ഭേഗദതി വരുത്തിയ പ്രോസ്പെക്ടസിന് അംഗീകാരം വൈകിയ സാഹചര്യത്തില്‍ പ്ലസ് വണ്‍ ഏകജാലക പ്രവേശന നടപടികള്‍ ആരംഭിക്കുന്നത് ജൂലൈ നാലിലേക്ക് നീളും.ബുധനാഴ്ച പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം.
പ്രോസ്പെക്ടസ് സര്‍ക്കാര്‍ അംഗീകാരത്തിനു ശേഷം ജൂലൈ മൂന്നിനകം പ്രസിദ്ധീകരിക്കും. നാലു മുതല്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം തുടങ്ങാനും ധാരണയായി. നേരത്തേ ജൂലൈ ഒന്നിന് തുടങ്ങാനായിരുന്നു ധാരണ. പ്ലസ് വണ്‍ പ്രവേശനത്തില്‍ റാങ്കിങ്ങിന് പരിഗണിക്കുന്ന ഡബ്ല്യു.ജി.പി.എ തുല്യമാകുന്നവര്ക്ക് ടൈ ബ്രേക്കിങ്ങിന് നിലവിലെ മുന്‍ഗണന ഘടകങ്ങള്‍ക്ക് പുറമെ, എല്‍.എസ്.എസ്, യു.എസ്.എസ്, നാഷനല്‍ മെറിറ്റ് -കം മീന്‍സ് സ്കോളര്‍ഷിപ് പരീക്ഷകളിലെ വിജയം കൂടി ഉള്‍പ്പെടുത്തും.
നിലവില്‍ നാഷനല്‍ ടാലന്റ് സെര്‍ച് പരീക്ഷ വിജയികള്‍ക്ക് മുന്‍ഗണനയുണ്ട്. നീന്തല്‍ അറിവിന് ഈ വര്‍ഷം മുതല്‍ ബോണസ് പോയന്റ് വേണ്ടതില്ലെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ശിപാര്‍ശ അംഗീകരിക്കാനും തീരുമാനിച്ചു. അപേക്ഷകന്റെ തദ്ദേശസ്ഥാപനം, താലൂക്ക് എന്നിവ പരിഗണിച്ച് ബോണസ് പോയന്റ് നല്‍കുന്നത് പരിമിതപ്പെടുത്തും. എയ്ഡഡ് സ്കൂളുകളുടെ മാനേജ്മെന്റ് ക്വോട്ട സീറ്റ് വിഹിതം 20 ശതമാനം എന്നത് കര്‍ശനമായി പാലിക്കും. ന്യൂനപക്ഷ/ പിന്നാക്ക സമുദായങ്ങള്‍ നടത്തുന്ന സ്കൂളുകള്‍ക്ക് 20 ശതമാനം മാനേജ്മെന്റ് ക്വോട്ട സീറ്റും 20 ശതമാനം കമ്യൂണിറ്റി ക്വോട്ട സീറ്റുമായിരിക്കും.
മറ്റു സമുദായങ്ങളില്‍നിന്നുള്ള മാനേജ്മെന്റ് സ്കൂളുകള്‍ക്ക് 20 ശതമാനം മാനേജ്മെന്റ് ക്വോട്ടയും 10 ശതമാനം കമ്യൂണിറ്റി ക്വോട്ടയുമായിരിക്കും. ഏതെങ്കിലും സമുദായ മാനേജ്മെന്റുകള്‍ക്ക് കീഴില്‍ അല്ലാത്ത സ്കൂളുകളില്‍ കമ്യൂണിറ്റി ക്വോട്ട സീറ്റ് ഉണ്ടാകില്ല. ഇവിടെ 20 ശതമാനം മാനേജ്മെന്റ് ക്വോട്ട സീറ്റായിരിക്കും. കഴിഞ്ഞവര്‍ഷം 76 സ്കൂളുകള്‍ മാനേജ്മെന്റ് ക്വോട്ടയില്‍ പ്രവേശനം നല്കിയ 30 ശതമാനത്തില്‍ 10 ശതമാനം സര്‍ക്കാര്‍ തിരികെയെടുത്ത് ഏകജാലക പ്രവേശനത്തിനുള്ള മെറിറ്റ് സീറ്റില്‍ ലയിപ്പിക്കും.
പ്രവേശനത്തിന്റെ ആദ്യഘട്ടത്തില്‍തന്നെ പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലും തിരുവനന്തപുരത്തും സര്‍ക്കാര്‍ സ്കൂളുകളില്‍ 30 ശതമാനവും എയ്ഡഡ് സ്കൂളുകളില്‍ 20 ശതമാനവും സീറ്റ് വര്‍ധിപ്പിക്കാനുള്ള ശിപാര്‍ശയും മന്ത്രിതല യോഗം അംഗീകരിച്ചു. കൊല്ലം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ 20 ശതമാനം സീറ്റ് വര്‍ധനയും അനുവദിക്കും.
0 comments: