2022, ജൂലൈ 1, വെള്ളിയാഴ്‌ച

മെഡിക്കല്‍ രംഗത്തെ ന്യൂജെന്‍ കോഴ്‌സുകള്‍

 

ആരോഗ്യ മേഖല ഇന്ന് ഏറേ പുരോഗമിച്ചിരിക്കുന്നു. ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെ അത്ഭുതാവഹമായ നേട്ടങ്ങളാണ് ഈ മേഖലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. രോഗ നിര്‍ണയ-ചികിത്സാ രീതികളിളെലല്ലാം തന്നെ ഇത് വ്യക്തമായി പ്രതിഫലിക്കുന്നുണ്ട്. അതോടെ ഈ മാറ്റങ്ങള്‍ക്കനുസൃതമായി പുതിയ കോഴ്‌സുകളും ആരോഗ്യ രംഗത്ത് നിലവില്‍ വന്നിട്ടുണ്ട്. 

ബയോമെഡിക്കല്‍ എന്‍ജിനീയറിംഗ് 

എന്‍ജിനീയറിംഗ് സാങ്കേതിക വിദ്യയെ വൈദ്യശാസ്ത്ര മേഖലയുമായി സംയോജിപ്പിച്ച് കൊണ്ട് രോഗനിർണയ ചികിത്സാ സംവിധാനങ്ങള്‍ പ്രത്യേകിച്ച് ഉപകരണങ്ങള്‍ രൂപകല്പന ചെയ്യുന്നതും വികസിപ്പിക്കുന്നതുമെല്ലാം ബയോമെഡിക്കല്‍ എന്‍ജിനീയര്‍മാരാണ്. കേരളത്തില്‍ അത്ര പ്രിയമില്ലെങ്കിലും വിദേശ രാജ്യങ്ങളിൽ ഏറെ തൊഴില്‍ സാധ്യതയുള്ള കോഴ്‌സാണിത്. മെഡിക്കല്‍ ഉപകരണ നിര്‍മ്മാണ രംഗത്തും, ഔഷധ വ്യവസായ മേഖലയിലും, ബയോമെഡിക്കല്‍ എന്‍ജിനീയര്‍മാരുടെ പങ്ക് നിർണായകമാണ്. രോഗനിർണയത്തിനും ചികിത്സക്കുമായി ഉപയോഗിക്കുന്ന യന്ത്രങ്ങള്‍ക്കും,പ്രോസ്‌തെറ്റിക് ഉപകരണങ്ങള്‍ക്കുമെല്ലാം പിന്നില്‍ ഇവരുടെ വൈദഗ്ധ്യമാണ്. കേരളത്തില്‍ നിരവധി എന്‍ജിനീയറിംഗ് കോളജുകളില്‍ ബി.ടെക് ബയോമെഡിക്കല്‍ എന്‍ജിനീയറിംഗ് പഠിക്കാനുള്ള അവസരമുണ്ട്. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളോടെ പ്ലസ് ടു വിജയമാണ് അടിസ്ഥാന യോഗ്യത. സംസ്ഥാന എന്‍ജിനീയറിംഗ് എന്‍ട്രന്‍സില്‍ ലഭിക്കുന്ന റാങ്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഇതു കൂടാതെ ഐ ഐ ടി കാണ്‍പൂര്‍, എന്‍ ഐ ടി, റൂര്‍ക്കല, റായ്പൂര്‍ തുടങ്ങിയവയെല്ലാം ഈ കോഴ്‌സ് നടത്തുന്നുണ്ട്.

ക്ലിനിക്കല്‍ എന്‍ജിനീയറിംഗ് 

ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസ്സും, ഐ ഐ ടി ചെന്നൈയും സി.എം.സി. വെല്ലൂരും സംയുക്തമായി നടത്തുന്ന കോഴ്‌സാണ് എം.ടെക് ക്ലിനിക്കല്‍ എന്‍ജിനീയറിംഗ്. ആശുപത്രികളിലെ സങ്കീര്‍ണമായ മെഡിക്കല്‍ ഉപകരണങ്ങളുടെ മേല്‍നോട്ടവും, സുരക്ഷയും, നിയന്ത്രണവുമെല്ലാം ക്ലിനിക്കല്‍ എൻജിനീയര്‍മാരുടെ ചുമതലയാണ്. ഏതെങ്കിലും വിഷയത്തിലുള്ള ബി. ഇ, ബി.ടെക് ഡിഗ്രിയും ഗെയ്റ്റ് സ്‌കോറുമാണ ്‌യോഗ്യത.

പെര്‍ഫ്യൂഷന്‍ ടെക്‌നോളജി 

ഹൃദയശസ്ത്രക്രിയ പോലുള്ള സങ്കീർണമായ ശസ്ത്രക്രിയകളുടെ അവിഭാജ്യ ഘടകമാണ് പെര്‍ഫ്യൂഷനിസ്റ്റുകള്‍. ശസ്ത്രക്രിയാ സമയത്ത് ഹാര്‍ട്ട്‌ലംഗ് മെഷീന്‍ പോലുള്ള യന്ത്രങ്ങള്‍ ഉപയോഗിച്ച ്‌രോഗിയുടെ രക്തചംക്രമണം നിയന്ത്രിക്കുന്നത് ഇവരാണ്. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളോടെ പ്ലസ് ടു വിജയമാണ് ബി എസ് സി പെര്‍ഫ്യൂഷന്‍ ടെക്‌നോളജി കോഴ്‌സിന് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. ബയോളജിക്ക് 50 ശതമാനം മാര്‍ക്കും ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളിൽ ആകെ 50 ശതമാനം മാര്‍ക്കും നേടിയിരിക്കണം.

കേരളത്തില്‍ തിരുവനന്തപുരം, കോഴിക്കോട് ഗവണ്മെന്റ് മെഡിക്കല്‍ കോളജുകളില്‍ ഈ കോഴ്‌സ്‌ ലഭ്യമാണ്. ജിപ്മര്‍ ക്രിസ്റ്റ്യന്‍ മെഡിക്കല്‍ കോളജ്‌ വെല്ലൂര്‍ എന്നിവിടങ്ങളിലും ഈ കോഴ്‌സ് നടത്തുന്നുണ്ട്. പെര്‍ഫ്യൂഷന്‍ ടെക്‌നോളജിയില്‍ ഉപരിപഠനത്തിനും കേരളത്തില്‍ അവസരമുണ്ട്. ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്‌ മെഡിക്കല്‍ സയന്‍സസ് നടത്തുന്ന പിജി ഡിപ്ലോമാ ഇന്‍ ക്ലിനിക്കല്‍ പെര്‍ഫ്യൂഷന്‍ കോഴ്‌സിന് 60 ശതമാനം മാര്‍ക്കോടെ ബി.എസ്.സി. സുവോളജി ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. ന്യൂഡല്‍ഹി ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്‌ മെഡിക്കല്‍ സയന്‍സ്, ജിപ്മര്‍ തുടങ്ങിയവയാണ് ഈ വിഷയത്തന് ഉപരിപഠനത്തിന് അവസരമൊരുക്കുന്ന മറ്റു പ്രമുഖ സ്ഥാപനങ്ങള്‍. അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസിലും ബി എസ് സി, എം എസ് സി കാര്‍ഡിയാക് പെര്‍ഫ്യൂഷന്‍ ടെക്‌നോളജി കോഴ്‌സ് നടത്തുന്നുമുണ്ട്. 

ഡയാലിസിസ് ടെക്‌നോളജി 

ഗുരുതരമായ വൃക്കരോഗം ബാധിച്ച് ഡയാലിസിസ് ആവശ്യമായി വരുന്ന രോഗികളില്‍ ഡയാലിസിസ് ചെയ്യുന്നതും ഉപകരണങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതും ഡയാലിസിസ് ടെക്‌നോളജിസ്റ്റുകളാണ്. വൃക്കമാറ്റി വെക്കല്‍ ശസ്ത്രക്രിയയുടെയും ഭാഗമാണ് ഇവര്‍. രണ്ട് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ ഡയാലിസിസ് ടെക്‌നോളജി കോഴ്‌സിന് അപേക്ഷിക്കണമെങ്കില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജിയില്‍ 40 ശതമാനം മാര്‍ക്കോടെ പ്ലസ് ടു പാസ്സായിരിക്കണം. കേരളത്തില്‍ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് ഗവണ്‍മെന്റ്‌മെഡിക്കല്‍ കോളജുകളിലും ചില സ്വകാര്യ കോളജുകളിലും ഡിപ്ലോമ, പി ജി ഡിപ്ലോമാ കോഴ്‌സിനുള്ള സൗകര്യമുണ്ട്. കൊച്ചിയിലെ അമൃത സെന്റര്‍ ഫോര്‍ അലൈഡ് ഹെല്‍ത്ത് സയന്‍സിനു കീഴില്‍ ബി എസ് സി, എം എസ്‌സി. ഡയാലിസിസ് തെറാപ്പി കോഴ്‌സും നടത്തുന്നുണ്ട്. ജിപ്മര്‍, ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് വെല്ലൂര്‍ തുടങ്ങിയ സ്ഥാപനങ്ങളിലും ഡയാലിസിസ ്ടെക്‌നോളജി പഠിക്കാനുള്ള അവസരമുണ്ട്. 


0 comments: