2022, മേയ് 25, ബുധനാഴ്‌ച

പ്ലസ് ടു വിദ്യാർത്ഥികൾക്കായി ബിറ്റ്സാറ്റ് ;അപേക്ഷ ക്ഷണിച്ചു.

 

ശാസ്ത്ര, സാങ്കേതിക വിഷയങ്ങളിലെ പഠനഗവേഷണങ്ങൾക്കു കീർത്തിയാർജിച്ച ബിറ്റ്‌സിന്റെ പിലാനി, ഗോവ, ഹൈദരാബാദ് ക്യാംപസുകളിൽ ഇന്റഗ്രേറ്റഡ് ഫസ്റ്റ് ഡിഗ്രി പ്രോഗ്രാമുകളിലെ ഒന്നാം സെമസ്റ്റർ പ്രവേശനം ലക്ഷ്യമാക്കി ‘ബിറ്റ്‌സാറ്റ്’ (BITSAT–2022) എന്ന കംപ്യൂട്ടറൈസ്ഡ് ഓൺലൈൻ പരീക്ഷയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു. സർവകലാശാലാ പദവിയുള്ള സ്‌ഥാപനമാണ് ബിറ്റ്‌സ്.

പ്രോഗ്രാമുകൾ

എ) പിലാനി ക്യാംപസ്:

ബിഇ – കെമിക്കൽ, സിവിൽ, കംപ്യൂട്ടർ സയൻസ്, ഇലക്‌ട്രിക്കൽ & ഇലക്‌ട്രോണിക്‌സ്, ഇലക്‌ട്രോണിക്‌സ് & ഇൻസ്‌ട്രുമെന്റേഷൻ, ഇലക്‌ട്രോണിക്‌സ് & കമ്യൂണിക്കേഷൻ, മെക്കാനിക്കൽ, മാനുഫാക്‌ചറിങ്

ബിഫാം

എംഎസ്‌സി – ബയളോജിക്കൽ സയൻസസ്, കെമിസ്ട്രി, ഇക്കണോമിക്സ്, മാത്‌സ്, ഫിസിക്സ്, ജനറൽ സ്റ്റഡീസ്

ബി) ഗോവ ക്യാംപസ്:

ബിഇ – കെമിക്കൽ, കംപ്യൂട്ടർ സയൻസ്, ഇലക്‌ട്രോണിക്‌സ് & കമ്യൂണിക്കേഷൻ, ഇലക്‌ട്രിക്കൽ & ഇലക്‌ട്രോണിക്‌സ്, ഇലക്‌ട്രോണിക്‌സ് & ഇൻസ്‌ട്രുമെന്റേഷൻ, മെക്കാനിക്കൽ.

എംഎസ്‌സി – ബയളോജിക്കൽ സയൻസസ്, കെമിസ്ട്രി, ഇക്കണോമിക്സ്, മാത്‌സ്, ഫിസിക്സ്

സി) ഹൈദരാബാദ് ക്യാംപസ്:

ബിഇ – കെമിക്കൽ, സിവിൽ, കംപ്യൂട്ടർ സയൻസ്, ഇലക്‌ട്രോണിക്‌സ് .& കമ്യൂണിക്കേഷൻ, ഇലക്‌ട്രിക്കൽ .& ഇലക്‌ട്രോണിക്‌സ്, ഇലക്‌ട്രോണിക്‌സ് .& ഇൻസ്‌ട്രുമെന്റേഷൻ, മെക്കാനിക്കൽ

ബിഫാം

എംഎസ്‌സി – ബയളോജിക്കൽ സയൻസസ്, കെമിസ്ട്രി, ഇക്കണോമിക്സ്, മാത്‌സ്, ഫിസിക്സ്

(എംഎസ്‌സിക്കു ചേരുന്നവർക്ക് ഒന്നാം വർഷം അവസാനം നടത്തുന്ന ബിറ്റ്സ് പരീക്ഷയിൽ മികവു തെളിയിച്ച് എൻജിനീയറിങ് ഇരട്ട ബിരുദത്തിനു ചേരാൻ സൗകര്യമുണ്ട്)

പ്രവേശന യോഗ്യത

ഫിസിക്സ്, കെമിസ്ട്രി, മാത്‌സ് എന്നിവയ്‌ക്ക് മൊത്തം 75%, ഇവയിലോരോന്നിനും 60% എന്നീ ക്രമത്തിലെങ്കിലും മാർക്കോടെ 2022ൽ പ്ലസ്‌ടു ജയിക്കുന്നവർക്കും 2021ൽ പ്ലസ്‌ടു ജയിച്ചവർക്കും ആണ് യോഗ്യത. ബിഫാമിനു മാത്‌സിന്റെ സ്‌ഥാനത്തു ബയോളജി നന്ന്. മാത്‌സുകാരെയും പരിഗണിക്കും. ഏതെങ്കിലും ബിറ്റ്‌സ് ക്യാംപസിൽ ഇപ്പോൾ പഠിക്കുന്നവർ അപേക്ഷിക്കേണ്ടതില്ല.

ബിറ്റ്‌സാറ്റിലെ പ്രകടനത്തിലെ മികവു മാത്രം അടിസ്‌ഥാനമാക്കിയാണു പ്രവേശനം. ഏതെങ്കിലും കേന്ദ്ര / സംസ്ഥാന ബോർഡിന്റെ 2022ലെ പ്ലസ്‌ടുപരീക്ഷയിൽ ഒന്നാം റാങ്ക് കരസ്‌ഥമാക്കിയവർക്ക് ഇഷ്ടപ്പെട്ട പ്രോഗ്രാമിൽ ബിറ്റ്‌സാറ്റ് സ്കോർ നോക്കാതെ തന്നെ പ്രവേശനം നൽകും. ഇവർ 12ലെ പരീക്ഷയിൽ മേൽസൂചിപ്പിച്ച ക്രമത്തിലെങ്കിലും മാർക്ക് നേടിയിരിക്കണം. ഈ ബോർ‍ഡ് ടോപ്പേഴ്സ് സ്കീമിന്റെ വിശദാംശങ്ങൾ ജൂലൈ 10ന് സൈറ്റിൽ വരും.

ടെസ്റ്റ് ശൈലി

ഇത്തവണ 2 സെഷനുകളിൽ പരീക്ഷ നടത്തും. ഇവയിലെ മെച്ചമായ സ്കോർ റാങ്കിങ്ങിനു പരിഗണിക്കും. ഒന്നാം സെഷൻ ജൂൺ 20 മുതൽ 26 വരെ. രണ്ടാം സെഷൻ ജൂലൈ 22 മുതൽ 26 വരെ. രണ്ടിനും ചേർത്ത് ആദ്യം തന്നെ അപേക്ഷിക്കാം. ആദ്യത്തേതിനു മാത്രം അപേക്ഷിച്ചിട്ട് ടെസ്റ്റിനു ശേഷം വേണമെങ്കിൽ രണ്ടാമത്തേതിനും അപേക്ഷിക്കാം.

പക്ഷേ ഒരു സെഷനിൽ 2 പ്രാവശ്യം എഴുതാൻ കഴിയില്ല. ആദ്യത്തെ സെഷന് അപേക്ഷിക്കാത്തവരെ രണ്ടാം സെഷന് അപേക്ഷിക്കാൻ അനുവദിക്കില്ല.

നിർദിഷ്‌ട പരീക്ഷാകേന്ദ്രത്തിൽ കംപ്യൂട്ടറിന്റെ മുന്നിലിരുന്ന് മൾട്ടിപ്പിൾ ചോയിസ് ഒബ്‌ജെക്‌റ്റീവ് ചോദ്യങ്ങൾക്ക് മൗസോ കീബോർഡോ ഉപയോഗിച്ച് ഉത്തരം നൽകാം. 130 ചോദ്യങ്ങളുള്ള പരീക്ഷ 180 മിനിറ്റ് നീണ്ടുനിൽക്കും. ഒരിക്കൽ നൽകിയ ഉത്തരം തിരുത്താൻ സൗകര്യമുണ്ട്. ഫിസിക്‌സ് (30 ചോദ്യം), കെമിസ്‌ട്രി (30), ഇംഗ്ലിഷ് പ്രാവീണ്യം (10), യുക്‌തിചിന്ത (20), ബിഫാമിനുള്ള മാത്‌സ് / ബയോളജി (40).

ശരി ഉത്തരത്തിന് 3 മാർക്ക്. തെറ്റിന് ഒരു മാർക്ക് കുറയ്‌ക്കും. അതിസമർഥരെ തിരിച്ചറിയാനായി 12 അധികചോദ്യങ്ങൾക്ക,് ചില നിബന്ധനകൾക്കു വിധേയമായി, ഉത്തരമെഴുതാനുള്ള സൗകര്യവുമുണ്ട്. ഓരോ ചോദ്യത്തിനും നേർക്ക് നാല് ഉത്തരങ്ങൾ. വെബ്‌സൈറ്റിലെ ബ്രോഷറിൽ സിലബസുണ്ട്. പഠനത്തിന് 11, 12 ക്ലാസുകളിലെ എൻസിഇആർടി പുസ്‌തകങ്ങൾ ഉപയോഗിക്കാം.

അപേക്ഷ

www.bitsadmission.com എന്ന സൈറ്റിൽ ഓൺലൈനായി ജൂൺ 10 വരെ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റെടുത്തു സൂക്ഷിക്കുക. ഇത് തപാലിൽ അയയ്ക്കേണ്ട. പരീക്ഷാകേന്ദ്രം അലോട്ട് ചെയ്ത് അറിയിക്കും. എല്ലാവർക്കും ഒരുമിച്ചു പരീക്ഷ നടത്തുകയില്ല.  ആദ്യ സെഷനുള്ള ടെസ്റ്റ് ദിവസവും സ്ലോട്ടും തിരഞ്ഞെടുക്കാം. ഇതേ രീതിയിൽ രണ്ടാമത്തെ സെഷനുള്ള തീയതിക്രമവും ബ്രോഷറിലുണ്ട്.

ഓരോരുത്തർക്കും നിശ്‌ചയിച്ചു നൽകുന്ന സ്ഥലത്തും സമയത്തും ടെസ്‌റ്റിന് എത്തണം. ബിറ്റ്‌സ് ക്യംപസുകൾക്കു പുറമേ തിരുവനന്തപുരം, കൊച്ചി, കോയമ്പത്തൂർ, മംഗളൂരു, ബെംഗളൂരു, ചെന്നൈ, മുംബൈ, ഡൽഹി, ദുബായ് എന്നിവയടക്കം 62 പരീക്ഷാകേന്ദ്രങ്ങൾ. എല്ലാവർക്കും ഒരേ ചോദ്യങ്ങളല്ല. ടെസ്‌റ്റ് കഴിയുന്ന ഉടൻ കംപ്യൂട്ടറിൽ നിന്ന് സ്‌കോർ അറിയാം.

അപേക്ഷാ ഫീസ് 

ബിറ്റ്സാറ്റ് അപേക്ഷാ ഫീ 3400 രൂപ. പെൺകുട്ടികൾ 2900 രൂപ. രണ്ടാമതും ടെസ്റ്റെഴുതണമെങ്കിൽ 2000 രൂപ കുടി അടയ്ക്കണം; പെൺകുട്ടികൾ 1500 രൂപയും. ദുബായ് കേന്ദ്രത്തിലെഴുതേണ്ടവരെല്ലാം 7000 രൂപ. ദുബായിൽ 2 തവണയെഴുതാൻ 9000 രൂപ. പണമടയ്‌ക്കാനുള്ള വിശദ നിർദേശങ്ങൾ സൈറ്റിലുണ്ട്.

ഇപ്പറഞ്ഞ ബിറ്റ്‌സാറ്റ് അപേക്ഷയ്‌ക്കു പുറമേ, 12ലെ മാർക്കും, ആഗ്രഹിക്കുന്ന കേന്ദ്രങ്ങളുടെയും കോഴ്‌സുകളുടെയും മുൻഗണനാക്രമവും ഉൾപ്പെടുത്തി മറ്റൊരു അപേക്ഷ നിർദിഷ്ട ഫീ സഹിതം സമർപ്പിക്കണം. . ബിഫാമിനു മാത്രം തനതു ലിസ്റ്റ്.

0 comments: