2022, ജൂലൈ 25, തിങ്കളാഴ്‌ച

മറ്റുള്ളവരുടെ ബാഗേജ് ഏറ്റെടുത്ത് കുടുങ്ങരുതെന്ന് മുന്നറിയിപ്പ്

 

വിമാനയാത്രക്കിടെ മറ്റുള്ളവരെ സഹായിക്കാന്‍ അവരുടെ ബാഗേജ് ഏറ്റെടുക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍.ബാഗേജിനകത്ത് നിരോധിത വസ്തുക്കളുണ്ടെങ്കില്‍ അതിന്‍റെ നിയമപരമായ ഉത്തരവാദിത്തംകൂടി ഏറ്റെടുക്കേണ്ടി വരുമെന്നാണ് യു.എ.ഇ പബ്ലിക് പ്രോസിക്യൂഷന്‍റെ മുന്നറിയിപ്പ്. ശ്രദ്ധിച്ചില്ലെങ്കില്‍ വലിയ നിയമക്കുരുക്കില്‍പെടാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. നിരോധിത വസ്തുക്കള്‍ യാത്ര തടസ്സപ്പെടാന്‍ വരെ ഇടയാക്കും.

വിമാനയാത്രക്കിടെ മറ്റുള്ളവരുടെ ബാഗേജ് അധികമായാല്‍ അത് ഏറ്റെടുത്ത് യാത്ര നടത്തുന്നവര്‍ക്കാണ് യു.എ.ഇ പബ്ലിക് പ്രോസിക്യൂഷന്‍റെ മുന്നറിയിപ്പ്. ബാഗേജിനകത്ത് എന്താണെന്ന് പലപ്പോഴും ഏറ്റെടുക്കുന്നവര്‍ക്ക് അറിയില്ല.ഇത് യാത്ര പുറപ്പെടുന്ന വിമാനത്താവളത്തിലോ ലക്ഷ്യസ്ഥാനത്തെ വിമാനത്താവളത്തിലോ ബാഗേജ് ഏറ്റെടുക്കുന്നവരെ കുഴപ്പത്തിലാക്കാന്‍ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന്‍ മുന്നറിയിപ്പില്‍ പറയുന്നു. ഒരു യാത്രക്കാരിയുടെ അനുഭവം പങ്കുവെച്ചാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. ബാഗേജ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ച മറ്റൊരാളുടെ ബാഗേജ് യാത്രക്കാരി ഏറ്റെടുത്തു. എന്നാല്‍, ബാഗേജിനകത്ത് നിരോധിത വസ്തുകളുണ്ടായിരുന്നതിനാല്‍ അവര്‍ വിമാനത്താവളത്തില്‍ അന്വേഷണത്തിന്‍റെ ഭാഗമായി തടഞ്ഞുവെക്കപ്പെട്ടു.

ഇത്തരം സാഹചര്യങ്ങളില്‍ പലപ്പോഴും ബാഗേജിന്‍റെ യഥാര്‍ഥ ഉടമസ്ഥനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കഴിയില്ലെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.മറ്റുള്ളവരെ സഹായിക്കുന്നത് നല്ലതാണ്.പക്ഷേ, ബാഗേജ് ഏറ്റെടുക്കുന്നവര്‍ അതിനകത്തെ വസ്തുക്കളുടെ ഉത്തരവാദിത്തംകൂടി ഏല്‍ക്കേണ്ടി വരുമെന്നാണ് പ്രോസിക്യൂഷന്‍ നല്‍കുന്ന മുന്നറിയിപ്പ്.0 comments: