സംസ്ഥാനത്ത് കഴിഞ്ഞ മാര്‍ച്ചില്‍ നടത്തിയ രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ പുനര്‍ മൂല്യനിര്‍ണയത്തില്‍ 10 ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്ക് സ്വന്തമാക്കിയത് 2201 വിദ്യാര്‍ഥികള്‍.ഇതില്‍ തന്നെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് പുനര്‍മൂല്യനിര്‍ണയത്തില്‍ 10 ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്ക് ലഭിച്ചത് ഇംഗ്ലീഷിനാണ്. 1000 ത്തോളം വിദ്യാര്‍ഥികള്‍ക്ക് നിലവില്‍ അവര്‍ക്ക് ഇംഗ്ലീഷിനു വാര്‍ഷിക പരീക്ഷയില്‍ ലഭിച്ച മാര്‍ക്കിനേക്കാള്‍ പത്തു ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്ക് പുനര്‍മൂല്യനിര്‍ണയം നടത്തിയപ്പോള്‍ ലഭിച്ചത്.
പത്തു ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചാല്‍ പുനര്‍മൂല്യനിര്‍ണയത്തിനായി വിദ്യാര്‍ഥികളില്‍ നിന്ന് ഓരോ വിഷയത്തിന് ഈടാക്കുന്ന 500 രൂപ തിരികെ നല്‍കണം. കഴിഞ്ഞ ദിവസം പുനര്‍മൂല്യനിര്‍ണയഫലം പ്രഖ്യാപിച്ചതിനു പിന്നാലെ ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ് പണം തിരികെ നല്‍കേണ്ട വിദ്യാര്‍ഥികളുടെ പണം അടിയന്തരമായി മടക്കി നല്‍കണമെന്ന നിര്‍ദേശവും നല്കി. ആദ്യം ഫലം പ്രഖ്യാപിച്ചപ്പോള്‍ ഇംഗ്ലീഷിന് 58 മാര്‍ക്ക് ഉണ്ടായിരുന്ന തലസ്ഥാന ജില്ലയിലെ ഒരു സ്കൂളിലെ വിദ്യാര്‍ഥിക്ക് പുനര്‍മൂല്യനിര്‍ണയം നടത്തിയപ്പോള്‍ 18 മാര്‍ക്കിന്റെ വ്യത്യാസമാണ് ഉണ്ടയിട്ടുള്ളത്. പുനര്‍മൂല്യനിര്‍ണയം നടത്തിയപ്പോള്‍ 76 മാര്‍ക്കായാണ് ആ വിദ്യാര്‍ഥിയുടെ സ്കോര്‍.
ഇംഗ്ലീഷിനു പിന്നാലെ പൊളിറ്റിക്കല്‍ സയന്‍സ്, ഹിസ്റ്ററി എന്നീ വിഷയങ്ങള്‍ക്കും കൂടുതല്‍ വിദ്യാര്‍ഥികള്‍ പുനര്‍മൂല്യനിര്‍ണയത്തില്‍ നിലവിലുള്ളതിനേക്കാല്‍ പത്തു ശതമാനം അധികം മാര്‍ക്ക് സ്വന്തമാക്കി.കേരളത്തിനകത്തും മാഹി, ലക്ഷദ്വീപ്, യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നും പുനര്‍മൂല്യനിര്‍ണയത്തിനായി അപേക്ഷിച്ചതില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചത് ഇംഗ്ലീഷിനാണെന്ന പ്രത്യേകത ഉണ്ട്.
0 comments: