ഓണ്‍ലൈന്‍ കോഴ്സുകളുടെ പേരില്‍ സംസ്ഥാനത്ത് തട്ടിപ്പ് വ്യാപകമാവുന്നു.ഇപ്പോള്‍ വിവിധ കോഴ്സുകളുടെ ഫലം വരുന്ന സമയമായതിനാലാണ് കോഴ്സുകളുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങള്‍ കെണിയൊരുക്കുന്നത്. ഇ-മെയില്‍ മേല്‍വിലാസങ്ങള്‍ സംഘടിപ്പിച്ച് അതിലൂടെ ഓണ്‍ലൈന്‍ കോഴ്സുകളില്‍ ചേരാനുള്ള സന്ദേശങ്ങള്‍ അയക്കുന്നതാണ് പ്രധാന രീതി.
കോഴ്സില്‍ ചേരാന്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്കുകളും കൈമാറുന്നു. രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുടേത് ഉള്‍പ്പെടെ സര്‍ട്ടിഫിക്കറ്റുകള്‍ വാഗ്ദാനം നല്കിയാണിത്. പണം തട്ടിയെടുക്കാന്‍ ലക്ഷ്യമിട്ടുള്ള ഓണ്‍ലൈന്‍ കോഴ്സുകളുടെ കെണിയില്‍ പെടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പാണ് പൊലീസ് നല്‍കുന്നത്. സമൂഹമാധ്യമങ്ങളിലൂടെയടക്കം പൊലീസ് ഇതുസംബന്ധിച്ച ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. അറിയപ്പെടുന്ന പല കമ്പനികളുടെയും സ്ഥാപനങ്ങളുടെയും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാമെന്ന പേരില്‍ പണമിടപാടുകള്‍ നടത്തിയശേഷം ഒടുവില്‍ അംഗീകാരമില്ലാത്തതും നിലവാരം കുറഞ്ഞതുമായ സര്‍ട്ടിഫിക്കറ്റുകള്‍ നല്കി തട്ടിപ്പ് നടത്തുന്നു. ഇത്തരം നിരവധി സംഭവങ്ങള്‍ അടുത്തിടെയായി കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നതായി പൊലീസ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
മുന്‍കൂട്ടി പണം ആവശ്യപ്പെടുന്ന ഓണ്‍ലൈന്‍ കോഴ്സുകളും ജോലികളും വളരെ ശ്രദ്ധയോടെ മാത്രമേ തെരഞ്ഞെടുക്കാവൂ. ഒണ്‍ലൈന്‍ കോഴ്സുകള്‍ക്ക് ചേരുന്നതിനുമുൻപ് സ്ഥാപനത്തിന്റെ അംഗീകാരവും മറ്റ് വിവരങ്ങളും ഔദ്യോഗിക വെബ്സൈറ്റില്‍ പരിശോധിക്കണം. ഡിഗ്രി, പി.ജി ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്സുകളില്‍ ചേരുന്നവര്‍ അവ അംഗീകൃത സര്‍വകലാശാല നടത്തുന്നതാണോയെന്ന് ഉറപ്പാക്കണം. വിദൂരവിദ്യാഭ്യാസം വഴി യു.ജി.സി അംഗീകാരമില്ലാത്ത വിവിധ കോഴ്സുകള്‍ നടത്തുന്ന നിരവധി സര്‍വകലാശാലകളും പ്രവര്‍ത്തിക്കുന്നുണ്ട്.
ഓണ്‍ലൈന്‍ കോഴ്സുകള്‍ നടത്തുന്ന സ്ഥാപനങ്ങളുടേതടക്കം അനാവശ്യമായി ഒരു ലിങ്കുകളിലും ക്ലിക്ക് ചെയ്യരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്കുന്നു. പല പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരും ലോഗോയും ഉപയോഗിച്ചുള്ള തട്ടിപ്പും നടക്കുന്നുണ്ട്.
0 comments: