ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പിന്നാക്ക-ന്യൂനപക്ഷ സമുദായ മാനേജ്മെന്റുകള്‍ക്ക് കീഴിലെ സ്കൂളുകളിലല്ലാതെ സമുദായ ക്വോട്ടയില്‍ പ്രവേശനം അനുവദിക്കാനാവില്ലെന്ന് ഹൈകോടതി.പിന്നാക്ക-ന്യൂനപക്ഷ മാനേജ്മെന്റുകളല്ലാത്ത സമുദായങ്ങള്‍ക്ക് കീഴിലെ സ്കൂളുകള്‍ക്ക് 10 ശതമാനം സമുദായ ക്വോട്ട അനുവദിച്ച വ്യവസ്ഥ ഭരണഘടന വിരുദ്ധമെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് രാജ വിജയരാഘവന്റെ ഉത്തരവ്.
സ്വകാര്യ, എയ്ഡഡ് സ്കൂളുകളില്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന് 20 ശതമാനം മാനേജ്മെന്റ് ക്വാട്ട അനുവദിച്ചതിന് പുറമെ പിന്നാക്ക-ന്യൂനപക്ഷ സമുദായ മാനേജ്മെന്റ് സ്കൂളുകള്‍ക്ക് 20 ശതമാനം സീറ്റിലും അല്ലാത്ത സമുദായ മാനേജ്മെന്റ് സ്കൂളുകളില്‍ 10 ശതമാനം സീറ്റിലും ബന്ധപ്പെട്ട സമുദായക്കാര്‍ക്ക് മെറിറ്റ് അടിസ്ഥാനത്തില്‍ സംവരണം അനുവദിക്കാനും ജൂലൈ ഏഴിന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ഈ രണ്ട് വിഭാഗത്തിലും പെടാത്തതും സമുദായമേതെന്ന് പ്രഖ്യാപിക്കാതെ പ്രവര്‍ത്തിക്കുന്നതുമായ സ്കൂളുകള്‍ 20 ശതമാനം മാനേജ്മെന്റ് ക്വോട്ടയിലൊഴികെ മുഴുവന്‍ സീറ്റിലും കേന്ദ്രീകൃത അലോട്ട്മെന്റ് പ്രക്രിയയിലൂടെ ഓപണ്‍ മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നടത്തണമെന്നും 2022-23 പ്ലസ് വണ്‍ പ്രവേശന പ്രോസ്പെക്ടസ് ഇതിന്റെ അടിസ്ഥാനത്തില്‍ വേണമെന്നും നിര്‍ദേശിച്ചിരുന്നു. ഈ ഉത്തരവും പ്രോസ്പെക്ടസും ചോദ്യം ചെയ്ത് നല്കിയ ഒരു കൂട്ടം ഹരജികളാണ് കോടതി പരിഗണിച്ചത്.
വ്യക്തികള്‍, സൊസൈറ്റികള്‍, ട്രസ്റ്റുകള്‍, ഏജന്‍സികള്‍ തുടങ്ങി സാമുദായിക അടിസ്ഥാനത്തിലല്ലാതെ പ്രവര്‍ത്തിക്കുന്ന മാനേജ്മെന്റുകളാണ് തങ്ങളുടെ 10 ശതമാനം സീറ്റുകള്‍ നഷ്ടപ്പെടുന്നതായി ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത്.എന്നാല്‍, മാനേജ്മെന്റ് ക്വോട്ട എല്ലാ സ്വകാര്യ, എയ്ഡഡ് സ്കൂളുകളിലും 20 ശതമാനം മാത്രമാണ് അനുവദിച്ചതെന്നും അതിലധികം വേണമെന്ന അവകാശവാദം നിലനില്‍ക്കുന്നതല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. 20 ശതമാനം മാനേജ്മെന്റ് ക്വോട്ട ചോദ്യം ചെയ്യുന്ന ഹരജികള്‍ കോടതി തള്ളി.
0 comments: