2022, ജൂൺ 11, ശനിയാഴ്‌ച

ഇവിടെയും വിദേശ രാജ്യങ്ങളിലും ഏറ്റവും മികച്ച തൊഴിൽ സാധ്യതയുള്ള അലൈഡ് ഹെൽത്ത് സയൻസ് കോഴ്സുകൾ

 ആരോഗ്യമേഖലയിൽ അതിനൂതനമായ രോഗനിർണയ, ചികിത്സാ സംവിധാനങ്ങളാണ് ദിനംപ്രതി സജ്ജമായിക്കൊണ്ടിരിക്കുന്നത്. വൈദ്യശാസ്ത്രവും സാങ്കേതികവിദ്യയും കൈകോർത്തുള്ള ഈ കുതിച്ചുചാട്ടത്തിൽ വൈദ്യശാസ്ത്രരംഗത്ത് ജോലി ചെയ്യാൻ താൽപ്പര്യമുള്ള സാങ്കേതിക വൈദഗ്ധ്യമുള്ളവർക്കുള്ള തൊഴിൽ സാധ്യതകൾ വളരെയധികമാണ്.  അലൈഡ് ഹെൽത്ത് സയൻസ് കോഴ്സുകൾക്ക് ഇന്ന് സ്വീകാര്യതയേറുന്നതിന്റെ പ്രധാന കാരണവും ഇതുതന്നെ. ചികിത്സ, രോഗനിർണയം, രോഗമുക്തി, രോഗപ്രതിരോധം തുടങ്ങിയവയിലെല്ലാം ആവശ്യമായ മെഡിക്കൽ അനുബന്ധ  സേവനങ്ങൾ  നൽകുന്നതിന് വിദഗ്ധപരിശീലനം നേടിയവരാണ് അലൈഡ് ഹെൽത്ത് പ്രൊഫഷണലുകൾ. ഒരു രോഗിയുടെ ആരോഗ്യപരിപാലന കാര്യങ്ങളിൽ ഡോക്ടർമാർ, നഴ്‌സുമാർ, മറ്റ് ജീവനക്കാർ എന്നിവർക്കൊപ്പം തന്നെ അലൈഡ് ഹെൽത്ത് പ്രൊഫഷണലുകൾക്കും വളരെ പ്രധാനമായ പങ്കുണ്ട്.

ബി.എസ്.സി & എം.എസ്.സി ഫിസിഷ്യൻ അസിസ്റ്റന്റ്

എല്ലാ മെഡിക്കൽ സ്പെഷ്യാലിറ്റികളിലും രോഗനിർണയം, ചികിത്സ എന്നിവയിൽ അനുബന്ധ സേവനങ്ങൾ  നൽകുന്നതിന് ഔപചാരികമായി പരിശീലനം നേടുന്നവരാണ് ഫിസിഷ്യൻ അസിസ്റ്റന്റുമാർ. ഇവർ മെഡിക്കൽ ഹിസ്റ്ററി എടുക്കുകയും, രോഗികളുടെ പ്രാഥമിക പരിശോധന നടത്തുകയും, ലബോറട്ടറി പരിശോധനകൾക്കും എക്സ്-റേകൾക്കും നിർദേശം നൽകുകയും രോഗനിർണയത്തിനും ചികിത്സയ്ക്കുമായി ഡോക്ടർമാരെ സഹായിക്കുകയും ചെയ്യുന്നു. ഈ കോഴ്‌സ് പഠിച്ചിറങ്ങുന്നവർക്ക് ഫിസിഷ്യൻ അസിസ്റ്റന്റ്  ജോലിക്ക്  പുറമേ, മെഡിക്കൽ സോഫ്റ്റ്‌വെയർ സ്ഥാപനങ്ങൾ, ഫാർമസ്യൂട്ടിക്കൽ വ്യവസായ മേഖല, അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾ വികസിപ്പിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്ന സ്ഥാപനങ്ങൾ, മെഡിക്കൽ ടൂറിസം, മെഡിക്കൽ ഇൻഷുറൻസ് എന്നിവയിൽ വളരെയധികം ജോലി സാധ്യതകളുണ്ട്.

ബി.എസ്.സി & എം.എസ്.സി മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി

ക്ലിനിക്കൽ ലബോറട്ടറി ടെസ്റ്റുകൾ ഉപയോഗപ്പെടുത്തിയുള്ള രോഗനിർണയം, ചികിത്സ, പ്രതിരോധം എന്നിവയുമായി ബന്ധപ്പെട്ട ഒരു അലൈഡ് ഹെൽത്ത് സ്പെഷ്യാലിറ്റിയാണ് മെഡിക്കൽ ലബോറട്ടറി ടെക്നോളജി. മെഡിക്കൽ ലബോറട്ടറി പ്രൊഫഷണലുകൾക്ക് ജോലിസാധ്യതകൾ വളരെയേറെയാണ്. ആശുപത്രികൾ, ക്ലിനിക്കുകൾ, നഴ്‌സിംഗ് ഹോമുകൾ, പൊതുജനാരോഗ്യ കേന്ദ്രങ്ങൾ, കൊമേഴ്ഷ്യൽ ലബോറട്ടറികൾ എന്നിവയിലെല്ലാം യോഗ്യരായ ലബോറട്ടറി പ്രൊഫഷണലുകൾക്ക് മികച്ച ജോലിസാധ്യതകളുണ്ട്.

ബി.എസ്.സി & എം.എസ്.സി ന്യൂറോ ഇലക്ട്രോഫിസിയോളജി

വൈദ്യശാസ്ത്രത്തിൽ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു മേഖലയാണ് ന്യൂറോ ടെക്‌നോളജി. ന്യൂറോ സയൻസസ്, സെല്ലുലാർ എഞ്ചിനീയറിംഗ്, സിഗ്‌നൽ പ്രോസസ്സിംഗ് എന്നിവ ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇലക്ട്രോഫിസിയോളജി നടപടിക്രമങ്ങൾ മനസ്സിലാക്കാനും അവ നിർവഹിക്കാനും ഒരു ന്യൂറോ ടെക്നോളജിസ്റ്റിനെ  പ്രാപ്തമാക്കുന്ന വിധത്തിലുള്ളതാണ് ഈ കോഴ്‌സ്. രോഗികളെ വിലയിരുത്തുന്നതിനും വിവിധ ഇലക്ട്രോ ഡയഗ്‌നോസ്റ്റിക് നടപടിക്രമങ്ങൾ ആസൂത്രണം ചെയ്യുന്നതിനും അവ നടപ്പിലാക്കുന്നതിനുമുള്ള പരിശീലനം ഈ കോഴ്‌സിലൂടെ ലഭിക്കും. സ്ലീപ്പ് സ്റ്റഡീസ്, ഓട്ടോണമിക് ഫംഗ്ഷൻ ടെസ്റ്റുകൾ, അപസ്മാരത്തിന്റെ ശസ്ത്രക്രിയയ്ക്ക് മുമ്പുള്ള വിലയിരുത്തൽ, ഇ.ഇ.ജി നിരീക്ഷണം തുടങ്ങിയവയിലും വിദ്യാർത്ഥികൾക്ക്  പരിശീലനം നൽകുന്നു.

ബി.എസ്.സി & എം.എസ്.സി എമർജൻസി മെഡിക്കൽ ടെക്നോളജി


മിക്ക വികസിത രാജ്യങ്ങളിലെയും ആരോഗ്യ പരിരക്ഷാ സംവിധാനത്തിന്റെ നട്ടെല്ലായി മാറിയിരിക്കുന്ന എമർജൻസി മെഡിസിൻ എന്ന ആശയം ഇന്ത്യൻ മെഡിക്കൽ ലോകത്തിന് താരതമ്യേന പുതിയതാണ്. രോഗികളുടെ അസുഖങ്ങളുടെയും പരിക്കുകളുടെയും അടിയന്തരനിർണയവും തുടർ നടപടികളുമാണ് ഇതിൽ പ്രധാനം. ഇത്തരത്തിൽ അടിയന്തരമായി രോഗികളെ  കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ അറിവും കഴിവുകളും അടിസ്ഥാനമാക്കിയുള്ള ഒരു പരിശീലന മേഖലയാണ് എമർജൻസി മെഡിസിൻ. അപകടങ്ങളും പ്രകൃതിദുരന്തങ്ങളും വർധിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ എമർജൻസി മെഡിസിൻ കാലഘട്ടത്തിന്റെ കൂടി ആവശ്യമായി മാറിയിരിക്കുന്നു

എം.എസ്.സി ബയോസ്റ്റാറ്റിസ്റ്റിക്‌സ്

ആരോഗ്യം, വൈദ്യശാസ്ത്രം, ജീവശാസ്ത്രം എന്നീ മേഖലകളുടെ വളർച്ചയ്ക്ക് ഗണ്യമായ സംഭാവന നൽകുന്ന ബയോസ്റ്റാറ്റിസ്റ്റിക്‌സ് പഠനമേഖലയിൽ  ഗവേഷണ സാധ്യതകളും ഏറെയാണ്.  വിവിധ സ്റ്റാറ്റിസ്റ്റിക്കൽ രീതികളിലൂടെ എളുപ്പത്തിൽ നടപ്പാക്കാവുന്ന രോഗനിർണയം, ചികിത്സ, രോഗനിർണയ രീതികൾ എന്നിവ ശാസ്ത്രീയ സാധുതയോടെ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ക്ലിനിക്കൽ ട്രയലുകൾ, ഫാർമക്കോളജി, ജനിതകശാസ്ത്രം, ബയോടെക്‌നോളജി, ബേസിക് സയൻസസ്, എപ്പിഡെമിയോളജിക്കൽ പഠനങ്ങൾ, ഡെമോഗ്രഫി, മെഡിക്കൽ, ബയോളജിക്കൽ ഉപകരണങ്ങളുടെ ഗുണനിലവാര നിയന്ത്രണം, മെഡിക്കൽ രോഗനിർണയം, ഹെൽത്ത് എക്കണോമിക്‌സ് എന്നിവയിൽ സ്റ്റാറ്റിസ്റ്റിക്കൽ ഡിസൈനും വിശകലന രീതികളും വ്യാപകമായി ഉപയോഗിക്കുന്നു.

എം.എസ്.സി ക്ലിനിക്കൽ ന്യൂട്രീഷൻ ആൻഡ് ഫുഡ് സയൻസസ്

വ്യക്തികളുടെയും കുടുംബങ്ങളുടെയും പോഷകാഹാര പരിപാലനത്തിന് ഉത്തരവാദിത്തപ്പെട്ട ആരോഗ്യസംരക്ഷണ ടീമിലെ പ്രൊഫഷണൽ അംഗങ്ങളാണ് ഡയറ്റീഷ്യൻമാർ. ആരോഗ്യപരമായ എല്ലാ സാഹചര്യങ്ങളിലും ഗുണനിലവാരമുള്ള പോഷകാഹാരം ഉറപ്പാക്കുകയെന്നതാണ് ഇവരുടെ ദൗത്യം. ക്ലിനിക്കൽ പോഷകാഹാരക്രമത്തെ സംബന്ധിച്ചുള്ള ഈ പ്രോഗ്രാം ഭക്ഷണം, പോഷകാഹാരം, ബയോളജിക്കൽ സയൻസ് എന്നിവയിൽ നേടിയിട്ടുള്ള അറിവിനെ അടിസ്ഥാനമാക്കിയുള്ളതാണ്. പോഷകാഹാര വിദ്യാഭ്യാസം, മാനേജ്മെന്റ്, പരിപാലനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടുള്ളതാണ് ഈ കോഴ്‌സ്.

എം.എസ്.സി ഡെഗ്ലൂട്ടോളജി ആന്റ് സ്വാളോയിങ് ഡിസോർഡർ

ഭക്ഷണം വായിൽ നിന്ന് ഇറക്കുന്നതിനും വിഴുങ്ങുന്നതിനുമുള്ള ബുദ്ധിമുട്ടുകൾ രോഗികളിൽ സാധാരണയായി കണ്ടു വരുന്നുണ്ട്. ദഹനനാളത്തിലെ തകരാറുകൾ ഉൾപ്പെടെയുള്ള പല കാരണങ്ങൾ കൊണ്ടും ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകാം. ശരിയായ വിലയിരുത്തലിലൂടെ ഈ പ്രശ്നങ്ങളുടെ യഥാർത്ഥ കാരണം കണ്ടെത്താനാകും.   വിശദമായ ക്ലിനിക്കൽ പരിശോധന, വീഡിയോഫ്ളൂറോസ്‌കോപ്പി, എൻഡോസ്‌കോപ്പിക് വിലയിരുത്തൽ തുടങ്ങിയ  രീതികളുടെ ഉപയോഗവും ഇതിൽ ഉൾപ്പെടുന്നു.  ക്ലിനിക്കൽ  ചർച്ചകൾ, കേസ് വിശകലനങ്ങൾ,  ജേണൽ ക്ലബ്ബുകൾ, വിദ്യാർത്ഥികൾ നയിക്കുന്ന സിമ്പോസിയങ്ങൾ, തിയറി ലെക്ചറുകൾ എന്നിവയും 2 വർഷത്തെ ഈ ബിരുദാനന്തര ക്ലിനിക്കൽ പരിശീലന പരിപാടിയിലുണ്ട്.

ബി.എസ്.സി & എം.എസ്.സി റെസ്പിറേറ്ററി തെറാപ്പി

അലൈഡ് ഹെൽത്ത് സയൻസസിന്റെ  ഒരു പുതിയ ശാഖയാണ് റെസ്പിറേറ്ററി തെറാപ്പി. കാർഡിയോ പൾമണറി അനുബന്ധ രോഗങ്ങളുള്ള  രോഗികളുടെ രോഗനിർണയം, ചികിത്സ, മാനേജ്‌മെന്റ്, പരിചരണം തുടങ്ങിയ കാര്യങ്ങളിൽ സാങ്കേതികവിദ്യയുടെ ശാസ്ത്രീയമായ പ്രയോഗമാണ്  ഇതിലെ പഠനവിഷയം. ഒരു ആധുനിക ഹെൽത്ത് കെയർ ടീമിൽ പ്രധാനപ്പെട്ട അംഗങ്ങളാണ് റെസ്പിറേറ്ററി തെറാപ്പിസ്റ്റുകൾ. ഈ പ്രോഗ്രാമിന്റെ പാഠ്യപദ്ധതി വിദ്യാർത്ഥികളെ മികച്ച വൈദഗ്ധ്യമുള്ള റെസ്പിറേറ്ററി തെറാപ്പിസ്റ്റാക്കി മാറ്റുന്നതിന് അനുയോജ്യമായ വിധത്തിലാണ് വികസിപ്പിച്ചിരിക്കുന്നത്.

ബി.എസ്.സി & എം.എസ്.സി കാർഡിയോവാസ്‌കുലർ ടെക്നോളജി

ഹൃദയ സംബന്ധമായ അസുഖങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ഇന്ന് വിവിധ  തരം ഉപകരണങ്ങൾ, മെഷീനുകൾ, കമ്പ്യൂട്ടർ ഹാർഡ്‌വെയർ, ഫാർമക്കോളജിക്കൽ ഏജന്റ്സ് എന്നിവ ഉപയോഗപ്പെടുത്തുന്നുണ്ട്.  ഈ ഉപകരണങ്ങളും മെഷീനുകളും കൃത്യമായും സുരക്ഷിതമായും ഉപയോഗിക്കുന്നതിന്  വൈദഗ്ദ്ധ്യം ആവശ്യമാണ്. അതോടൊപ്പം ഇവ കൈകാര്യം ചെയ്യുന്നതിനും അവയുടെ പതിവ് അറ്റകുറ്റപ്പണികൾക്കും  ശാസ്ത്രീയ തത്വങ്ങളെക്കുറിച്ചുള്ള വിപുലമായ അറിവും കൂടിയേ തീരു. 4 വർഷം ദൈർഘ്യമുള്ള കാർഡിയോവാസ്‌കുലർ ടെക്‌നോളജിയിലെ ബിരുദ പ്രോഗ്രാമിൽ വിദ്യാർത്ഥികൾക്ക് ക്ലിനിക്കൽ പ്രായോഗിക പരിശീലനം ഉൾപ്പെടെയാണ് ലഭ്യമാക്കുന്നത്.

ബി.എസ്.സി & എം.എസ്.സി ഡയബറ്റിസ് സയൻസസ്

പ്രമേഹബാധിതരുടെ എണ്ണം കൂടുന്നതിനനുസരിച്ച് ആരോഗ്യപരിപാലന രംഗത്തുള്ളവരുടെ ആവശ്യകതയും വർധിച്ചുകൊണ്ടിരിക്കുകയാണ്. പ്രമേഹരോഗികളെ പരിപാലിക്കുന്നതിൽ ഡോക്ടർമാരെ സഹായിക്കുന്ന ഡയബറ്റിക് എഡ്യൂക്കേറ്റർമാർക്കുള്ള പരിശീലനമാണ്  ഈ കോഴ്സിലൂടെ നൽകുന്നത്. രോഗികൾക്ക് ഭക്ഷണക്രമത്തെക്കുറിച്ചുള്ള നിർദേശങ്ങൾ നൽകാനും  ഇൻസുലിൻ തെറാപ്പിക്കുള്ള നടപടികൾ തുടങ്ങാനും മാനസിക പിന്തുണ നൽകാനുമെല്ലാം ഡയബറ്റിക് എഡ്യൂക്കേറ്റർമാർക്ക് സാധിക്കും.  മെഡിക്കൽ ന്യൂട്രീഷൻ തെറാപ്പി,  പോഡിയാട്രിക് കെയർ,  സ്ഥിതിവിവരക്കണക്കുകൾ എന്നിവയാണ് ഈ പ്രോഗ്രാമിന്റെ പാഠ്യപദ്ധതിയിൽ പ്രധാനമായും ഉൾപ്പെടുന്നത്.

ബി.എസ്.സി & എം.എസ്.സി ഡയാലിസിസ് തെറാപ്പി

ഡയാലിസിസ് ചികിത്സ ആവശ്യമായി വരുന്ന രോഗികൾക്ക് ഡയാലിസിസ് ചെയ്യുക, ഇതിനുള്ള ഉപകരണങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കുക എന്നിവയാണ് ഡയാലിസിസ് ടെക്നോളജിസ്റ്റുകളുടെ ജോലി.  വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയകളിലും ഇവരുടെ സേവനം ആവശ്യമാണ്. ഒരു വർഷത്തെ ഇന്റേൺഷിപ്പോടു കൂടിയ  ഈ ബിരുദ പ്രോഗ്രാമിൽ വിദ്യാർത്ഥികൾക്ക് ഡയാലിസിസ് രീതികൾ, വൃക്കയുടെ പ്രവർത്തനത്തെപ്പറ്റിയുള്ള വൈദ്യശാസ്ത്രപരമായ അറിവ്,  ഹെമറ്റോളജിക്കൽ വശങ്ങൾ, പകർച്ചവ്യാധികൾ, ഡയാലിസിസ് സംവിധാനങ്ങളും ഉപകരണങ്ങളും,  വൃക്കസംബന്ധമായ തകരാറുകളുടെ സങ്കീർണതകൾ, വൃക്ക മാറ്റിവയ്ക്കൽ  തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ചുള്ള പാഠ്യപദ്ധതിയാണ് ക്രമീകരിച്ചിരിക്കുന്നത്.  

ബി.എസ്.സി അനസ്‌തേഷ്യ ടെക്നോളജി

അനസ്‌തേഷ്യ നൽകുന്നതിനും നിരീക്ഷിക്കുന്നതിനും സഹായിക്കുന്ന ഒരു അലൈഡ് ഹെൽത്ത് കെയർ പ്രൊഫഷണലാണ് അനസ്‌തേഷ്യ ടെക്‌നോളജിസ്റ്റ്.  ഇതിനു പുറമേ അനസ്‌തേഷ്യ നടപടികൾ, ഉപകരണങ്ങളുടെ സാങ്കേതികവിദ്യ എന്നിവയെക്കുറിച്ച് വിപുലമായ അറിവും ഇവർക്കുണ്ടായിരിക്കും. ആശുപത്രികളിൽ അനസ്തേഷ്യ വിഭാഗത്തിലും ഓപ്പറേഷൻ തിയറ്ററുകളിലും ഉൾപ്പെടെ ക്ലിനിക്കൽ പ്രാക്ടീസ് രംഗത്ത് അനസ്തേഷ്യ ടെക്നോളജിസ്റ്റിന് ഏറെ തൊഴിൽ സാധ്യതകളുണ്ട്.

ബി.എസ്.സി  കാർഡിയാക് പെർഫ്യൂഷൻ ടെക്നോളജി

ഹൃദയ ശസ്ത്രക്രിയകളിൽ ഒരു അവിഭാജ്യഘടകമാണ് പെർഫ്യൂഷനിസ്റ്റുകൾ. ശസ്ത്രക്രിയകളിൽ ഉപകരണങ്ങൾ വഴി രോഗിയുടെ രക്തചംക്രമണം നിയന്ത്രിക്കുകയാണ് ക്ലിനിക്കൽ പെർഫ്യൂഷനിസ്റ്റുകളുടെ ജോലി. പ്രൊഫഷണൽ പരിശീലനത്തിനായി കാർഡിയോവാസ്‌കുലാർ പെർഫ്യൂഷൻ വിദ്യാർത്ഥിയെ അക്കാദമികമായും പ്രായോഗികമായും  തയ്യാറാക്കുക എന്നതാണ് ബി.എസ്.സി കാർഡിയാക് പെർഫ്യൂഷൻ ടെക്നോളജി കോഴ്‌സ് കൊണ്ട് ഉദ്ദേശിക്കുന്നത്.

ബി.എസ്.സി  എക്കോകാർഡിയോഗ്രാഫി ടെക്നോളജി

ഉയർന്ന ഫ്രീക്വൻസി ശബ്ദതംരംഗങ്ങൾ ഉപയോഗപ്പെടുത്തി മനുഷ്യഹൃദയത്തിന്റെ സൂക്ഷ്മ ചിത്രം പകർത്തിയെടുക്കുകയും ഇതിലൂടെ ആരോഗ്യപ്രശ്നങ്ങൾ തിരിച്ചറിയുകയും ചെയ്യുകയുമാണ്  .ഒരു എക്കോകാർഡിയോളജി ടെക്‌നോളജിസ്റ്റിന്റെ ജോലി. അൾട്രാസൗണ്ട് സാങ്കേതികവിദ്യ ഉപയോഗിച്ച് മനുഷ്യഹൃദയത്തിന്റെ  അവസ്ഥ മനസ്സിലാക്കുന്നതിനും ഹൃദയം, പെരിഫറൽ രക്തക്കുഴലുകൾ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും എക്കോ-കാർഡിയോളജി ടെക്‌നോളജിസ്റ്റുകൾ കാർഡിയോളജിസ്റ്റുകളുമായി ചേർന്ന് പ്രവർത്തിക്കുന്നു.

ബിഎസ്.സി മെഡിക്കൽ റേഡിയോളജിക് ടെക്നോളജി

മെഡിക്കൽ ഇമേജിംഗിലും കാൻസർ ചികിത്സയിലും അത്യാധുനിക സാങ്കേതികവിദ്യയുടെ ഉപയോഗം കൈകാര്യം ചെയ്യുന്നതാണ് അലൈഡ് ഹെൽത്ത് സയൻസിന്റെ ഈ ശാഖ.  ഇതിന് റേഡിയോളജി, റേഡിയോ തെറാപ്പി & ന്യൂക്ലിയർ മെഡിസിൻ എന്നിങ്ങനെ  ഉപ സ്‌പെഷ്യാലിറ്റികൾ ഉണ്ട്. അമൃത ആശുപത്രിയിൽ റേഡിയോളജി & റേഡിയേഷൻ ഓങ്കോളജി വകുപ്പുകൾ സംയുക്തമായി 2005 മുതൽ B.Sc MRT പ്രോഗ്രാം നടത്തിവരുന്നു. വളരെയധികം മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്ന ഒരു മേഖലയാണ് റേഡിയോളജിക് ടെക്‌നോളജി. ഈ  കോഴ്‌സ് പൂർത്തിയാക്കിയശേഷം റേഡിയോളജിക്കൽ ടെക്‌നോളജിസ്റ്റ്, റേഡിയോ തെറാപ്പി ടെക്‌നോളജിസ്റ്റ്, ന്യൂക്ലിയർ മെഡിസിൻ ടെക്‌നോളജിസ്റ്റ് തുടങ്ങിയ ജോലികളിൽ സാധ്യതകൾ ഏറെയാണ്.

ബി.എസ്.സി ഒപ്റ്റോമെട്രി

കാഴ്ച സംബന്ധമായ രോഗങ്ങളുടെ നിർണയം, ചികിത്സ എന്നിവ കൈകാര്യം ചെയ്യുന്ന ഒരു ആരോഗ്യ പരിപാലന മേഖലയാണ് ഒപ്റ്റോമെട്രി.  ലെൻസുകളും കണ്ണടകളും ഉൾപ്പെടെ കണ്ണിന്റെ കാഴ്ച മെച്ചപ്പെടുത്തുന്നതിനും ഒരു വ്യക്തിക്ക് അനുഭവപ്പെട്ടേക്കാവുന്ന എല്ലാത്തരം കാഴ്ച തടസ്സങ്ങളെയും നീക്കം ചെയ്യുന്നതിനുമുള്ള  നേത്ര ഉപകരണങ്ങളെപ്പറ്റിയുള്ള പഠനമാണ് ഇതിൽ പ്രധാനം. ഒപ്റ്റിഷ്യൻ, ഒപ്റ്റോമെട്രിസ്റ്റ്, റിഫ്രാക്ഷനിസ്റ്റ്, ഒഫ്താൽമിക് അസിസ്റ്റന്റ് എന്നീ നിലകളിൽ സേവനം നൽകുന്നതിന് ഒരു വിദ്യാർത്ഥിയെ പ്രാപ്തനാക്കുകയാണ് ബി.എസ്.സി ഒപ്റ്റോമെട്രി കോഴ്സിന്റെ ലക്ഷ്യം.

ബാച്ചിലർ ഇൻ ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പതോളജി ( ബിഎഎസ്എൽപി)

കേൾവിയും കേൾവി സംബന്ധമായ തകരാറുകളും  കൈകാര്യം ചെയ്യുന്ന ശാസ്ത്രശാഖയാണ് ഓഡിയോളജി. സ്പീച്ച് ആൻഡ് ലാംഗ്വേജ് പതോളജി കോഴ്സ് ശബ്ദം, സംസാരം, ഭാഷ എന്നിവയുടെ സാധാരണവും അസാധാരണവുമായ വശങ്ങൾ കൈകാര്യം ചെയ്യുന്നു. സ്പീച്ച് ലാംഗ്വേജ് പതോളജി വിദ്യാർത്ഥികൾക്ക്  വിവിധ ശബ്ദവൈകല്യങ്ങൾ, സംസാര വൈകല്യങ്ങൾ എന്നിവ  കൈകാര്യം ചെയ്യുന്നതിലാണ് മികച്ച  പരിശീലനം നൽകുന്നത്. ഓഡിയോളജിസ്റ്റുകൾക്കും സ്പീച്ച് ലാംഗ്വേജ് പതോളജിസ്റ്റുകൾക്കും ഇന്ത്യയിലും വിദേശത്തും ഇന്ന് തൊഴിൽ അവസരങ്ങൾ ഏറെയാണ്.


0 comments: