തലക്കെട്ടു വായിച്ച്, പിന്നിൽനിന്നോ എന്നോർത്ത് മൂക്കത്ത് വിരൽ വയ്ക്കണ്ട, പിന്നില്‍നിന്നു തന്നെ. കരിയർ ഗുരു എം.എസ്. ജലീലിന്റെ അഭിപ്രായത്തിൽ, ഇത്തരം പ്ലാനുകൾ പാളിപ്പോകാനുള്ള സാധ്യതകൾ കുറവാണ്. മനോരമ ഹൊറൈസൺ വിദ്യാഭ്യാസ പ്രദർശനത്തോടനുബന്ധിച്ച് കോട്ടയം നാഗമ്പടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ‘പ്ലസ് ടുവിനു ശേഷം എന്ത്’ എന്ന കരിയർ ഗൈഡൻസ് ക്ലാസ്സിൽ സംസാരിക്കുകയായിരുന്നു ജലീൽ.
പതിനഞ്ചു വർഷങ്ങൾക്കപ്പുറം നാം എന്തായിരിക്കും എന്ന ചിന്തയിൽനിന്നു വേണം നമ്മുടെ കരിയർ ചിന്തകൾ തുടങ്ങാൻ. നമ്മുടെ കഴിവുകൾ തിരിച്ചറിയാനുള്ള ശാസ്ത്രീയ രീതികളും അവയെ വളർത്തിയെടുക്കാനുള്ള മാർഗങ്ങളും ഇന്ന് സുലഭമാണ്. അവ ഉപയോഗിച്ച് ഒരു ബാക്‌വേഡ് കരിയർ പ്ലാനിങ് നടത്തണമെന്നാണ് ജലീൽ അഭിപ്രായപ്പെടുന്നത്. അടുത്ത പതിനഞ്ചു വർഷത്തിനുള്ളിൽ ഒരു നിശ്ചിത പദവിയിലെത്താൻ, അല്ലെങ്കിൽ ഒരു നേട്ടം കൈവരിക്കാൻ ഇന്ന് എന്തുചെയ്യണമെന്നുള്ള കൃത്യമായ ബോധം എല്ലാവരിലും ഉണ്ടാകണം.
നമ്മുടെ സമ്പദ്‌വ്യവസ്ഥ, സ്വന്തം കഴിവുകൾ എന്നിവ മനസ്സിലാക്കി ഭാവിയിലേക്കുള്ള പ്ലാനിങ്ങാണ് ഇപ്പോഴേ നടത്തേണ്ടത്. ഫ്യൂഷൻ കരിയർ അഥവാ കോംബിനേഷൻ കരിയർ എന്നിവയോടും ഒരു തുറന്ന മനഃസ്ഥിതിയായിരിക്കണം. അതായത് മാത്‌സ് പഠിച്ചു മാത്‌സ് ടീച്ചറാവുക എന്നതല്ലാതെ ആ മേഖലകളിലുള്ള എല്ലാ സാധ്യതകളും പരിശോധിക്കുക. അഭിരുചിയ്‌ക്കു ചേർന്നതും വളർച്ച ഉണ്ടാകുമെന്ന് ഉറപ്പുള്ളതുമായ കരിയർ മാത്രം എടുക്കുക എന്നാണ് ജലീൽ പറയുന്നത്.
0 comments: