2022, ജൂലൈ 17, ഞായറാഴ്‌ച

2000 ഹൈസ്കൂളുകളില്‍ 9000 റോബോട്ടിക് കിറ്റുകള്‍ ലഭ്യമാക്കും: വിദ്യാഭ്യാസമന്ത്രി

കേരളത്തിലെ രണ്ടായിരം ഹൈസ്കൂളുകളില്‍ കൈറ്റ് സ്ഥാപിച്ചിട്ടുള്ള ലിറ്റില്‍ കൈറ്റ്സ് ഐടി ക്ലബുകള്‍  വഴി ഒന്‍പതിനായിരം റോബോട്ടിക് കിറ്റുകള്‍ ലഭ്യമാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിച്ചു. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളിലെ ജില്ലാ ക്യാമ്പ് സന്ദര്‍ശനത്തിനുശേഷം പതിനാല് ജില്ലകളിലേയും ലിറ്റില്‍ കൈറ്റ്സ് ക്യാമ്പംഗങ്ങളുമായി സംവദിക്കുകയായിരുന്നു മന്ത്രി. ഐടി മേഖല പൊതുജന സേവനത്തിനായി വളരരെയധികം പ്രയോജനപ്പെടുത്തുമ്പോള്‍ തന്നെ ഈ മേഖലയിലെ ചൂഷണം തുറന്നു കാട്ടാനും പൊതുജനങ്ങളെ ഉദ്ബുദ്ധരാക്കാനും 3.10 ലക്ഷം രക്ഷിതാക്കള്‍ക്ക് ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകള്‍ വഴി നടത്തിയ സൈബര്‍ സുരക്ഷാ പരിശീലനം ഏറെ പ്രശംസനീയമാണെന്നും മന്ത്രി പറഞ്ഞു.

ഈ വര്‍ഷത്തെ ഏറ്റവും മികച്ച മൂന്ന് ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകള്‍ സംസ്ഥാന തലത്തില്‍ രണ്ട് ലക്ഷം, ഒന്നര ലക്ഷം, ഒരു ലക്ഷം രൂപ വീതവും ജില്ലാതലത്തില്‍ 30,000/- 25,000/-, 15,000/- രൂപ വീതവും അവാര്‍ഡ് നല്‍കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് ചടങ്ങില്‍ പങ്കെടുത്തു. സബ്‍ ജില്ലാ ക്യാമ്പുകളില്‍ പങ്കെടുത്ത 14000 കുട്ടികളില്‍ നിന്നും തിരഞ്ഞെടുത്ത 1100 കുട്ടികളാണ് രണ്ട് ദിവസങ്ങളിലായി നടന്ന ജില്ലാ ക്യാമ്പുകളില്‍ പങ്കെടുത്തത്. 

മൊബൈല്‍ ആപ്പ് നിര്‍മ്മാണം, റാസ്പ്‍ബെറി പൈ-ഇലക്ട്രോ ബ്രിക് എന്നിവ ഉപയോഗിച്ച് ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍, നെറ്റ്‍വര്‍ക്കിലുള്ള ഫാന്‍, ലൈറ്റ് എന്നിവ ശബ്ദസിഗ്നലുകളും ടെക്സ്റ്റ് സന്ദേശങ്ങളും ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന ഹോം ഓട്ടോമേഷൻ സംവിധാനം, ഇതിലേക്കാവശ്യമായ കണക‍്ടിവിറ്റി പ്രോഗ്രാമുകള്‍ തയാറാക്കുന്നതിനുള്ള ലഘു അപ്ലിക്കേഷനുകളുടെ നിര്‍മ്മാണം എന്നിവയാണ് പ്രോഗ്രാമിങ് മേഖലയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ പരിചയപ്പെട്ടത്. ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍, ഐ.ഒ.ടി ഉപകരണമാതൃക എന്നിവയുടെ കോഡിങ് തയാറാക്കുന്നതിനായി പൈത്തണ്‍ പ്രോഗ്രാമിങ്ങും കുട്ടികള്‍ ക്യാമ്പില്‍ പരിശീലിച്ചു. സ്വതന്ത്ര ത്രിഡി ഗ്രാഫിക്സ് സോഫ്റ്റ്‍വെയറായ ബ്ലെന്‍ഡര്‍ ഉപയോഗിച്ച്, ത്രിഡി കാരക്ടര്‍ മോഡലിങ്, കാരക്ടര്‍ റിഗ്ഗിങ്, ത്രിഡി അനിമേഷന്‍ എന്നിവയാണ് അനിമേഷന്‍ മേഖലയിലെ വിദ്യാര്‍ഥികള്‍ പരിശീലിച്ചത്. കുട്ടികള്‍ തന്നെ കാരക്ടര്‍ ഡിസൈന്‍ ചെയ്ത് അനിമേഷന്‍ തയാറാക്കി.

0 comments: