2022, മേയ് 3, ചൊവ്വാഴ്ച

പാകം ചെയ്യുന്നത് മുതൽ വൈകി കഴിക്കുന്നത് വരെ അപകടമാകും; ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധ ഏൽക്കാനുള്ള സാധ്യതകൾ അറിയാം?



ഷവര്‍മ മലയാളികളുടെ ഇഷ്ട ഭക്ഷണമായി മാറിയിട്ട് വർഷങ്ങൾ ഏറെയായിട്ടില്ല. ഓട്ടോമന്‍ തുര്‍ക്കികളുടെ കേന്ദ്രമായിരുന്ന തുര്‍ക്കിയിലെ ബുര്‍സയാണ് ഷവര്‍മയെന്ന ഡോണര്‍ കബാബിന്റെ ജന്മനാട്. 1860 കളിലാണ് ഇത് പ്രചാരം നേടിയത്. അറേബ്യന്‍ നാടുകളുമായുള്ള നമ്മുടെ അടുത്ത ബന്ധത്തെ തുടർന്നാണ് അവിടങ്ങളില്‍ പ്രചാരമുള്ള ഷവര്‍മ നമ്മുടെ നാട്ടില്‍ എത്തുന്നതും നമ്മുടെ പ്രിയ ഭക്ഷണങ്ങളില്‍ ഒന്നായി മാറുന്നതും. അറേബ്യൻ നാടുകളിൽ ഒരിക്കൽപ്പോലും അപകടമുണ്ടാക്കാത്ത ഷവർമയെങ്ങനെ ഇവിടെമാത്രം വില്ലനാകുന്നു. ഈ ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. വൃത്തിയില്ലായ്മ തന്നെയാണ് പ്രധാന കാരണം.

ഭക്ഷ്യവിഷബാധ സാധ്യത

ഷവര്‍മ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഇറച്ചി ശരിയായ രീതിയില്‍ സൂക്ഷിക്കാത്തത് മുതല്‍ റോഡരികിലെ പാകം ചെയ്യലും മയണൈസിന് ഉപയോഗിക്കുന്ന കോഴിമുട്ടയുടെ തെരഞ്ഞെടുപ്പും വരെ ഷവര്‍മ വഴി ഭക്ഷ്യവിഷബാധ ഉണ്ടാവാന്‍ കാരണമാവുന്നു. അതീവശ്രദ്ധയോടെയും വൃത്തിയോടെയും പാകംചെയ്യേണ്ട ഭക്ഷണമാണ് ഷവര്‍മ. ഈ രണ്ടുകാര്യത്തിലുമുണ്ടാകുന്ന വീഴ്ചയാണ് ഷവര്‍മയെ പലപ്പോഴും വില്ലനാക്കുന്നത്. കുറച്ചുപേരുടെ അശ്രദ്ധ ആളുകളുടെ ജീവന് അപകടമുണ്ടാക്കുന്നതിനൊപ്പം നന്നായി പാകംചെയ്ത് വില്‍ക്കുന്നവര്‍ക്കുകൂടി ചീത്തപ്പേരുണ്ടാക്കുകയും ചെയ്യുന്നു.

ഇറച്ചി നന്നായി വെന്തില്ലെങ്കിൽ..

എല്ലു നീക്കി പാളികളായി മുറിച്ചു മൃദുവാക്കിയ ഇറച്ചി നീളമുള്ളൊരു കമ്പിയിൽ കോർത്ത് ഗ്രിൽ അടുപ്പിന് മുന്നിൽ വച്ചു വേവിച്ചെടുക്കുന്നതാണ് ഷവർമ. ആട്, പോത്ത് ഇറച്ചികളെല്ലാം ഷവർമയ്ക്ക് കൊള്ളാമെങ്കിലും ഇവിടെ ചിക്കനോടാണ് പ്രിയം. കോഴി ഇറച്ചിയില്‍ കൂടുതലായി കണ്ടുവരുന്ന ഒരു ബാക്ടീരിയയാണ് സാല്‍മൊണല്ല. 80 ഡ്രിഗ്രി ചൂടിലെങ്കിലും കോഴിയിറച്ചി വേവിച്ചാലേ ഈ ബാക്ടീരിയ നശിക്കുകയുള്ളൂ. കുറഞ്ഞ താപനിലയില്‍ വെന്ത ഇറച്ചി വഴി ബാക്ടീരിയ ശരീരത്തില്‍ പ്രവേശിക്കുന്നതാണ് ഭക്ഷ്യവിഷബാധയുടെ പ്രഥമ സാധ്യത. ഷവര്‍മ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഇറച്ചി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന രീതിയും വിഷബാധയ്ക്ക് കാരണമാവും. ഇറച്ചിയിലെ ബാക്ടീരിയ മറ്റ് ഭക്ഷണപദാർത്ഥങ്ങളിലേക്കും ഷവര്‍മയ്‌ക്കൊപ്പം കഴിക്കുന്ന സാലഡില്‍ ഉപയോഗിക്കുന്ന പച്ചക്കറികളിലേക്കും സാല്‍മൊണല്ല ബാക്ടീരിയ പടരാന്‍ ഇത് കാരണമാവുന്നു. റോഡരികില്‍ ഷവര്‍മ ഉണ്ടാക്കുന്നത് വഴി പൊടിപടലങ്ങളില്‍ ഇറച്ചിയില്‍ പറ്റിപ്പിടിക്കുന്നതും അണുബാധയക്ക് വഴിയൊരുക്കുന്നു.

വില്ലൻ ബോട്ടുലിനം ടോക്‌സിൻ

ബോട്ടുലിനം ടോക്‌സിൻ എന്ന വിഷാംശമാണ് ഷവർമയ്‌ക്കുള്ളിലെ മരണ കാരണമെന്ന് കരുതുന്നു. വീണ്ടും വീണ്ടും തണുപ്പിച്ചും ചൂടാക്കുകയും ചെയ്യുമ്പോഴും ഇറച്ചി പൂർണമായി വേവിക്കുന്നില്ല. ഈ അവസ്ഥയിൽ ഇറച്ചിയിൽ ക്ലോസ്‌ട്രിഡിയം ബാക്‌ടീരിയ ഉണ്ടാകുന്നു. ഇത്തരം ബാക്‌ടീരിയയാണ് ബോട്ടുലിനം ടോക്‌സിൻ നിർമിക്കുന്നത്. ഈ വിഷം ഉള്ളിൽച്ചെന്നാലുടൻ സ്‌കെലറ്റൻ മസിൽസ് തളർന്നു തുടങ്ങും. 12 മണിക്കൂറിനകം ഇതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങും.

ശ്രദ്ധിക്കേണ്ടവ

- ഇറച്ചി നന്നായി വെന്തില്ലെങ്കില്‍ ബാക്ടീരിയ നശിക്കില്ല.

- ബാക്കിവരുന്ന ഇറച്ചി അടുത്തദിവസം ഉപയോഗിക്കുന്നത് അപകടമാണ്.

-ഷവർമയുണ്ടാക്കുന്ന സ്ഥലം ചില്ലിട്ട് സൂക്ഷിക്കണം

-മാംസം ലൈസൻസുള്ള കടകളിൽ നിന്നു വാങ്ങണം

-മാംസം ഫ്രീസറിൽ 18 ഡിഗ്രിയിൽ സൂക്ഷിക്കണം.

-പച്ചക്കറികളും വേവിച്ച ഇറച്ചിയും ഒരുമിച്ച് സൂക്ഷിക്കരുത്.

-ഇറച്ചി തൂക്കിയിടുന്ന കമ്പി വൃത്തിയാക്കണം.

-ഷവര്‍മയ്ക്കൊപ്പമുള്ള സാലഡിലെ പച്ചക്കറികള്‍ കഴുകാതെ ഉപയോഗിക്കരുത്.

- ഉപ്പിലിട്ട മുളകും മറ്റും നല്‍കുമ്പോള്‍ അധികം പഴകിയതാവരുത്

-വെള്ളം അംഗീകൃത ലാബുകളിൽ പരിശോധിക്കണം

-ജീവനക്കാർ ശുചിത്വമുള്ള വസ്ത്രങ്ങൾ ധരിക്കണം

-ജീവനക്കാർക്ക് പകർച്ചവ്യാധി ഇല്ലെന്ന് ഉറപ്പാക്കണം.

-അതതു ദിവസത്തേയ്ക്കുള്ള ഷവർമ മാത്രം ഉണ്ടാക്കണം

-പ്ലേറ്റുകൾ ചൂടുവെള്ളത്തിൽ അണുനാശം വരുത്തണം

-മയണൈസ് ഒരുദിവസത്തേയ്ക്ക് മാത്രം ഉണ്ടാക്കണം

മയണൈസിനെ സൂക്ഷിക്കുക

ഷവര്‍മയ്‌ക്കൊപ്പം കഴിക്കുന്ന മയോണൈസ് മുട്ടയുപയോഗിച്ചാണ് ഉണ്ടാക്കുന്നത്. സാധാരണ നിലയില്‍ പാതിവെന്ത മുട്ടയാണ് ഉപയോഗിക്കേണ്ടത്. എന്നാല്‍, നമ്മുടെ നാട്ടില്‍ വ്യാപകമായി പച്ചക്കോഴിമുട്ടയാണ് ഉപയോഗിക്കാറ്. ഇത് സാല്‍മൊണെല്ല പടരാൻ കാരണമായേക്കാം. മയണൈസ് അധികസമയം തുറന്നുവെക്കുമ്പോള്‍ പൂപ്പല്‍ വരും. ഇത് ഫ്രിഡ്ജില്‍ സൂക്ഷിക്കണം. ഷവര്‍മ ഏറെനേരം കഴിഞ്ഞ് കഴിക്കുമ്പോഴും പ്രശ്‌നമുണ്ടാകാം.

ശുചിത്വം പ്രധാനം

ഏതുഭക്ഷണമായാലും വൃത്തിയില്ലാതെ സൂക്ഷിക്കുന്നതും പാകംചെയ്യുന്നതും അപകടമാണ്. നേരിട്ട് തീയില്‍ വേവിക്കാത്ത ഭക്ഷണമാണ് ഷവര്‍മ. അതുകൊണ്ട് നന്നായി വെന്തിട്ടുണ്ടെന്ന് ഉറപ്പാക്കണം.

0 comments: