2022, മേയ് 9, തിങ്കളാഴ്‌ച

വിദേശത്തെ ജോലിക്ക് ഇനി പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് തരില്ല

 


വിദേശ രാജ്യങ്ങളിലെ ജോലിയാവശ്യത്തിനും മറ്റും സംസ്ഥാന പൊലീസ് ഇനി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ല.സ്വഭാവം നല്ലതാണെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള അവകാശം കേന്ദ്രസര്‍ക്കാരിന് മാത്രമാണെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനം പൊലീസും കൈക്കൊണ്ടത്. സംസ്ഥാന പൊലീസ് മേധാവി ഇതേക്കുറിച്ച്‌ സര്‍ക്കുലര്‍ ഇറക്കി.

'പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്' എന്നതിനുപകരം 'കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ല' എന്ന സര്‍ട്ടിഫിക്കറ്റാകും ഇനിനല്‍കുക. ഇതാകട്ടെ, സംസ്ഥാനത്തിനകത്തുള്ള ജോലിക്കായോ മറ്റോ മാത്രമാകും നല്‍കുക. ഈ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷകന്‍ ജില്ലാ പൊലീസ് മേധാവിക്കോ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കോ അപേക്ഷ നല്‍കണം.

മതിയായ കാരണങ്ങളുണ്ടെങ്കില്‍, നേരിട്ടല്ലാതെ മറ്റൊരാളെ ചുമതലപ്പെടുത്തിയും സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാം. 500 രൂപയാണ് ഫീസ്. അപേക്ഷ ലഭിച്ചാലുടന്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കും. അപേക്ഷകന്റെ പേരില്‍ ട്രാഫിക്, പെറ്റി കേസുകള്‍ ഒഴികെ ക്രിമിനല്‍കേസുണ്ടെങ്കില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കില്ല. പകരം, കേസ് വിവരങ്ങളടങ്ങിയ കത്ത് നല്‍കും. തെറ്റായ വിവരങ്ങളാണ് അപേക്ഷകന്‍ നല്‍കുന്നതെങ്കില്‍ സര്‍ട്ടിഫിക്കറ്റ് നിരസിക്കും.

കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലെ ഹൈക്കോടതിവിധിയുടെ അടിസ്ഥാനത്തിലാണ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍നിന്ന് പൊലീസ് പിന്‍വാങ്ങിയത്. ചിലരാജ്യങ്ങളില്‍ ജോലി ലഭിക്കണമെങ്കില്‍ സ്വഭാവം മികച്ചതാണെന്ന സര്‍ട്ടിഫിക്കറ്റ് വേണമെന്നു വന്നതോടെയാണ് ഹൈക്കോടതിയില്‍ ഹര്‍ജി വന്നത്.

ഈ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനോ സര്‍ക്കാര്‍ ചുമതലപ്പെടുത്തുന്നവര്‍ക്കോ മാത്രമേ അധികാരമുള്ളൂവെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. കുവൈത്തില്‍ ജോലിക്ക് ഇത്തരം സര്‍ട്ടിഫിക്കറ്റ് ആവശ്യമാണെന്നും റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസില്‍നിന്ന് ഇതുനല്‍കുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യം ഉദ്ധരിച്ചാണ് കേരള ഹൈക്കോടതി ഉത്തരവിറക്കിയത്.

ഇതിന്റെയടിസ്ഥാനത്തില്‍ സംസ്ഥാന പൊലീസ് മേധാവി ഇക്കാര്യങ്ങള്‍ വ്യക്തമാക്കി കഴിഞ്ഞദിവസം സര്‍ക്കുലര്‍ പുറത്തിറക്കി. ഇതോടെ വിദേശത്ത് ജോലിക്ക് പോകുന്നവര്‍ കേന്ദ്രസര്‍ക്കാറിന്റെ കണ്ണിലും നല്ലകു്ട്ടി ആകേണ്ട അവസ്ഥയിലാണ് കാര്യങ്ങള്‍. അതേസമയം ഇതിന് മുമ്ബ് വിദേശ രാജ്യങ്ങളിലെ ജോലിക്കായുള്ള പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് പാസ്‌പോര്‍ട്ട് ഓഫീസ് വഴിയും ലഭ്യമാക്കിയിരുന്നു.

പൊലീസ് ക്ലിയറന്‍സ്, പാസ്പോര്‍ട്ട് വെരിഫിക്കേഷന്‍ അപേക്ഷകളില്‍ കാലതാമസം പാടില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി നേരത്തെ തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നു. അപേക്ഷകളില്‍ കാലതാമസം ഉണ്ടാകുന്നില്ലന്ന് ഉറപ്പാക്കാന്‍ റേഞ്ച് ഡി.ഐ.ജി മാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. അപേക്ഷകള്‍ക്ക് അടിയന്തിര പ്രാധാന്യം നല്‍കണമെന്നും അപേക്ഷകളിന്മേല്‍ അന്വേഷണം നടത്തി കഴിയുന്നതും 48 മണിക്കൂറിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും ഡിജിപി അനില്‍ കാന്ത് വ്യക്തമാക്കി. ക്രിമിനല്‍ കേസുകളില്‍പെട്ടവര്‍, ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കുന്നവര്‍ എന്നിവരുടെ അപേക്ഷകളില്‍ സൂക്ഷ്മപരിശോധന നടത്തണമെന്നും ഡിജിപി അനില്‍ കാന്ത് പറഞ്ഞിരുന്നു.

0 comments: