2022, ജൂലൈ 11, തിങ്കളാഴ്‌ച

പഠനോപകരണങ്ങള്‍ക്ക് നിലവാരമില്ല; ലേണിങ് ആപ് നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി

മക്കള്‍ക്ക് നല്‍കിയ ലേണിങ് ആപിനും പഠനോപകരണങ്ങള്‍ക്കും ഗുണനിലവാരം കുറഞ്ഞതിനെതിരെ ഉപഭോക്തൃ കോടതിയെ സമീപിച്ചയാള്‍ക്ക് അടച്ച 99,000 രൂപയും നഷ്ടപരിഹാരമായി 30,000 രൂപയും തിരികെ നല്‍കാന്‍ വിധി.മഞ്ജു ആര്‍ എന്നയാളുടെ പരാതിയിലാണ് നടപടി.

2021ല്‍, 'ബൈജൂസ്' ലേണിങ് ആപ് പ്രതിനിധികള്‍ മഞ്ജുവിന്റെ വീട് സന്ദര്‍ശിക്കുകയും സ്‌കൂള്‍ പഠനത്തിനായി മകനും മകള്‍ക്കും വേണ്ടിയുള്ള അവരുടെ ലേണിങ് ആപ് സബ്‌സ്‌ക്രൈബ് ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. 2021 ജൂലൈ 25ന്, മഞ്ജുവും ബന്ധുവായ മധുസൂധനയും 99,000 രൂപക്ക് ആപ് സബ്‌സ്‌ക്രൈബ് ചെയ്തു.

ഓണ്‍ലൈന്‍ പഠനത്തിനായി 25,000 രൂപ വിലയുള്ള രണ്ട് ടാബ്‌ലറ്റുകള്‍ ഇവര്‍ നല്‍കിയിരുന്നു. എന്നാല്‍, ഇവ ഗുണനിലവാരം കുറഞ്ഞതാണെന്നും ഇതിനും മറ്റു പഠന സാമഗ്രികള്‍ക്കും തങ്ങള്‍ നല്‍കിയ വിലയില്ലെന്നും തിരിച്ചറിഞ്ഞു. തുടര്‍ന്ന് ഇരുവരും തങ്ങളുടെ സബ്‌സ്‌ക്രിപ്‌ഷന്‍ റദ്ദാക്കണമെന്നും പണം തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ഇ-മെയില്‍ വഴിയും ഫോണ്‍ വഴിയും ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.

പിന്നീട്, ബൈജൂസ് നടത്തുന്ന തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിനെതിരെ പരാതിയുമായി മഞ്ജുവും മധുസൂധനയും ബംഗളൂരു റൂറല്‍ ആന്‍ഡ് അര്‍ബന്‍ ഒന്നാം അഡീഷനല്‍ ജില്ല ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറത്തെ സമീപിക്കുകയായിരുന്നു. വക്കീല്‍ നോട്ടീസ് നല്‍കിയിട്ടും ആപ് അധികൃതര്‍ ഫോറത്തിന് മുമ്ബാകെ ഹാജരായില്ല. തുടര്‍ന്നാണ് ആപ്പിന്റെ എം.ഡി ഉപഭോക്താവിന് 12 ശതമാനം പലിശ സഹിതം 99,000 രൂപ തിരികെ നല്‍കണമെന്ന് കോടതി വിധിച്ചത്. ഉപഭോക്താക്കള്‍ക്കുണ്ടായ നഷ്ടങ്ങള്‍ക്കായി 25,000 രൂപയും വ്യവഹാര ചെലവിനത്തില്‍ 5,000 രൂപയും നല്‍കാനും ഉത്തരവിട്ടു.

0 comments: