2022, ഓഗസ്റ്റ് 3, ബുധനാഴ്‌ച

വരുന്നു 'വിളര്‍ച്ചരഹിത കേരളം' ; രക്തം ശേഖരിച്ച്‌ കാരണം കണ്ടെത്തും

സ്ത്രീകളില്‍ വിളര്‍ച്ച (രക്തക്കുറവ്) പരിഹരിക്കാന്‍ ബൃഹദ് പദ്ധതിയുമായി ആരോഗ്യവകുപ്പ്.15–- 49 വയസ്സുള്ള സ്ത്രീകളുടെ രക്തം പരിശോധിച്ച്‌ വിളര്‍ച്ച കണ്ടെത്തി പരിഹരിക്കുന്ന "വിളര്‍ച്ചരഹിത കേരളം' പദ്ധതിയാണ് ആരംഭിക്കുന്നത്. വിശദ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഉടന്‍ സമര്‍പ്പിക്കും. ഓണത്തിനു മുൻപ് തന്നെ സാമ്പിൾ  ശേഖരണം ആരംഭിക്കുകയാണ് ലക്ഷ്യം.

രക്തസാമ്പിൾ  സര്‍വേയിലൂടെ വിളര്‍ച്ച ബാധിതരായ സ്ത്രീകളുടെ കണക്ക് ശേഖരിക്കലും ലക്ഷ്യമിടുന്നു. അങ്കണവാടി ജീവനക്കാര്‍, ആശാ, കുടുംബശ്രീ പ്രവര്‍ത്തകര്‍ വഴിയാകും നടത്തിപ്പ്. കോവിഡ് അടച്ചുപൂട്ടലിനിടെ സ്കൂളുകളിലൂടെയും അങ്കണവാടികളിലൂടെയും മറ്റുമുള്ള അയണ്‍ ഗുളിക വിതരണം താരതമ്യേന കുറവായിരുന്നു. ആഹാരരീതിയിലെ മാറ്റവും സ്ത്രീകളിലെ വിളര്‍ച്ചയ്ക്ക് കാരണമാകാമെന്ന് വിദഗ്ധര്‍ പറയുന്നു.

രക്തം നല്‍കാനാകുന്നില്ല

രക്തദാനക്യാമ്പിൽ  സന്നദ്ധരായി എത്തുന്ന സ്ത്രീകളില്‍ പകുതിയിലധികവും രക്തം നല്‍കാനാകാതെ മടങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടതാണ് വഴിത്തിരിവായത്. കണ്ണൂര്‍ കതിരൂര്‍ പഞ്ചായത്തില്‍ രണ്ടുമാസം മുൻപ്  പരീക്ഷണാടിസ്ഥാനത്തില്‍ സ്ത്രീകളില്‍ പരിശോധന നടത്തിയിരുന്നു. കൂടുതല്‍പേരിലും വിളര്‍ച്ചയും വിളര്‍ച്ചാ സാധ്യതയും കണ്ടെത്തി. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട ദേശീയ കുടുംബാരോഗ്യ സര്‍വേയില്‍ സംസ്ഥാനത്ത് 36.3 ശതമാനം സ്ത്രീകളിലും വിളര്‍ച്ച കണ്ടെത്തി.പുരുഷന്മാരില്‍ ഇത് 17.8 ശതമാനം മാത്രമാണ്. രക്തത്തില്‍ ആരോഗ്യമുള്ള അരുണരക്താണുക്കള്‍ കുറയുന്ന അവസ്ഥയാണ് വിളര്‍ച്ച. ഇത് ശരീരത്തിലെ ഓക്സിജന്‍വിതരണത്തെ പ്രതികൂലമായി ബാധിക്കും.


0 comments: