2022, ജൂലൈ 20, ബുധനാഴ്‌ച

കടുകട്ടി കെമിസ്ട്രി പരീക്ഷയെ എളുപ്പമാക്കാൻ അധ്യാപക കൂട്ടായ്മ; ഓൺലൈൻ പരിശീലന പരിപാടി അവസാനഘട്ട ഒരുക്കങ്ങളിൽ

 


ചോദ്യപേപ്പറിലെ പ്രശ്നങ്ങളും പരീക്ഷാമൂല്യനിർണ്ണയത്തിലെ ആശയക്കുഴപ്പങ്ങളും കാരണം  കഴിഞ്ഞ കെമിസ്ട്രി പ്ലസ് ടു പരീക്ഷ  ചർച്ചാ വിഷയമായിരുന്നു. ഇത്തവണത്തെ പരീക്ഷ കടുകട്ടിയെന്നായിരുന്നു ഭൂരിഭാഗം വിദ്യാർത്ഥികളും പറഞ്ഞത്. അത് പരീക്ഷാഫലത്തിലും കണ്ടു. 2021ൽ കെമിസ്ട്രി പരീക്ഷയിൽ എ പ്ലസ് നേടിയവർ 64,308 ആയിരുന്നെങ്കിൽ ഇക്കുറി അത് പകുതിയിൽ താഴെയായി, 30615. പരീക്ഷയിൽ തോറ്റവരുടെ എണ്ണവും കാര്യമായി കൂടി. കഴിഞ്ഞ വർഷം 12135 പേരാണ് തോറ്റതെങ്കിൽ ഇത്തവണ അത് 19,705 ലെത്തി.

കെമിസ്ട്രി പ്ലസ് ടു പരീക്ഷയിൽ തോറ്റവർ ഒരുഭാഗത്ത്. കെമിസ്ട്രിക്ക് വിചാരിച്ചത്ര മാർക്കില്ലാത്തതിനാൽ ഉപരിപഠനത്തിന് മങ്ങലേറ്റവർ മറ്റൊരു ഭാഗത്ത്. മിക്കവർക്കും കെമിസ്ട്രി ഒഴികെയുള്ള ശാസ്ത്രവിഷയങ്ങളിൽ എല്ലാം നല്ല മാർക്കും. വിദ്യാർത്ഥികൾ നിരവധി പേർ സമാന ആശങ്ക പങ്ക് വെച്ചതോടെയാണ് കെമിസ്ട്രി അദ്ധ്യാപകരുടെ സംസ്ഥാനതല കൂട്ടായ്മ പരിഹാരവുമായി മുന്നിട്ടിറങ്ങിയത്. CHEM TAK support 2022 എന്ന ഓൺലൈൻ പരിശീലന പരിപാടി ജൂലൈ 4 ന് തുടങ്ങി. ലക്ഷ്യം രസതന്ത്രത്തിൽ കുരുങ്ങിയ വിദ്യാർത്ഥികളുടെ മോചനം.

ആദ്യമായാണ് സംസ്ഥാനത്ത് ഉടനീളമുള്ള വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച്  ഇത്തരത്തിൽ പരിശീലന പരിപാടി. വിവിധ ജില്ലകളിലായി ഇത് വരെ 3300 ഓളം വിദ്യാർത്ഥികളാണ് പ്രതിദിനം ഓൺലൈൻ പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നത്. ഗൂഗിൾ മീറ്റ്, യു ട്യൂബ് ലൈവ് എന്നീ സംവിധാനങ്ങളിലൂടെയാണ് ക്ലാസുകൾ. ഓരോ ദിവസവും പാഠഭാഗങ്ങളിലെ ഏറ്റവും പ്രധാന ചോദ്യങ്ങൾ ക്ലാസിൽ ചർച്ച ചെയ്യുന്നു. വിശദീകരിക്കുന്നതിനൊപ്പം വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് തത്സമയം മറുപടി.

ഇന്ററാക്റ്റീവ് ലൈവ് വീഡിയോ ക്ലാസുകൾ ആണ് അധ്യാപകരുടെ നേതൃത്വത്തിൽ എല്ലാദിവസവും നടക്കുന്നത്. കുട്ടികളുടെ ആത്മവിശ്വാസം കൂട്ടി മികച്ച സ്കോർ നേടി ഉപരിപഠനത്തിനുള്ള സാധ്യത ഉറപ്പിക്കുക എന്നതാണ് ലക്ഷ്യം. എല്ലാ ദിവസവും ഓരോ യൂണിറ്റ് വീതം ഓൺലൈനിൽ വിശദീകരിക്കുന്നു. കുട്ടികളുടെ സംശയങ്ങൾക്ക് വിദഗ്ധരായ അധ്യാപകർ മറുപടികൾ നൽകുന്നു. ലൈവ് ക്ലാസിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് യുട്യൂബിൽ അപ്‍ലോഡ് ചെയ്ത വീഡിയോ വഴി പിന്നീടും കാര്യങ്ങൾ കേട്ടും കണ്ടും പഠിക്കാം. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കാണ് പരിപാടി അനുഗ്രഹമായത്. സ്പെഷ്യൽ ട്യൂഷൻ ക്ലാസിനായി പണം ചിലവാക്കേണ്ട അവസ്ഥ ഒഴിവായി. 


0 comments: