ഓഹരി വിപണിയിലെ ഏത് ചാഞ്ചാട്ടങ്ങള്‍ക്കിടയിലും പരുക്കേല്‍ക്കാതെ രക്ഷപ്പെടാനുള്ള നിക്ഷേപമാര്‍ഗമാണ് സ്ഥിര നിക്ഷേപം. സമാന രീതിയില്‍ ഒറ്റത്തവണ നിക്ഷേപിച്ച് മാസത്തില്‍ നല്ലൊരു തുക നേടാന്‍ സഹായിക്കുന്ന ഒരു പദ്ധതിയാണ് എസ്ബിഐ ആന്വിറ്റി ഡെപ്പോസിറ്റ്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അവതരിപ്പിച്ച പദ്ധതിയാണ് എസ്ബിഐ ആന്വിറ്റി ഡെപ്പോസിറ്റ് സ്‌കീം. സുരക്ഷയോടെ നിക്ഷേപിക്കുന്നതിനൊപ്പം മാസത്തില്‍ സ്ഥിര വരുമാനവും പദ്ധതി വഴി ലഭിക്കുന്നു. നിക്ഷേപിക്കുന്ന തുകയും പലിശയും ചേര്‍ത്തുള്ള തുകയാണ് മാസത്തില്‍ ബാങ്ക് നല്‍കുന്നത്. ഇതുവഴി മാസത്തില്‍ സ്ഥിര വരുമാനം നേടാന്‍ സാധിക്കും.
ആര്‍ക്കൊക്കെ ചേരാം?
രാജ്യത്ത് താമസക്കാരനായ ഏതൊരാള്‍ക്കും നിക്ഷേപം ആരംഭിക്കാന്‍ സാധിക്കും. പ്രായപൂര്‍ത്തിയാവാത്തവര്‍ക്കും പദ്ധതിയില്‍ ചേരാം. ഒറ്റയ്ക്കോ ഒന്നിലധികം പേര്‍ ചേര്‍ന്നോ ഈ പദ്ധതിയില്‍ അംഗമാകാം. എന്‍ആര്‍ഒ, എന്‍ആര്‍ഇ ഉപഭോക്താക്കള്‍ക്ക് എസ്ബിഐ ആന്വിറ്റി നിക്ഷേപ പദ്ധതിയില്‍ ചോരാന്‍ സാധിക്കില്ല. പദ്ധതിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എസ്ബിഐ അക്കൗണ്ട് ആവശ്യമാണ്. രാജ്യത്തെ എസ്ബിഐ യുടെ ഏത് ബ്രാഞ്ചിലും നിക്ഷേപം നടത്താം. രാജ്യത്തെ ഏത് ബ്രാഞ്ചിലേക്കും ആന്വിറ്റി ഡെപ്പോസിറ്റ് മാറ്റാനും സാധിക്കും.
കാലവധി
നാല് തരം കാലവധിയില്‍ എസ്ബിഐ ആന്വിറ്റി പദ്ധതിയില്‍ ചേരാം. 36, 60,84, 120 മാസങ്ങളുടെ കാലാവധിയില്‍ നിക്ഷേപം നടത്താം. ചുരുങ്ങിയത് മാസം 1,000 രൂപയാണ് ആന്വിറ്റിയായി ലഭിക്കുക്കുക. ഇത് അനുസരിച്ച് മൂന്ന് വര്‍ഷ പദ്ധതിയില്‍ ചേരുന്ന നിക്ഷേപകന്‍ ചുരുങ്ങിയ തുകയായി 36,000 രൂപ ആന്വിറ്റി ഡെപ്പോസിറ്റ് പദ്ധതിയിലേക്ക് നിക്ഷേപിക്കണം. എന്നാല്‍ നിക്ഷേപിക്കാനുള്ള ഉയര്‍ന്ന പരിധിയില്ല. ആന്വിറ്റി ഡെപ്പോസിറ്റ് പ്രകാരം 15 ലക്ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് കാലവധിക്ക് മുന്‍പുള്ള പിന്‍വലിക്കല്‍ അനുവദിക്കും. ഇത്തരത്തില്‍ പിന്‍വലിക്കല്‍ നടത്തുമ്ബോള്‍ ടേംഡെപ്പോസിറ്റിന് ബാധകമായ പിഴ ഈടാക്കും. എന്നാല്‍ ആന്വിറ്റി ഡെപ്പോസിറ്റ് ഉടമ മരണപ്പെട്ടാല്‍ നിബന്ധനകളില്ലാതെ പണം പിന്‍വലിക്കാന്‍ അനുവദിക്കും.
പലിശ നിരക്ക്
എസ്ബിഐ സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് തന്നെയാണ് എസ്ബിഐ ആന്വിറ്റി നിക്ഷേപങ്ങള്‍ക്കും നല്‍കുന്നത്. മുതിര്‍ന്നവര്‍ക്കും ഇത് ബാധകമാണ്. റിപ്പോ നിരക്ക് ഉയര്‍ത്തിയതിന്റെ ഭാഗമായി ഈയിടെ ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തിയിരുന്നു. പുതിയ നിരക്ക് പ്രകാരം മൂന്ന് വര്‍ഷത്തേക്കുള്ള നിക്ഷേപങ്ങള്‍ക്ക് 5.45 ശതമാനം പലിശയാണ് സാധാരണ നിക്ഷേപകര്‍ക്ക് ലഭിക്കുക. 60 വയസ് കഴിഞ്ഞ നിക്ഷേപകര്‍ക്ക് 5.95ശതമാനവും ലഭിക്കും. 5 വര്‍ഷത്തിനും 10 വര്‍ഷത്തിനും ഇടയിലുള്ള നിക്ഷേപത്തിന് സാധാരണക്കാര്‍ക്ക് 5.50 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.30 ശതമാനവുമാണ് പലിശ ലഭിക്കുക. ആന്വിറ്റി ഡെപ്പോസിറ്റ് സ്കീമില്‍ പലിശയോടൊപ്പം നിക്ഷേപത്തിന്റെ ഒരു ഭാഗവും മാസത്തില്‍ തിരികെ നിക്ഷേപകന് ലഭിക്കും.
മറ്റു പ്രത്യേകതകള്‍
നിക്ഷേപം ആരംഭിച്ച ദിവസം കണക്കാക്കിയാണ് ആന്വിറ്റി നല്‍കുക. 29,30,31 തീയതിയാണെങ്കില്‍ തൊട്ടടുത്ത മാസത്തിലെ ഒന്നാം തീയതി പണം നല്‍കും. ആന്വിറ്റി ഡെപ്പോസിറ്റിന് മേല്‍ 75 ശതമാനം തുക ഓവര്‍ഡ്രാഫ്‌റ്റോ വായ്പയോ അനുവദിക്കും. വായ്പ അനുവദിച്ചാല്‍ തുടര്‍ന്നുള്ള മാസത്തെ ആന്വിറ്റി തുക ലോണ്‍ അക്കൗണ്ടിലേക്ക് മാറ്റും. അതേസമയം പലിശയോടൊപ്പം നിക്ഷേപത്തിന്റെ ഒരു ഭാഗവും മാസത്തില്‍ തിരികെ നിക്ഷേപകന് ലഭിക്കുന്നതിനാല്‍ കാലാവധിയില്‍ തിരികെ പണം ലഭിക്കില്ലെന്നത് നിക്ഷേപകര്‍ ഓര്‍മിക്കേണ്ട കാര്യമാണ്. എസ്ബിഐയില്‍ പദ്ധതിക്ക് സ്ഥിര നിക്ഷേപത്തിനുള്ള പലിശ തന്നെയാണ് നല്‍കുന്നത്.
0 comments: