2021 മാര്‍ച്ച് ഒന്ന് വരെയുള്ള കണക്കുകള്‍ പ്രകാരം കേന്ദ്രസര്‍ക്കാര്‍ വകുപ്പുകളില്‍ 9.79 ലക്ഷം ഒഴിവുകളുണ്ടെന്ന് കേന്ദ്രം അറിയിച്ചു.കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ലോക്‌സഭയില്‍ ഒരു ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.മാര്‍ച്ച് ഒന്ന് വരെ കേന്ദ്ര സര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങള്‍ക്ക് കീഴില്‍ 40,35,203 തസ്തികകളാണ് അനുവദിച്ചിട്ടുള്ളത്. എന്നാല്‍ 30,55,876 തസ്തികകളിലാണ് ജീവനക്കാരുള്ളത്. 9.79 ലക്ഷം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണെന്നും കേന്ദ്രം വ്യക്തമാക്കി.
കേന്ദ്രസര്‍ക്കാരില്‍ തസ്തികകള്‍ സൃഷ്ടിക്കുന്നതും നികത്തുന്നതും ബന്ധപ്പെട്ട മന്ത്രാലയത്തിന്റെയും വകുപ്പിന്റെയും ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു. വിരമിക്കല്‍, സ്ഥാനക്കയറ്റം, രാജി, മരണം തുടങ്ങിയവയാണ് ഒഴിവുകള്‍ക്ക് കാരണമാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.ഒഴിവുള്ള തസ്തികകള്‍ സമയബന്ധിതമായി നികത്തുന്നതിന് 10 ലക്ഷം ആളുകളെ ‘മിഷന്‍ മോഡില്‍’ റിക്രൂട്ട് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ മന്ത്രാലയങ്ങളോടും വകുപ്പുകളോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എല്ലാ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളിലും ഇ-ഓഫീസ് സംവിധാനം നടപ്പിലാക്കിയതായും ജിതേന്ദ്ര സിംഗ് ലോക്‌സഭയില്‍ പറഞ്ഞു.അടുത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ 10 ലക്ഷം പേരെ മിഷന്‍ മോഡില്‍ റിക്രൂട്ട് ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ മാസം വിവിധ സര്‍ക്കാര്‍ വകുപ്പുകളോടും മന്ത്രാലയങ്ങളോടും ആവശ്യപ്പെട്ടിരുന്നു.
0 comments: