2022, ഓഗസ്റ്റ് 26, വെള്ളിയാഴ്‌ച

1 ലക്ഷം എഫ് ഡി യിട്ടാല്‍ എത്ര തിരികെ കിട്ടും; 3 വര്‍ഷത്തേക്ക് ഉയര്‍ന്ന പലിശ നല്‍കുന്ന 7 ബാങ്കുകള്‍ നോക്കാം

 

റിസര്‍വ് ബാങ്ക് പണ അവലോകന നയത്തില്‍ റിപ്പോ നിരക്ക് ഉയര്‍ത്തിയതിന് പിന്നാലെ പല ബാങ്കുകലും ഹ്രസ്വകാലത്തേക്കുള്ള  സ്ഥിര നിക്ഷേപങ്ങള്‍ക്ക് പലിശ നിരക്ക് ഉയര്‍ത്തിയിരുന്നു.ഇതില്‍ മികച്ച നേട്ടം  ലഭിക്കുന്നത് മുതിര്‍ന്ന പൗരന്മാര്‍ക്കാണ്. അധിക നിരക്ക് കൂടിയാകുമ്പോൾ  ഉയര്‍ന്ന പലിശ ഇവര്‍ക്ക് ലഭിക്കും. മുതിര്‍ന്ന പൗരന്മാരുടെ ജീവിത ശൈലിയ്ക്ക് അനുസൃതമായ നിക്ഷേപമാണ് സ്ഥിര നിക്ഷേപം. സമ്പാദ്യം സ്ഥിര നിക്ഷേപമായി മാറ്റി അതില്‍ നിന്നുള്ള വരുമാനത്തിലൂടെ ചെലവുകളെ മറികടക്കുന്ന രീതി പലരും പിന്തുടരുന്നതാണ്.

ആവശ്യമെങ്കില്‍ മാസത്തിലോ ത്രൈമാസത്തിലോ നിക്ഷേപകന്റെ താല്‍പര്യമനുസരിച്ച്‌ പലിശ വരുമാനം നേടാനും മുഴുവന്‍ സമയവും പണ ലഭ്യത (Liquidity) ഉറപ്പു വരുത്തുന്നവയുമാണ് സ്ഥിര നിക്ഷേപങ്ങള്‍. പലിശ വരുമാനം നികുതി ബാധകമായവയാണ്. എന്നാല്‍ ചെറിയ നികുതി സ്ലാബിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് വലിയ ബാധ്യത പലിശ വരുമാനം ഉണ്ടാക്കുന്നില്ല. മറ്റുവരുമാനം ഇല്ലാത്തവരാണെങ്കില്‍ നികുതി ബാധ്യതയുണ്ടാകാനും സാധ്യതയില്ല. ഇതിനാല്‍ മുതിര്‍ന്ന പൗരന്മാരുടെ പോര്‍ട്ട്‌ഫോളിയോയയില്‍ സ്ഥിര നിക്ഷേപത്തിന് മുന്‍നിര സ്ഥാനം തന്നെയുണ്ട്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.5 ശതമാനം വരെ പലിശ നല്‍കുന്ന ബാങ്കുകളാണ് ചുവടെ വിശദീകരിക്കുന്നത്.

ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക്

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു പുത്തന്‍ തലമുറ ബാങ്കാണ് ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക്. 1994 ഏപ്രിലിലാണ് ബാങ്ക് പ്രവര്‍ത്തനം തുടങ്ങുന്നത്. രാജ്യത്ത് 2,000 ശാഖകളും 2.5 കോടി ഉപഭോക്താക്കളും ഇന്‍ഡസ്‌ഇന്‍ഡ് ബാങ്കിനുണ്ട്. 3 വര്‍ഷത്തേക്കുള്ള സ്ഥിര നിക്ഷേപത്തിന് 7.50 ശതമാനം പലിശ നിരക്കാണ് ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് നല്‍കുന്നത്.മറ്റൊരു പുത്തന്‍ തലമുറ സ്വകാര്യ ബാങ്കായ യെസ് ബാങ്കും ഇതേ പലിശ നിരക്കാണ് 3 വര്‍ഷത്തെ സ്ഥിര നിക്ഷേപത്തിന് മുതിര്‍ന്ന പൗരന്മാര്‍ക്ക് നല്‍കുന്നത്. 1 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 1.25 ലക്ഷം രൂപ മൂന്ന് വര്‍ഷം കൊണ്ട് തിരികെ ലഭിക്കും.

ബന്‍ഡന്‍ ബാങ്ക്

 2001 ല്‍ കൊല്‍ക്കത്ത ആസ്ഥാനമായാണ് ബന്‍ഡന്‍ ബാങ്ക് പ്രവര്‍ത്തനം തുടങ്ങിയത്. സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 34 ഇടത്ത് ബന്‍ഡന്‍ ബാങ്കിന് പ്രവര്‍ത്തനമുണ്ട്. 5640 ബാങ്കിംഗ് ഔട്ട്േലറ്റുകളുമായി 2.69 കോടി ഉപഭോക്താക്കളാണ് ബാങ്കിനുള്ളത്. ബന്‍ഡന്‍ ബാങ്കില്‍ മൂന്ന് വര്‍ഷത്തേക്കുള്ള സ്ഥിര നിക്ഷേപത്തിന് 7.25 ശതമാനം പലിശയാണ് മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിക്കുന്നത്. 1 ലക്ഷം രൂപയുടെ നിക്ഷേപം മൂന്ന് വര്‍ഷത്തിന് ശേഷം 1.24 ലക്ഷം രൂപയായി വളരും.

ഡിസിബി ബാങ്ക്

 മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പുത്തന്‍ തലമുറ ബാങ്കാണ് ഡിസിബി ബാങ്ക്. 405 ബ്രാഞ്ചുകള് രാജ്യത്തൊട്ടാകെ ബാങ്കിനുണ്ട്. 2022 സാമ്ബത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ ബാങ്കിന്റെ പ്രവര്‍ത്തന ലാഭം 166 കോടി രൂപയാണ്.2022 ജൂണ്‍ 30 പ്രകാരമുള്ള നെറ്റ് എന്‍പിഎ(നിഷ്‌ക്രിയ ആസ്തി) 1.82 ശതമാനമാണ്. മൂന്ന് വര്‍ഷത്തേക്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.1 ശതമാനം പലിശ ബാങ്ക് നല്‍കുന്നുണ്ട്. 1 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 1.24 ലക്ഷം രൂപ മൂന്ന് വര്‍ഷം കൊണ്ട് നേടാം.

ആര്‍ബിഎല്‍ ബാങ്ക്

 1943 ലാണ് ആര്‍ബിഎല്‍ ബാങ്ക് മുംബൈയില്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. ഇന്ന് 11.30 ദശലക്ഷം ഉപഭോക്തക്കളാണ് ബാങ്കിനുള്ളത്. 28 സംസ്ഥാനങ്ങളിലായി 502 ശാഖകളും 417 എടിഎമ്മുകളുമായി വലിയ ശ്രംഖല ആര്‍ബിഎല്‍ ബാങ്കിനുണ്ട്. 7.05 ശതമാനമാണ് ബാങ്ക് മുതിര്‍ന്ന പൗരന്മാരുടെ മൂന്ന് വര്‍ഷ സ്ഥിര നിക്ഷേപത്തിന്് നല്‍കുന്ന പലിശ നിരക്ക്.ഇതുപ്രകാരം 1 ലക്ഷത്തിന്റെ നിക്ഷേപം 1.23 ലക്ഷമായി ഉയരും. 80 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ആര്‍ബിഎല്‍ ബാങ്ക് 15 മാസത്തേക്ക് 7.75 ശതമാനം പലിശ നല്‍കുന്നുണ്ട്.

ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്

 ഇന്റഗ്രേറ്റഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സ് കമ്ബനിയായ ഐഡ്‌എഫ്‌സിയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ ബാങ്കാണ് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്. 2015 ജൂലൈയിലാണ് റിസര്‍വ് ബാങ്കില്‍ നിന്ന് പ്രവര്‍ത്തനാനുമതി ലഭിക്കുന്നത്. 2015 ഒക്ടോബര്‍ 1 ന് ബാങ്ക് പ്രവര്‍ത്തനം ആരംഭിച്ചു. മുംബൈയാണ് ആസ്ഥാനം.ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കില്‍ മൂന്ന് വര്‍ഷത്തേക്ക് 7 ശതമാനം പലിശ ലഭിക്കും. ഇതുപ്രകാരം 1 ലക്ഷത്തിന്റെ നിക്ഷേപം 1.23 ലക്ഷമായി ഉയരും. പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ 6.50 ശതമനം പലിശയാണ് മൂന്ന് വര്‍ഷത്തേക്ക് നല്‍കുന്നത്. ഇതുപ്രകാരം 1 ലക്ഷം രൂപ വളര്‍ന്ന് 1.21 ലക്ഷമായി മാറും.

0 comments: