കേരളത്തിലെ സർക്കാർ / എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിലെ പ്രവേശനത്തിന് ഇപ്പോൾ ഉപയോഗത്തിലുള്ള സംവിധാനമാണ് ഏകജാലകം .ഒരു റവന്യൂ ജില്ലയിലെ എല്ലാ സ്കൂളുകൾക്കും ചേർത്ത് ഒരൊറ്റ അപേക്ഷ നൽകിയാൽ മതി. ഓരോ സ്കൂളിലേക്കും വെവ്വേറെ അപേക്ഷ വേണ്ട . ഇതാണ് ഏകജാലക സംവിധാനം.
അപേക്ഷ എങ്ങനെ?
www.hscap.kerala.gov.in എന്ന വെബ് സൈറ്റിലെ Public ടാബിനു താഴെ കാണുന്ന Apply Online SWS ലിങ്കിൽ ക്ലിക്ക് ചെയ്ത് ഓൺ ലൈൻ അപേക്ഷ സമർപ്പിക്കാം. സ്വന്തം ജില്ലയിലെ സ്കൂൾ പ്രവേശനത്തിന് അപേക്ഷിക്കുന്നവർ ഓൺലൈൻ അപേക്ഷയുടെ രണ്ട് പേജുള്ള പ്രിന്റെടുത്ത് ഒപ്പിട്ട് 25 രൂപ ഫീസ് സഹിതം ജില്ലയിലെ ഏതെങ്കിലും സർക്കാർ / എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളിൽ വെരിഫിക്കേഷനു നൽകി, രസീത് ഒപ്പിട്ടു വാങ്ങി സൂക്ഷിക്കണം. അതിലെ അപേക്ഷാ നമ്പർ പിന്നീട് വേണ്ടി വരും. പ്രിന്റിനോടാപ്പം പ്രസക്ത രേഖകളുടെ പകർപ്പ് വിദ്യാർഥി സ്വയം സാക്ഷ്യപ്പെടുത്തി വയ്ക്കണം. എസ്എസ്എൽസി മാർക്ക് ലിസ്റ്റിലുള്ള വിവരങ്ങൾ തെളിയിക്കാൻ വേറെ സർട്ടിഫിക്കറ്റ് വേണ്ട. ബോണസ് പോയിന്റോ മറ്റ് ആനുകൂല്യങ്ങളോ അവകാശപ്പെടുന്നവർ അതിനു വേണ്ടേ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ കൂടെ വയ്ക്കണം.
ഓൺലൈൻ അപേക്ഷ സ്വയം സമർപ്പിക്കാൻ കഴിയാത്തവർക്ക് അവർ പഠിച്ച സ്കൂളിലെയോ, സ്വന്തം ജില്ലയിലെ ഏതെങ്കിലും സർക്കാർ / എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളിലെയോ സൗകര്യം പ്രയോജനപ്പെടുത്താം. നിങ്ങളുടെ സംശയനിവാരണത്തിനായി എല്ലാ സ്കൂളുകളിലും ഹെൽപ് ഡെസ്കുകൾ പ്രവർത്തിക്കുനുണ്ട്. മാനെജ്മെന്റ് / അൺ എയ്ഡഡ് കമ്മ്യൂണിറ്റി കോട്ട സീറ്റുകളിലേക്ക് അതതു മാനെജ്മെന്റുകൾ നൽകുന്ന ഫോം പൂരിപ്പിച്ചു നൽകണം. അപേക്ഷ സമർപ്പിച്ചു കഴിഞ്ഞ് അതു രജിസ്റ്റർ ചെയ്യുന്നതോടെ അപേക്ഷയെ സംബന്ധിച്ച വിവരങ്ങളെല്ലാം വെബ് സൈറ്റിൽ വരുംVew your aplication ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ അപേക്ഷാ നമ്പരും തീയതിയും ടൈപ്പ് ചെയ്താൽ വിവരങ്ങളറിയാം.
അപേക്ഷയിൽ എന്തെല്ലാം ?
അപേക്ഷയിൽ നിങ്ങൾ ഇഷ്ടപ്പെടുന്ന സ്കൂളുകളും ഇഷ്ടമുള്ള ഐച്ഛിക വിഷയങ്ങളുടെ കോമ്പിനേഷനുകളും മുൻഗണനാ ക്രമത്തിൽ അടുക്കി സമർപ്പിക്കാം.
ട്രയൽ അലോട്ട്മെന്റ്, മുഖ്യ അലോട്ട്മെന്റ്, സപ്ലിമെന്ററി അലോട്ട്മെന്റ്
അപേക്ഷകൾ സമർപ്പിച്ചതിൽ വല്ല വീഴ്ചയും വന്നിട്ടുണ്ടെങ്കിൽ അത് തിരുത്താനുള്ള അവസരമുണ്ട്. ഇതിനാണ് ട്രയൽ അലോട്ട്മെന്റ് വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തുന്നത്. നാം വരുത്തിയ തെറ്റു കാരണം ഇഷ്ടപ്പെടാത്ത ഏതെങ്കിലും ഓപ്ഷൻ കണ്ടെത്തി, ഇഷ്ടപ്പെടാത്ത ഏതെങ്കിലും സ്കൂളിലോ കോമ്പിനേഷനിലോ അലോട്ട്മെന്റ് വന്നെന്നു കണ്ടാൽ പിശകു തിരുത്താൻ അപേക്ഷ നൽകാം. ഇത് പറഞ്ഞ സമയത്തിനു മുമ്പ് നൽകാൻ ശ്രദ്ധിക്കണം. ഇതിനു ശേഷമാണ് മുഖ്യ അലോട്ട്മെന്റ്.
മുഖ്യ അലോട്ട്മെന്റിനു ശേഷവും കൂടുതൽ ഇഷ്ടപ്പെട്ട സ്കൂളിനും വിഷയ കോമ്പിനേഷനും വേണ്ടി അപേക്ഷ സമർപിക്കാം. ഒഴിവുണ്ടെങ്കിൽ മാറ്റം തരും. ഇതു കഴിഞ്ഞ് സപ്ലിമെന്ററി അലോട്ട്മെന്റ് ഉണ്ട്. മുമ്പ് അപേക്ഷിക്കാത്തവർക്കും സേ പരീക്ഷ കഴിഞ്ഞവർക്കും സ്കൂൾതല സിബിഎസ്സികാർക്കും ഈ ഘട്ടത്തിൽ അപേക്ഷ നൽകാം.
താത്കാലിക പ്രവേശനം
ആദ്യ അലോട്ട്മെന്റിൽ തന്നെ ഏറ്റവും ഇഷ്ട്ടപ്പെട്ട സ്കൂളും കോമ്പിനേഷനും കിട്ടിയെങ്കിൽ ഫീസടച്ച് സ്ഥിരം പ്രവേശനം നേടണം. കിട്ടിയതിൽ പൂർണ തൃപ്തിയില്ലെങ്കിൽ ഫോമിൽ എഴുതിക്കൊടുത്ത മുൻഗണനാ ക്രമത്തിൽ ആദ്യമുള്ളതല്ല താഴെയുള്ളതാണ് കിട്ടിയതെങ്കിൽ പിന്നീട് ഒഴിവുവന്നാൽ മാറിയാൽ കൊള്ളാമെന്ന് ആഗ്രഹമുള്ളവർ പ്രിൻസിപ്പലിനോട് താൽക്കാലിക പ്രവേശനം മതിയെന്ന് പറഞ്ഞ് സർട്ടിഫിക്കറ്റുകൾ ഏല്പിക്കണം. ഫീസടയ്ക്കേണ്ടെന്ന് വയ്ക്കുക. നിങ്ങൾക്ക് താൽക്കാലിക പ്രവേശനം ലഭിക്കും. കാത്തിരുന്ന് ഇഷ്ടപ്പെട്ട മാറ്റം കിട്ടിയാൽ ആ സ്കൂളിൽ ഇഷ്ട കോമ്പിനേഷനിൽ സ്ഥിര പ്രവേശനം വാങ്ങുക.
ഒന്നിലേറെ ജില്ലകളിൽ അപേക്ഷിച്ചാൽ
ഒന്നിലേറെ ജില്ലകളിലേക്ക് അപേക്ഷിച്ചവർ ഏതെങ്കിലുമൊരു ജില്ലാതല സ്കൂളിൽ ചേരുന്നതോടെ മറ്റു ജില്ലകളിലെ ഓപ്ഷനുകൾ സ്വയം റദ്ദാകും. ഒരു ജില്ലയിൽ മാത്രമാണ് ആദ്യം പ്രവേശനം കിട്ടിയതെങ്കിലും തുടർന്ന് ഇഷ്ടമുള്ള ജില്ലയിൽ അവസരം കിട്ടിയാൽ അങ്ങോട്ടുമാറാം. യഥാസമയം അപേക്ഷ നൽകിയിട്ടും മുഖ്യ അലോട്ട്മെന്റിൽ സീറ്റ് കിട്ടാത്തവർ സപ്ലിമെന്ററി അലോട്ട്മെന്റിനായി അപേക്ഷ പുതുക്കണം. അപ്പോൾ നിലവിലുള്ള ഒഴിവുകൾ നോക്കി ഓപ്ഷനുകൾ ബുദ്ധിപൂർവം പുതുക്കുകയും ചെയ്യാം.
0 comments: