകളില്‍ സീറ്റ് ലഭിക്കുന്നതിന് ഗ്രൂപ്പ് ഡിസ്‌കഷനും (GD) വ്യക്തിഗത അഭിമുഖവും (PI) നേരിടേണ്ടി വരും. എന്നാൽ രാജ്യത്തെ മികച്ച ബിസിനസ് സ്‌കൂളുകളില്‍ പ്രവേശനം നേടാൻ മറ്റ് ചില വഴികളുമുണ്ട്. അത്തരത്തിലുള്ള വ്യത്യസ്ത പ്രവേശന വഴികള്‍ പരിശോധിക്കാം:

ജിപ്മാറ്റ് (JIPMAT)

രാജ്യത്തെ ഐഐഎമ്മുകളില്‍ പ്രവേശനം തേടാന്‍ വിദ്യാര്‍ത്ഥികള്‍ ഇനി ബിരുദം പൂര്‍ത്തിയാക്കാന്‍ കാത്തിരിക്കേണ്ടതില്ല. മികച്ച ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ 12-ാം ക്ലാസിനു ശേഷം ചേരാവുന്ന ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ മാനേജ്മെന്റ് (IPM) വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് വര്‍ഷത്തെ ഇന്റഗ്രേറ്റഡ് കോഴ്സുകള്‍ പഠിക്കാനും രണ്ട് ബിരുദങ്ങള്‍ നേടാനും കഴിയും. മൂന്ന് വർഷത്തെ ബിബിഎയും രണ്ട് വർഷത്തെ എംബിഎയും അടങ്ങുന്നതാണ് കോഴ്സ്.

ഐഐഎം ജമ്മു, ഐഐഎം ബോധ് ഗയ, ഐഐഎം റോഹ്തക്, ഐഐഎം ഇന്‍ഡോര്‍ എന്നിവയുള്‍പ്പെടെ നിരവധി ഐഐഎമ്മുകളില്‍ ഇത്തരം പ്രോഗ്രാമുകളുണ്ട്. ഈ കോളേജുകളില്‍ പ്രവേശനം നേടുന്നതിനായി വിദ്യാര്‍ത്ഥികള്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (NTE) നടത്തുന്ന ജോയിന്റ് ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ മാനേജ്മെന്റ് ടെസ്റ്റ് (JIPMAT) പാസാകേണ്ടതുണ്ട്. നേരത്തെ ഐഐഎം ഇന്‍ഡോറും റോഹ്തക്കും മാത്രമാണ് ജിപ്മാറ്റ് വഴി ഇന്റഗ്രേറ്റഡ് കോഴ്സിലേക്ക് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചിരുന്നത്. പിന്നീട്, 2021 ല്‍ ഐഐഎം റാഞ്ചി, ജമ്മു, ബോധ് ഗയ എന്നീ കോളേജുകളും പ്രോഗ്രാം അവതരിപ്പിച്ചു.

ജീമാറ്റ്

ഒരു വര്‍ഷത്തെ എംബിഎ കോഴ്‌സിനായി ഐഐഎമ്മുകള്‍ അവരുടെ ഗ്രാജ്വേറ്റ് മാനേജ്മെന്റ് അഡ്മിഷന്‍ ടെസ്റ്റ് (GMAT) സ്‌കോറിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. ഈ കോഴ്സുകള്‍ക്ക് അപേക്ഷിക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ ബിരുദം പൂര്‍ത്തിയാക്കിയിരിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് ഐഐഎം അഹമ്മദാബാദ്, ഐഐഎം ബാംഗ്ലൂര്‍, കൊല്‍ക്കത്ത, ഇന്‍ഡോര്‍, കോഴിക്കോട്, ലഖ്നൗ എന്നിവിടങ്ങളില്‍ സ്‌കോര്‍ അടിസ്ഥാനമാക്കി പ്രവേശനം നേടാം.

ഓണ്‍ലൈന്‍ കോഴ്സുകള്‍

 പ്രവേശന പരീക്ഷകള്‍ കൂടാതെ നിരവധി ഐഐഎമ്മുകള്‍ വിദ്യാര്‍ത്ഥികള്‍ക്കും ജോലി ചെയ്യുന്ന പ്രൊഫഷണലുകള്‍ക്കും ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റും ഡിപ്ലോമ കോഴ്‌സുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് Coursera, edX പോലുള്ള ഇ-ലേണിംഗ് പ്ലാറ്റ്ഫോമുകള്‍ സന്ദര്‍ശിച്ചും ഐഐഎമ്മുകളുടെ ഔദ്യോഗിക വെബ്സൈറ്റുകള്‍ സന്ദര്‍ശിച്ചും ഈ കോഴ്സുകളില്‍ ചേരാം. ഒരു വര്‍ഷമാണ് ഇത്തരം കോഴ്‌സുകളുടെ കാലാവധി. ഐഐഎം കല്‍ക്കട്ടയുടെ മാനേജ്മെന്റ് സയന്‍സ്, ഐഐഎം അഹമ്മദാബാദിന്റെ ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റ്, ഐഐഎം ജമ്മുവിന്റെ മെഷീന്‍ ലേണിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.


0 comments: