2022, ജൂൺ 20, തിങ്കളാഴ്‌ച

(June 20)ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement

 

സംസ്ഥാനത്തെ പ്ലസ് ടു ഫലപ്രഖ്യാപനം നാളെ

 സംസ്ഥാനത്തെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. രാവിലെ പതിനൊന്ന് മണിക്ക് പി ആര്‍ ഡി ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും.പ്ലസ് ടു പരീക്ഷകള്‍ 30 നാണ് ആരംഭിച്ചത്. പ്രാക്ടിക്കല്‍ പരീക്ഷ മെയ് മൂന്ന് മുതലായിരുന്നു. 2021ല്‍ റിക്കോര്‍ഡ് വിജയശതമാനമായിരുന്നു പ്ലസ് ടുവിന് ലഭിച്ചത്. 87.94 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷം ഉണ്ടായത്. അതിന് മുമ്ബ് 2020ല്‍ 85.13 ശതമാനമായിരുന്നു വിജയശതമാനം .അതേസമയം പ്ലസ് ടു പരീക്ഷകള്‍ക്ക് ഇത്തവണയും ഗ്രേസ് മാര്‍ക്ക് നല്‍കില്ല. കലാ-കായിക മത്സരങ്ങള്‍ നടത്താത്ത സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. എന്‍സിസി ഉള്‍പ്പെടെ ഉള്ളവയ്ക്കും ഗ്രേസ് മാര്‍ക്ക് ഉണ്ടാകില്ല.

തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ അപേക്ഷിക്കാം

കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ്‌സെന്ററിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ ഡിസൈനിംഗ് ആൻഡ് അനിമേഷൻ ഫിലിംമേക്കിംഗ് (12 മാസം), ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈചെയ്ൻ മാനേജ്‌മെന്റ് (12 മാസം), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ വിത്ത് ഈ ഗാർഡ്ജറ്റ് ടെക്‌നോളജിസ് (12 മാസം) എന്നിവയാണ് കോഴ്‌സുകൾ. വിശദവിവരങ്ങൾക്ക്: 8590605260, 0471-2325154 എന്ന ഫോൺ നമ്പറിലോ  ബന്ധപ്പെടണം.

2024 -ൽ പുതിയ പാഠപുസ്തകങ്ങളെത്തുക പുതിയ സ്‌കൂൾ ഘടനയിലേക്ക്

 പരിഷ്‌കരണം തുടങ്ങിയ പാഠ്യപദ്ധതി പ്രകാരമുള്ള പാഠപുസ്തകങ്ങള്‍ 2024-ല്‍ എത്തുക പുതിയ സ്‌കൂള്‍ ഘടനയിലേക്ക്. പരിഷ്‌കരണപ്രക്രിയയ്ക്കൊപ്പം സ്‌കൂള്‍ ഏകീകരണ പ്രവര്‍ത്തനങ്ങളും നടത്താനാണ് സര്‍ക്കാര്‍ ശ്രമം. ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകളെ ഒരു കുടക്കീഴില്‍ കൊണ്ടുവരികയെന്നതാണ് നയം. സ്‌കൂളിന് ഒരു മേധാവി എന്നതാണ് പ്രധാനമായും ഉദ്ദേശിക്കുന്നത്. ഖാദര്‍ കമ്മിഷന്‍ ശുപാര്‍ശകളില്‍ പ്രധാനമാണ് സ്‌കൂള്‍ ഏകീകരണം.ദേശീയ പാഠ്യപദ്ധതിയെ പൂര്‍ണമായും തള്ളിയുള്ള ഒരു പരിഷ്‌കരണം സംസ്ഥാനത്ത് നടക്കില്ലെന്നത് വസ്തുതയാണ്. അതിനാല്‍ ദേശീയ പദ്ധതിയില്‍ ഉള്‍ക്കൊള്ളാവുന്നവ സ്വീകരിച്ചുള്ള ശൈലിയായിരിക്കും ഉണ്ടാവുക. പ്രീപ്രൈമറി മുതല്‍ 12-ാം ക്ലാസുവരെ ഒരു യൂണിറ്റായി കണ്ടുള്ള രീതിയാണ് ദേശീയ നയത്തിലുള്ളത്. അവിടെ പ്രീപ്രൈമറി മുതല്‍ രണ്ടാം ക്ലാസ് വരെ ആദ്യ ഘട്ടം, മൂന്നു മുതല്‍ അഞ്ചുവരെ രണ്ടാം ഘട്ടം, ആറു മുതല്‍ എട്ടുവരെ മൂന്നാം ഘട്ടം, ഒമ്പതു മുതല്‍ 12 വരെ നാലാം ഘട്ടം എന്നതാണ് ഘടന. 

യുക്രൈനില്‍ നിന്ന് മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് യോഗ്യതാപരീക്ഷ എഴുതാം

 കോവിഡ്, യുദ്ധം തുടങ്ങിയ കാരണങ്ങളാല്‍ യുക്രൈന്‍, ചൈന എന്നിവിടങ്ങളില്‍നിന്ന് പഠനം പൂര്‍ത്തിയാക്കാനാകാതെ ഇന്ത്യയിലേക്ക് മടങ്ങിയ മെഡിക്കല്‍ വിദ്യാര്‍ഥികളെ സഹായിക്കാന്‍ ദേശീയ മെഡിക്കല്‍ കമ്മിഷന്‍. പ്രാക്ടിക്കല്‍ പരീക്ഷയില്‍ പങ്കെടുക്കാനാകാത്ത അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് വിദേശ മെഡിക്കല്‍ ബിരുദ പരീക്ഷ (എഫ്.എം.ജി.ഇ.) എഴുതാന്‍ അവസരം നല്‍കാനാണ് കമ്മിഷന്റെ തീരുമാനം. പ്രത്യേക സാഹചര്യം പരിഗണിച്ച് ഈ വര്‍ഷത്തേക്കുമാത്രമാണ് ഇളവുണ്ടാവുക.

നിലപാടില്‍ മാറ്റമില്ല, മലയാളം പാഠപുസ്തകങ്ങളില്‍ അക്ഷരമാല ഈ വര്‍ഷം തന്നെ: മന്ത്രി വി ശിവന്‍കുട്ടി

 മലയാളം പാഠപുസ്തകങ്ങളില്‍ അക്ഷരമാല ഈ വര്‍ഷം തന്നെ ഉള്‍പ്പെടുത്തുമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. 2022 - 23 അധ്യയനവര്‍ഷം വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാകുന്ന മലയാളം പാഠപുസ്തകങ്ങളുടെ രണ്ടാം ഭാഗത്തില്‍ അക്ഷരമാല ഉള്‍പെടുത്തി അച്ചടി ആരംഭിച്ചു കഴിഞ്ഞതായി മന്ത്രി വ്യക്തമാക്കി. കെപിബിഎസിലാണ് അച്ചടി നടക്കുന്നതെന്നും മന്ത്രി അറിയിച്ചു.

കാത്തിരിക്കുന്നത് വമ്പൻ അവസരങ്ങൾ, പാചക കലയിൽ നൈപുണ്യം നേടാം

 ഫുഡ് പ്രിപ്പറേഷൻ’ എന്ന പേരിൽ പാചകം എന്ന വിഷയം ഹോട്ടൽ / ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് പ്രോഗ്രാമുകളിൽ ഉൾപ്പെടുന്നുണ്ടെങ്കിലും, പാചക കല മാത്രമടങ്ങുന്ന പ്രോഗ്രാമുകൾക്കു തനതായ മികവുണ്ട്. ‘കളിനറി ആർട്സ്’ സമർഥമായി പഠിച്ചു നൈപുണ്യം നേടിയവർക്ക് ഷെഫുകളായി മേൽത്തരം ഹോട്ടലുകളിൽ ഒന്നാന്തരം അവസരങ്ങൾ ലഭിക്കും. ഇന്ത്യൻ നേവി, ഫ്ലൈറ്റ് കിച്ചൻ, ആശുപത്രി, റെയിൽവേ കേറ്ററിങ് തുടങ്ങിയ മേഖലകളിലുമുണ്ട് വിദഗ്ധ ജോലികൾ. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ തിരുപ്പതിയിലും നോയിഡയിലും പ്രവർത്തിക്കുന്ന ഇന്ത്യൻ കളിനറി ആർട്സ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, ഇന്ദിരാഗാന്ധി നാഷനൽ ട്രൈബൽ യൂണിവേഴ്സിറ്റിയുമായി ചേർന്ന് നടത്തുന്ന എംബിഎ (2022–24), ബിബിഎ (2022–25) പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ജൂൺ 30 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. വിലാസം : Indian Culinary Institute, A -35, Sector -62, NOIDA – 201309; ഫോൺ : 9661693670; വെബ് : www.icinoida.com/ www.thims.gov.in

വിദേശ പഠനത്തിനുള്ള GSET സ്‌കോളര്‍ഷിപ്പ്: കേരളത്തിലെ 144 വിദ്യാര്‍ത്ഥികള്‍ അര്‍ഹരായി

 ആഗോള സര്‍വകലാശാലകളെയും വിദ്യാര്‍ഥികളെയും ബന്ധിപ്പിക്കുന്ന പ്രമുഖ വെബ് പോര്‍ട്ടലായ അഡ്മിഷന്‍സ് ഡയറക്ട് ഡോട്ട് കോം  സംഘടിപ്പിച്ച ഗ്ലോബല്‍ സ്‌കോളര്‍ഷിപ്പ് എലിജിബിലിറ്റി ടെസ്റ്റ് (GSET) വഴി വിദേശ യൂണിവേഴ്‌സിറ്റികളിലേക്ക് സ്‌കോളര്‍ഷിപ്പിന് 144 വിദ്യാര്‍ത്ഥികള്‍ അര്‍ഹരായി. 5 മുതല്‍ എട്ടു ലക്ഷം രൂപ വരെയാണ് ഓരോ വിദ്യാര്‍ത്ഥിക്കും ഫീസ് ഇനത്തിൽ സ്‌കോളര്‍ഷിപ്പ് ലഭിക്കുക. വിദേശ പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി അഡ്മിഷന്‍സ് ഡയറക്ട് ഡോട്ട് കോം യൂറോപ്പിലെ മൂന്ന് യൂണിവേഴ്‌സിറ്റികളുമായി സഹകരിച്ചാണ് ജിസെറ്റ് സ്‌കോളര്‍ഷിപ്പ് ടെസ്റ്റ് സംഘടിപ്പിച്ചത്.

പ്ലസ് വണിന് സീറ്റ് വര്‍ധന, താല്‍ക്കാലിക ബാച്ച്‌

 പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ സീറ്റ് വര്‍ധനയും താല്‍ക്കാലിക ബാച്ചുകളും അനുവദിച്ച കഴിഞ്ഞവര്‍ഷത്തെ നടപടി ഇത്തവണയും തുടരുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. സീറ്റ് വര്‍ധനയില്‍ മലബാറിലെ ജില്ലകള്‍ക്ക് മുന്‍ഗണന നല്‍കും.കഴിഞ്ഞവര്‍ഷം രണ്ട് ഘട്ടമായി 30 ശതമാനം ആനുപാതിക സീറ്റ് വര്‍ധനയാണ് ആദ്യം നടപ്പാക്കിയത്. ഇതിന് ശേഷം 75 താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കുകയും കുട്ടികളില്ലാത്ത നാല് ബാച്ചുകള്‍ മറ്റ് ജില്ലകളിലേക്ക് മാറ്റിനല്‍കുകയും ചെയ്തിരുന്നു. ആ നടപടിക്രമം ഈ വര്‍ഷവും തുടരേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.

എയർപോർട്ട് മാനേജ്‌മെന്റ് ഡിപ്ലോമ അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജൂലായ് സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർപോർട്ട് മാനേജ്‌മെന്റെ് പ്രോഗ്രാമിൽ അപേക്ഷ ക്ഷണിച്ചു. നാഷണൽ സ്‌കിൽ ഡവലപ്‌മെന്റ് കോർപ്പറേഷൻ അംഗീകാരമുള്ള പ്രോഗ്രാമിന് ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. കോഴ്‌സ് സംബന്ധിച്ച വിശദാംശങ്ങൾ www.srccc.in ൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30. 

സ്കൂളുകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങൾ; ആദ്യഘട്ടത്തിൽ എറണാകുളത്തെ 13 സ്കൂളുകളിൽ വെതർ സ്റ്റേഷൻ

ഭൂമി ശാസ്ത്രത്തിന്റെ പാഠങ്ങൾ വിദ്യാർത്ഥികൾക്ക് കൂടുതൽ മെച്ചപ്പെട്ട രീതിയിൽ മനസിലാക്കുന്നതിനായി സ്കൂളുകളിൽ വെതർ സ്റ്റേഷൻ സംവിധാനം ഒരുങ്ങുന്നു. സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമ പദ്ധതിയിൽ ഉൾകൊള്ളിച്ചു നടപ്പാക്കുന്ന പദ്ധതി ആദ്യ ഘട്ടത്തിൽ എറണാകുളം ജില്ലയിലെ 13 സ്കൂളുകളിലായിരിക്കും  നടപ്പാക്കുന്നത്. കാലാവസ്ഥയെ കുറിച്ച് കൂടുതൽ മെച്ചപ്പെട്ട ധാരണ ഉണ്ടാക്കുക, കാലാവസ്ഥ മാറ്റങ്ങൾ മനസിലാക്കുക, വിവിധ കാലാവസ്ഥ അവസ്ഥകൾ മനസിലാക്കുക തുടങ്ങിയ കാര്യങ്ങളാണു പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

യൂണിവേഴ്സിറ്റി അറിയിപ്പുകൾ 

 എം .ജി യൂണിവേഴ്സിറ്റി 

സൗജന്യ പരീക്ഷാ പരിശീലനം

കേരളത്തിലെ വിവിധ സഹകരണ ബാങ്കുകളിലെ ജൂനിയർ ക്ലാർക്ക് നിയമനത്തിനായി സഹകരണ സർവ്വീസ് എക്‌സാമിനേഷൻ ബോർഡ് നടത്തുന്ന പരീക്ഷക്കുള്ള സൗജന്യ ഓഫ്‌ലൈൻ പരിശീലന പരിപാടി മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ ഉടൻ ആരംഭിക്കുന്നു.  പങ്കെടുക്കുവാൻ താൽപര്യമുള്ളവർ 0481 2731025, 9605674818  എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക

പരീക്ഷ ജൂൺ 29 നും ജൂലൈ എട്ടിനും

ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. (2013-2016 അ്ഡമിഷനുകൾ - റീ-അപ്പിയറൻസ്), സൈബർ ഫോറൻസിക് (2014 അഡ്മിഷൻ -റീ-അപ്പിയറൻസ്) പരീക്ഷകൾ ജൂൺ 29, ജൂലൈ എട്ട് തീയതികളിലായി നടക്കും.

 
പരീക്ഷാ ഫലം

2021 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. - എം.എസ്.സി. സൈക്കോളജി (2020 അഡ്മിഷൻ - റെഗുലർ / 2019 അഡ്മിഷൻ - സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.  പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് ജൂൺ 24 വരെ ഓൺലൈനായി അപേക്ഷിക്കാം. 

വായനാ വാരാചരണം

മഹാത്മാഗാന്ധി സർവകലാശാല ലൈബ്രറിയുടെ ആഭിമുഖ്യത്തിലുള്ള  വായനാ വാരാചരണ  പരിപാടികൾ  ജൂൺ 23 ന് വ്യാഴാഴ്ച രാവിലെ 10.30 -നു സർവകലാശാല സിൻഡിക്കേറ്റ് അംഗം ഡോ. ബി. കേരളവർമ്മ  ഉദ്ഘാടനം ചെയ്യും.  ഉച്ചയ്ക്ക് ചേരുന്ന സമ്മേളനത്തിൽ കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല പ്രൊഫസർ ഡോ. ഷാജി ജേക്കബ് മുഖ്യ പ്രഭാഷണം നടത്തും.  കുട്ടികളുമായുള്ള  ശ്രീ. എ.ആർ. രേണുകുമാറിന്റെ സംവാദവും സംഘടിപ്പിച്ചിട്ടുണ്ട്.

കാലിക്കറ്റ് യൂണിവേഴ്സിറ്റി 

നെറ്റ് പരിശീലനം

കാലിക്കറ്റ് സര്‍വകലാശാലാ വിദ്യാഭ്യാസ പഠന വിഭാഗത്തിലെ അദ്ധ്യാപക പരിശീലന കേന്ദ്രത്തില്‍ ഏഡ്യുക്കേഷനില്‍ നെറ്റ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.mhrdtlc.uoc.ac.in) ലഭ്യമാണ്. ഫോണ്‍ 9447247627, 9048356933.

എം.സി.എ. പുനര്‍മൂല്യനിര്‍ണയ ഫലം

മൂന്നാം സെമസ്റ്റര്‍ എം.സി.എ. ഏപ്രില്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു

ബി.കോം . ഹാള്‍ടിക്കറ്റ്

ബി.കോം. കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ നാല്, അഞ്ച്, ആറ് സെമസ്റ്റര്‍ റഗുലര്‍ പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

കേരള സർവകലാശാല

റാങ്ക് നേടി

കേരള സർവകലാശാല 2022 മാർച്ചിൽ നടത്തിയ ബി.എ. പരീക്ഷയിൽ സംസ്‌കൃതം സ്പെഷ്യൽ ജ്യോതിഷം വിഷയത്തിൽ തിരുവനന്തപുരം സർക്കാർ സംസ്‌കൃത കോളജ് വിദ്യാർഥിനികളായ എം. ഗോപിക ഒന്നാം റാങ്കും എം. ഗായത്രി രണ്ടാം റാങ്കും നേടി.

സംസ്കൃത സർവ്വകലാശാല വാർത്തകൾ

പരീക്ഷകൾ 

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ നാലാം സെമസ്റ്റർ ബി. എഫ്. എ. യുടെ പുനഃക്രമീകരിക്കപ്പെട്ട പരീക്ഷകൾ  ജൂൺ 28, 29 തീയതികളിൽ നടക്കും. 

ജൂൺ 22ന് നിശ്ചയിച്ചിരുന്ന ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ രണ്ടാം സെമസ്റ്റർ ബി. എ. / ബി. എഫ്. എ. / ഡിപ്ലോമ ഇൻ ആയുർവേദ പഞ്ചകർമ്മ പരീക്ഷകൾ മാറ്റിവച്ചു.

റാങ്ക് പട്ടിക റദ്ദാക്കി

തൃശൂര്‍ ജില്ലയില്‍ വിവിധ വകുപ്പുകളിലെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് (എസ് ആര്‍ ഫോര്‍ എസ് ടി) (കാറ്റഗറി നമ്പര്‍ 348/2017) തസ്തികയുടെ തിരഞ്ഞെടുപ്പിന് വേണ്ടി 2019 ജൂണ്‍ 11ന് നിലവില്‍ വന്ന റാങ്ക് പട്ടികയുടെ (RL NO.348/19/DOR) മൂന്ന് വര്‍ഷ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് റാങ്ക് പട്ടിക റദ്ദാക്കിയതായി കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു.




0 comments: