2022, ഏപ്രിൽ 26, ചൊവ്വാഴ്ച

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പതിനൊന്നാം ഗഡു ഈ തീയതിയിൽ അക്കൗണ്ടിലെത്തും


രാജ്യത്തിന് വേണ്ടി ചെറുത്ത് നിന്ന് സുരക്ഷ ഒരുക്കുന്ന സെനികരെ പോലെ അറുതിക്കും വിശപ്പിനും അധ്വാനത്തിലൂടെ പ്രതിരോധം തീർക്കുന്നവരാണ് കർഷകർ. എന്നാൽ, കാലാവസ്ഥയും പ്രകൃതിക്ഷോഭങ്ങളും മറ്റും കർഷകരുടെ എതിരാളികളാകുമ്പോൾ, അന്നദാതാക്കളായ കർഷകർ അറുതിയിലേക്ക് പോകുന്നു. രാജ്യത്തിന്റെ സാമൂഹിക- സാമ്പത്തിക രംഗങ്ങളുടെ നട്ടെല്ലായ കർഷകർ ദുരിതത്തിലാവാതെ, ഇവർക്ക് സാമ്പത്തികമായി പിന്തുണ നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതിയാണ് പിഎം കിസാൻ സമ്മാൻ നിധി യോജന .പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജന പ്രകാരം രാജ്യത്തെ ചെറുകിട നാമമാത്ര കര്‍ഷക കുടുംബങ്ങള്‍ക്ക് 6,000 രൂപ വർഷം തോറും ലഭിക്കുന്നു. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന ഈ ബൃഹത്ത് പദ്ധതി കര്‍ഷകരുടെ അക്കൗണ്ടിലേക്ക് 2000 രൂപ വീതം മൂന്ന് ഗഡുക്കളായി നേരിട്ട് കൈമാറുന്നു.

ഇപ്പോഴിതാ, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയിൽ നിന്നും വരുന്ന ഏറ്റവും പുതിയ വാർത്ത കർഷകർക്ക് സന്തോഷമേകുന്നതാണ്. അതായത്, പിഎം കിസാൻ പദ്ധതിയുടെ 11-ാം ഗഡു വിനായി ഇനി അധികം കാത്തിരിക്കേണ്ട. പദ്ധതിയുടെ 12 കോടി 50 ലക്ഷം ഗുണഭോക്താക്കൾക്ക് ഉടൻ പുതിയ ഗഡു ലഭിക്കുന്നതാണ്. 11-ാം ഗഡു ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള മാസങ്ങളിൽ കർഷകരുടെ അക്കൗണ്ടിലെത്തിയേക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ കഴിഞ്ഞ വർഷത്തെ പോലെ ഇത്തവണയും മെയ് മാസത്തിൽ തന്നെ ഗഡു ലഭിക്കുമെന്നാണ് ഏറ്റവും പുതിയ വിവരം.11-ാം ഗഡു മെയ് 3ന് റിലീസ് ചെയ്യുമെന്നാണ് സൂചന. പദ്ധതിയിൽ അംഗമാകാൻ യോഗ്യരായ കർഷകർക്ക് ഈ തുക കൈമാറുന്നതിനായുള്ള ആർഎഫ്ടി അഥവാ അപേക്ഷയിൽ സംസ്ഥാന സർക്കാരുകൾ ഒപ്പുവച്ചിട്ടുണ്ടെന്നാണ് പുതിയ വാർത്ത.

മെയ് 3 അക്ഷയ തൃതീയ ദിനത്തിൽ 11-ാം ഗഡു പ്രധാനമന്ത്രി മോദി തന്നെ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ വർഷവും മെയ് 15നായിരുന്നു പിഎം കിസാൻ പദ്ധതിയുടെ ഗഡു റിലീസ് ചെയ്തിരുന്നത്.നിങ്ങളും പദ്ധതിയുടെ ഉപഭോക്താവാണെങ്കിൽ, നിങ്ങളുടെ ഗഡുവിന്റെ നിലവിലെ അപ്‌ഡേറ്റ് എന്താണെന്ന് അറിയാൻ നിങ്ങളുടെ പിഎം കിസാൻ അക്കൗണ്ട് പരിശോധിക്കണം. അതായത്, നിങ്ങളുടെ പിഎം കിസാൻ അക്കൗണ്ടിൽ 11-ാം ഗഡുവിനായി ഒപ്പിട്ട RFT കാണുകയാണെങ്കിൽ, തുക നിങ്ങളുടെ അക്കൗണ്ടിലേക്ക് ഉടൻ ക്രെഡിറ്റ് ചെയ്യുമെന്നത് മനസിലാക്കുക.എന്നിരുന്നാലും, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ തുക ലഭിക്കാനായി നിങ്ങൾ e- KYC അപ്ഡേറ്റ് ചെയ്തിട്ടുണ്ടോ എന്നത് ഉറപ്പ് വരുത്തണം. 


0 comments: