2022, ജൂലൈ 11, തിങ്കളാഴ്‌ച

ഒരേ വാട്സ്‌ആപ്പ് രണ്ട് ഫോണുകളില്‍ ഉപയോഗിക്കാം; ഇതാ വരുന്നു കിടിലന്‍ ഫീച്ചര്‍

 

വാട്സ്‌ആപ്പ് ഈയിടെയായി തങ്ങളുടെ മെസ്സേജിങ് ആപ്പില്‍ നിരവധി പുതുപുത്തന്‍ ഫീച്ചറുകളാണ് അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലുള്ളവരുടെ പ്രധാന സന്ദേശയമക്കല്‍ ആപ്പെന്ന നിലക്ക് യൂസര്‍മാരെ ആകര്‍ഷിക്കാനും പ്ലാറ്റ് ഫോമില്‍ നിലനിര്‍ത്താനുമാണ് വാട്സ്‌ആപ്പ് നിരന്തരം പുതിയ സവിശേഷതകള്‍ ആപ്പില്‍ ചേര്‍ക്കുന്നത്.

എന്നാല്‍, കമ്ബനി ഏറ്റവും പുതുതായി കൊണ്ടുവരാന്‍ പോകുന്ന സവിശേഷത വാട്സ്‌ആപ്പ് യൂസര്‍മാര്‍ ഏറെക്കാലമായി ആവിശ്യപ്പെടുന്നതാണ്. 'മള്‍ട്ടി ഡിവൈസ് ലിങ്കിങ്' എന്ന ഫീച്ചറാണ് ഒടുവില്‍ വാട്സ്‌ആപ്പിലേക്ക് എത്താന്‍ പോകുന്നത്. ഒരു അക്കൗണ്ട് ഒരു സ്മാര്‍ട്ട്ഫോണില്‍ മാത്രമെന്ന പോളിസി വാട്സ്‌ആപ്പ് തിരുത്താന്‍ പോവുകയാണ്.

നിലവില്‍ ഡെസ്ക്ടോപ്പിലും ടാബ്ലറ്റുകളിലും മാത്രമാണ് വാട്സ്‌ആപ്പിലെ ചാറ്റുകള്‍ റീസ്റ്റോര്‍ ചെയ്യാതെ തന്നെ സിങ്ക് ചെയ്ത് വീണ്ടെടുത്ത് ഉപ​യോഗിക്കാന്‍ കഴിയുന്ന സൗകര്യമുള്ളത്. എന്നാല്‍, വാട്സ്‌ആപ്പ് 'ചാറ്റ് സിങ്കിങ്' സൗകര്യം ഉപയോഗപ്പെടുത്തി വൈകാതെ രണ്ടാമതൊരു സ്മാര്‍ട്ട്ഫോണിലും അക്കൗണ്ട് യൂസ് ചെയ്യാന്‍ സാധിക്കും. അതായത്, ഒരു വാട്സ്‌ആപ്പ് രണ്ട് ഫോണുകളില്‍ ഇനി യൂസര്‍മാര്‍ക്ക് ഉപയോഗിക്കാമെന്നര്‍ഥം.

ഡെസ്ക്ടോപ്പില്‍ ക്യൂ.ആര്‍ കോഡ് സ്കാന്‍ ചെയ്ത് ഉപയോഗിക്കുന്നത് പോലെയാകും രണ്ടാമതൊരു ഫോണിലും ഒരു വാട്സ്‌ആപ്പ് അക്കൗണ്ട് ഉപയോഗിക്കാന്‍ സാധിക്കുക. അതേസമയം, ചാറ്റുകള്‍ രണ്ടാമത്തെ ഫോണിലേക്ക് സിങ്ക് ചെയ്യുന്നതിന്റെ വേഗത പ്രധാന ഫോണിലെ ചാറ്റുകളുടെ വലിപ്പത്തിന്റെ അടിസ്ഥാനത്തിലായിരിക്കും.

WABetainfo യുടെ റിപ്പോര്‍ട്ട് അനുസരിച്ച്‌, വാട്ട്‌സ്‌ആപ്പിന്റെ Android 2.22.15 അപ്‌ഡേറ്റിനൊപ്പം വരാനിരിക്കുന്ന സവിശേഷത നിലവില്‍ അതിന്റെ പരീക്ഷണ ഘട്ടത്തിലാണ്. ആന്‍ഡ്രോയ്ഡ്-ഐഫോണ്‍ ഉപയോക്താക്കളിലേക്ക് ഈ ഫീച്ചര്‍ വൈകാതെ തന്നെ വന്നേക്കും.

0 comments: