2022, മേയ് 31, ചൊവ്വാഴ്ച

മറക്കരുത്, മാസ്‌കാണ് മുഖ്യം'; കരുതല്‍ വേണമെന്ന് ഓര്‍മ്മിപ്പിച്ച്‌ ആരോഗ്യമന്ത്രി

 

കോവിഡിന്റെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്ന വേളയില്‍, എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും മികച്ച അധ്യയന വര്‍ഷം ആശംസിച്ച്‌ മന്ത്രി വീണാ ജോര്‍ജ്.കോവിഡിന്റെ വ്യാപനം കുറഞ്ഞെങ്കിലും സംസ്ഥാനം ഇപ്പോഴും പൂര്‍ണ തോതില്‍ കോവിഡില്‍ നിന്നും മുക്തമല്ല. അതിനാല്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും കരുതല്‍ ആവശ്യമാണെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.

കുട്ടികളെ മാസ്‌ക് ധരിപ്പിച്ച്‌ മാത്രം സ്‌കൂളിലേയ്ക്ക് അയക്കുക. രോഗലക്ഷണങ്ങളുള്ളവര്‍ ആരും തന്നെ സ്‌കൂളില്‍ പോകരുത്. കുട്ടികളുടെ ആരോഗ്യസ്ഥിതി അധ്യാപകരും രക്ഷിതാക്കളും ദിവസവും ശ്രദ്ധിക്കണം. വാക്‌സിനെടുക്കാന്‍ ശേഷിക്കുന്ന 12 വയസിന് മുകളിലുള്ള മുഴുവന്‍ കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കണം. മഴക്കാലമായതിനാല്‍ പകര്‍ച്ചവ്യാധികള്‍ പകരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ആരോ​ഗ്യമന്ത്രി നിര്‍ദേശിച്ചു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • മാസ്‌ക് ധരിക്കാതെ ആരും തന്നെ സ്‌കൂളിലെത്തരുത്
  • നനഞ്ഞതോ കേടായതോ ആയ മാസ്‌ക് ധരിക്കരുത്
  • യാത്രകളിലും സ്‌കൂളിലും ആരും മാസ്‌ക് താഴ്ത്തി സംസാരിക്കരുത്.
  • കൈകള്‍ വൃത്തിയാക്കാതെ കണ്ണ്, മൂക്ക്, വായ് എന്നിവ സ്പര്‍ശിക്കരുത്.
  • പനി, ചുമ, ജലദോഷം, മൂക്കൊലിപ്പ്, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവരോ കോവിഡ് ബാധിച്ച ആരെങ്കിലും വീട്ടിലുള്ളവരോ ഒരു കാരണവശാലും സ്‌കൂളില്‍ പോകരുത്.
  • അധ്യാപകരും ജീവനക്കാരും രണ്ട് ഡോസ് വാക്‌സിനും എടുത്തിരിക്കണം
  • 12 വയസിന് മുകളിലുള്ള എല്ലാ വിദ്യാര്‍ത്ഥികളും വാക്‌സിനെടുക്കേണ്ടതാണ്
  • മഴക്കാലമായതിനാല്‍ പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാതെ ശ്രദ്ധിക്കണം
  • സ്‌കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുക
  • സ്‌കൂള്‍ പരിസരത്ത് വെള്ളം കെട്ടിനില്‍ക്കാന്‍ അനുവദിക്കരുത്
  • കൊതുകിന്റെ ഉറവിടം നശിപ്പിക്കാന്‍ മുന്‍കൈയെടുക്കണം
  • വെള്ളിയാഴ്ചകളില്‍ ഡ്രൈഡേ ആചരിക്കണം
  • പാഴ് വസ്തുക്കളും ആഹാര അവശിഷ്ടങ്ങളും വലിച്ചെറിയരുത്
  • തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാന്‍ കൊടുത്തുവിടുക
  • ടോയ്‌ലറ്റില്‍ പോയതിന് ശേഷം കൈകള്‍ സോപ്പും വെള്ളവും അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച്‌ വൃത്തിയാക്കുക.
  • വീട്ടിലെത്തിയ ശേഷം കൈകള്‍ സോപ്പിട്ട് കഴുകണം
  • എന്തെങ്കിലും രോഗലക്ഷണങ്ങളുണ്ടെങ്കില്‍ വീട്ടിലെ പ്രായമായവരോടും അസുഖബാധിതരോടും അടുത്തിടപഴകരുത്.
  • കുട്ടികള്‍ക്ക് പഠനത്തോടൊപ്പം മാനസിക പിന്തുണയും നല്‍കണം
  • മാതാപിതാക്കള്‍ കൂടുതല്‍ സമയം കുട്ടികളോടൊപ്പം സന്തോഷത്തോടെ കഴിയണം
  • എന്തെങ്കിലും ശാരീരികമോ മാനസികമോ ആയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടാല്‍ തൊട്ടടുത്ത ആരോഗ്യ പ്രവര്‍ത്തകരുമായോ ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പറുകളിലോ ഇ സഞ്ജീവനിയുമായോ ബന്ധപ്പെടേണ്ടതാണ്.

0 comments: