2022, ജൂലൈ 28, വ്യാഴാഴ്‌ച

മാനേജ്മെന്‍റ്/ കമ്യൂണിറ്റി ക്വോട്ട സീറ്റിലെ കോടതി വിധി; പ്ലസ് വണ്‍ ട്രയല്‍ അലോട്ട്മെന്‍റ് നാളത്തേക്ക് മാറ്റി

 

എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെന്‍റ്/ കമ്യൂണിറ്റി ക്വോട്ട സീറ്റ് വിഹിതത്തില്‍ മാറ്റം വരുത്തിയുള്ള ഹൈകോടതി ഉത്തരവിനെ തുടര്‍ന്ന് വ്യാഴാഴ്ച പ്രസിദ്ധീകരിക്കാനിരുന്ന പ്ലസ് വണ്‍ ട്രയല്‍ അലോട്ട്മെന്‍റ് വെള്ളിയാഴ്ചയിലേക്ക് മാറ്റി.

വെള്ളിയാഴ്ച ഉച്ചയോടെ ട്രയല്‍ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചാല്‍ മൂന്നു ദിവസം അപേക്ഷയില്‍ തിരുത്തല്‍ വരുത്താനും ഓപ്ഷനുകള്‍ പുനഃക്രമീകരിക്കാനും സമയം നല്‍കും. ഇതിനു ശേഷം ആഗസ്റ്റ് മൂന്നിനോ നാലിനോ ആദ്യ അലോട്ട്മെന്‍റ് പ്രസിദ്ധീകരിക്കും. ഹൈകോടതി ഉത്തരവോടെ ന്യൂനപക്ഷ/ പിന്നാക്ക ഇതര സമുദായ മാനേജ്മെന്‍റുകള്‍ക്ക് കീഴിലുള്ള സ്കൂളുകളില്‍ അനുവദിച്ചിരുന്ന 10 ശതമാനം കമ്യൂണിറ്റി ക്വോട്ട സീറ്റ് റദ്ദാകും. ഈ സീറ്റുകള്‍ കൂടി ഓപണ്‍ മെറിറ്റിലേക്ക് ചേര്‍ക്കും.

എന്നാല്‍, നേരത്തേ 30 ശതമാനം മാനേജ്മെന്‍റ് ക്വോട്ട സീറ്റില്‍ പ്രവേശനം നടത്തിയിരുന്ന സമുദായ ഇതര സ്വതന്ത്ര മാനേജ്മെന്‍റുകള്‍ക്ക് കീഴിലുള്ള സ്കൂളുകളിലെ 10 ശതമാനം സീറ്റുകള്‍ ഓപണ്‍ മെറിറ്റില്‍ ലയിപ്പിച്ച സര്‍ക്കാര്‍ നടപടി കോടതി ശരിവെക്കുകയും ചെയ്തു. ഈ നടപടി ചോദ്യം ചെയ്താണ് ഒരുപറ്റം മാനേജ്മെന്‍റുകള്‍ കോടതിയെ സമീപിച്ചത്.

ആവശ്യം തള്ളിയ കോടതി ന്യൂനപക്ഷ/ പിന്നാക്ക ഇതര സമുദായ മാനേജ്മെന്‍റുകള്‍ക്ക് കീഴിലുള്ള സ്കൂളുകളില്‍ അനുവദിച്ച 10 ശതമാനം കമ്യൂണിറ്റി ക്വോട്ട സീറ്റ് കൂടി ഓപണ്‍ മെറിറ്റില്‍ ലയിപ്പിക്കാന്‍ ഉത്തരവിടുകയായിരുന്നു. കോടതി ഉത്തരവോടെ മുഴുവന്‍ എയ്ഡഡ് സ്കൂളുകളിലെയും മാനേജ്മെന്‍റ് ക്വോട്ട സീറ്റ് 20 ശതമാനമായി. ഇതിനു പുറമെ, ന്യൂനപക്ഷ/ പിന്നാക്ക സമുദായ മാനേജ്മെന്‍റുകള്‍ക്ക് കീഴിലുള്ള സ്കൂളുകളില്‍ മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നടത്തുന്ന 20 ശതമാനം കമ്യൂണിറ്റി ക്വോട്ട സീറ്റുമുണ്ടാകും.

0 comments: