2022, ജൂലൈ 20, ബുധനാഴ്‌ച

നീറ്റ്: ഗള്‍ഫിലെ ചോദ്യപേപ്പറില്‍ മാറ്റം

 

മെഡിക്കല്‍ പ്രവേശനപരീക്ഷയായ 'നീറ്റി'ന് ഗള്‍ഫ് സെന്‍ററുകളിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയത് നാട്ടിലേതില്‍നിന്ന് വ്യത്യസ്തമായ ചോദ്യപേപ്പര്‍.ഇന്ത്യയിലെ മെഡിക്കല്‍ കോളജുകളില്‍ മെഡിക്കല്‍ പ്രവേശനത്തിന് ഏര്‍പ്പെടുത്തിയ ഏകജാലകസംവിധാനമായ 'നീറ്റ്' പരീക്ഷക്ക് വ്യത്യസ്ത ചോദ്യപേപ്പര്‍ നല്‍കിയത് വിവേചനമാണെന്ന് വിദ്യാര്‍ഥികളും രക്ഷിതാക്കളും പറയുന്നു.

കഴിഞ്ഞ വര്‍ഷം ഗള്‍ഫ് രാജ്യങ്ങളിലെ രണ്ടു സെന്‍ററുകളില്‍ പരീക്ഷ നടന്നപ്പോള്‍ ചോദ്യങ്ങള്‍ നാട്ടിലേതിന് സമാനമായിരുന്നു. എന്നാല്‍, ഇത്തവണ എട്ടു കേന്ദ്രങ്ങളിലായി നടന്ന പരീക്ഷക്ക് ലഭിച്ച ചോദ്യപേപ്പര്‍ വ്യത്യസ്തമാണ്. 'നീറ്റ്' ഉത്തരസൂചിക ഓണ്‍ലൈനില്‍ പരിശോധിച്ചപ്പോഴാണ് വിദ്യാര്‍ഥികള്‍ പലരും ഇക്കാര്യമറിയുന്നത്. മാത്രമല്ല, ഫിസിക്സ് അടക്കമുള്ള വിഷയങ്ങളില്‍ നാട്ടിലെ ചോദ്യങ്ങള്‍ എളുപ്പമാണെന്നും ഗള്‍ഫിലെ സെന്‍ററുകളില്‍ ലഭിച്ച ചോദ്യങ്ങള്‍ താരതമ്യേന പ്രയാസകരമാണെന്നും പറയുന്നു. ഇത് മൂല്യനിര്‍ണയത്തില്‍ ഗള്‍ഫ് വിദ്യാര്‍ഥികള്‍ പിറകിലാകാന്‍ കാരണമാകുമെന്നും ആശങ്കയുണ്ട്.

ചോദ്യപേപ്പര്‍ വ്യത്യസ്തമാകുമെന്ന് അധികൃതരുടെ ഭാഗത്തുനിന്ന് അറിയിപ്പും ഉണ്ടായിരുന്നില്ല. പരീക്ഷ കഴിഞ്ഞശേഷമാണ് അധ്യാപകരും പരിശീലന സ്ഥാപനങ്ങളുമടക്കം ഇക്കാര്യം അറിയുന്നത്. ഗള്‍ഫിലെ ചോദ്യപേപ്പറില്‍ നാട്ടിലുള്ളതിനേക്കാള്‍ കൂടുതല്‍ പേജുകളുണ്ട്. അതേസമയം, പരീക്ഷ നടന്ന സമയവും ദൈര്‍ഘ്യവും ഒരേപോലെയായിരുന്നു. ചോദ്യങ്ങള്‍ വ്യത്യസ്തമായതിനെ സംബന്ധിച്ച്‌ അറിയില്ലെന്നാണ് ഗള്‍ഫ് സെന്‍ററുകളില്‍നിന്ന് ലഭിക്കുന്ന പ്രതികരണം. നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) ഇതുസംബന്ധിച്ച്‌ പ്രതികരിച്ചിട്ടുമില്ല.

0 comments: