2022, ഏപ്രിൽ 26, ചൊവ്വാഴ്ച

നീറ്റ് പരീക്ഷ മാറ്റിവെയ്ക്കണമെന്ന് വിദ്യാര്‍ഥികള്‍

 

സമൂഹമാധ്യമങ്ങളില്‍ വീണ്ടും ട്രെന്‍ഡിങ്ങായി നീറ്റ് പരീക്ഷ. ജൂലൈ 17ന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് ഒരു വിഭാഗം വിദ്യാര്‍ഥികള്‍ രംഗത്തെത്തിയത്. പരീക്ഷയ്ക്ക് തയ്യാറെടുപ്പ് നടത്താന്‍ വേണ്ടത്ര സമയമില്ലെന്നത് ചൂണ്ടിക്കാട്ടിയാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം. നീറ്റ് പരീക്ഷകള്‍ സെപ്റ്റംബര്‍ വരെ നടത്തരുതെന്നാണ് ഇവരുടെ ആവശ്യം. 

ജൂണിലാണ് ബോര്‍ഡ് പരീക്ഷകള്‍ അവസാനിക്കുന്നത്. ഒരു മാസത്തിനുള്ളില്‍ നീറ്റ് പരീക്ഷയ്ക്ക് പൂര്‍ണമായും തയ്യാറെടുപ്പ് നടത്താനാകില്ലെന്നാണ് വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നത്. ഇതിനെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. എന്നാല്‍ പരീക്ഷ മാറ്റിവെയ്ക്കുന്ന വിഷയത്തില്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ ) ഇതുവരെ പ്രതികരിച്ചിട്ടില്ല. 

ജൂലായ് 17ന് നടക്കുന്ന നീറ്റ് പ്രവേശന പരീക്ഷക്കുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍  ആരംഭിച്ചിരുന്നു. മെയ് ആറ് വരെയാണ് അപേക്ഷിക്കാന്‍ സമയം അനുവദിച്ചത്. 13 ഭാഷകളില്‍ പരീക്ഷ എഴുതാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരമുണ്ട്. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, ആസാമി, ബംഗാളി, ഗുജറാത്തി, കന്നഡ, മറാത്തി, ഉര്‍ദു, തമിഴ് ഉള്‍പ്പെടെയുള്ള ഭാഷകളിലാണ് പരീക്ഷ എഴുതാനാവുക. 


0 comments: