കര്‍ണാടകയില്‍ വ്യാപകമായി ഫില്‍ അപ്പ് തട്ടിപ്പ് വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ഉപഭോക്താക്കളുടെ ശ്രദ്ധ തിരിക്കുന്നതിലൂടെ കുറഞ്ഞ അളവിലുള്ള ഇന്ധനം വാഹനങ്ങളില്‍ നിറയ്ക്കുന്ന സംഭവങ്ങളാണ് സംസ്ഥാനത്ത് നിരവധി ഇടങ്ങളില്‍ നിന്നും ഉയരുന്നത്.പെട്രോള്‍ പമ്പിൽ ഇന്ധനം നിറയ്ക്കുന്ന ജീവനക്കാര്‍ ഉപഭോക്താക്കളുടെ ശ്രദ്ധ തിരിക്കുകയും കബളിപ്പിക്കുകയുമാണ് ചെയ്യുന്നത്. പമ്പുകളിലെ മീറ്ററുകളില്‍ തട്ടിപ്പ് നടത്തി ഇന്ധനം നിറയ്ക്കുന്നതായും പരാതികളുണ്ട്.
എന്നാല്‍ ഫില്‍ അപ്പ് തട്ടിപ്പില്‍ വലിയ അളവിലാണ് ഉപഭോക്താവ് തട്ടിപ്പിന് ഇരയാകുന്നത്. പെട്രോള്‍ നിറയ്ക്കുമ്പോൾ പാതിവഴിയില്‍ വച്ച് നിറയ്ക്കുന്നത് നിര്‍ത്തിവയ്ക്കുകയും, സാങ്കേതിക പ്രശ്നമോ, വൈദ്യുതബന്ധം നിലച്ചെന്നോ അറിയിക്കുകയുമാണ് ചെയ്യുന്നത്. തുടര്‍ന്ന് ഉപഭോക്താവിന്റെ ശ്രദ്ധ മാറ്റുകയും ചെയ്യും. പിന്നീട് പൂജ്യത്തില്‍ നിന്നും ആരംഭിച്ചെന്ന ധാരണ നല്‍കി അറുന്നൂറില്‍ വച്ച് നിര്‍ത്തും. ഇതോടെ 1,000 രൂപയ്ക്ക് പെട്രോള്‍ ലഭിച്ചുവെന്ന് ഉപഭോക്താവ് കരുതും. എന്നാല്‍ അപ്പോഴേക്കും പമ്പ് ജീവനക്കാര്‍ 400 രൂപ പോക്കറ്റിലാക്കിയിരിക്കും.
കൊവിഡിന് ശേഷം പമ്പുകളില്‍ അധികൃതരുടെ പരിശോധനകള്‍ കുറഞ്ഞതാണ് തട്ടിപ്പിന് പമ്പു ജീവനക്കാര്‍ക്ക് ധൈര്യം നല്‍കുന്നത്. സാധാരണയായി അഞ്ച് ലിറ്റര്‍ ക്യാനിലൊഴിച്ചുള്ള പെട്രോള്‍ അളവ് പരിശോധനയാണ് നടത്തുന്നത്. ഈ പരിശോധനയില്‍ 25 മില്ലിയുടെ വരെ വ്യത്യാസം അനുവദിക്കുമെങ്കിലും വലിയ വ്യത്യാസം കണ്ടാല്‍ കേസെടുത്ത് പിഴ ഈടാക്കും.
0 comments: