2022, ഓഗസ്റ്റ് 14, ഞായറാഴ്‌ച

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു; പ്രവേശനം ഓഗസ്റ്റ് 16,17 തീയതികളിൽ

 


പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പ്രവേശനം ഓഗസ്റ്റ് 16,17 തീയതികളിൽ.നാളെ രാവിലെ 10 മണി മുതല്‍ ബുധനാഴ്ച വൈകിട്ട് അഞ്ചുമണിവരെയാണ് പ്രവേശനം. സ്‌പോര്‍ട്സ് ക്വാട്ട രണ്ടാം അലോട്ട്‌മെന്റ്, കമ്മ്യൂണിറ്റി ക്വാട്ട അഡ്മിഷന്‍ എന്നിവയും ഇതോടൊപ്പം നടക്കും.

മെറിറ്റ് ക്വാട്ടയില്‍ ഒന്നാം ഓപ്ഷനില്‍ അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ക്ക് ഫീസടച്ച്‌ സ്ഥിരപ്രവേശനം നേടാം. https://www.hscap.kerala.gov.in എന്ന ലിങ്കില്‍ അഡ്മിഷന്‍ വിവരങ്ങള്‍ പരിശോധിക്കാം. അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ കാന്‍ഡിഡേറ്റ് ലോഗിനിലെ Second Allot Results എന്ന ലിങ്കില്‍നിന്നു ലഭിക്കുന്ന അലോട്ട്‌മെന്റ് ലെറ്ററില്‍ പറയുന്ന സ്‌കൂളില്‍ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ സഹിതം രക്ഷിതാക്കള്‍ക്കൊപ്പം ഹാജരാകണം.

ഇതുവരെ അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്കും മുഖ്യഘട്ടത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി അലോട്ട്‌മെന്റിന് പരിഗണിക്കാത്തവര്‍ക്കും 22 ന് നടക്കുന്ന മൂന്നാം അലോട്ട്‌മെന്റിനു ശേഷം സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കാം. ഈ തീയതി ഉടന്‍ പ്രസിദ്ധീകരിക്കും. അലോട്ടമെന്റ്ലഭിച്ചിട്ടും പ്രവേശനം നേടാത്തവരെ തുടര്‍ന്നുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റുകളില്‍ പരിഗണിക്കില്ല.

പ്ലസ് വൺ അലോട്ട്മെന്റുമായി  ബന്ധപ്പെട്ട പതിവ് ചോദ്യങ്ങൾ 

ആദ്യ അലോട്ട്മെന്റിൽ താത്കാലിക പ്രവേശനം നേടിയ എനിക്ക് രണ്ടാം അല്ലോട്മെന്റിൽ ഓപ്ഷൻ മാറ്റമുണ്ട് എന്ത് ചെയ്യണം?

രണ്ടാം അലോട്ട്മെന്റിൽ ഹയർ ഓപ്ഷൻ ലഭിച്ചിട്ടുണ്ടെങ്കിൽ പുതുതായി ലഭിച്ച കോഴ്സ്/സ്കൂൾ ഓപ്ഷനിൽ പ്രവേശനം നേടണം. പുതിയ സ്‌കൂളാണ് ലഭിച്ചതെങ്കിൽ താത്ക്കാലിക പ്രവേശനം നേടിയ സ്‌കൂളിൽ നിന്ന് പ്രവേശന സമയത്ത് നൽകിയ രേഖകൾ വാങ്ങി അലോട്ട്മെന്റ് ലഭിച്ച സ്ക്കൂളിൽ പ്രവേശനം നേടണം. ഇത്തവണയും ഒന്നാം ഓപ്‌ഷൻ ലഭിക്കാത്തവർക്ക്  താത്കാലിക പ്രവേശനം എടുക്കാവുന്നതാണ്. ഇപ്പോൾ ലഭിച്ചത് ഒന്നാം ഓപ്‌ഷൻ തന്നെ ആണെങ്കിൽ ഫീസ് അടച്ച് സ്ഥിര പ്രവേശനം നേടണം. 

 ആദ്യ അലോട്ട്മെന്റിൽ താത്ക്കാലിക പ്രവേശനം നേടിയ എനിക്ക് രണ്ടാം അലോട്ട്മെന്റിലും ഓപ്ഷനിൽ മാറ്റമില്ല. ഇനി എന്ത് ചെയ്യണം?

ഏകജാലക പ്രവേശന പ്രക്രീയയിൽ ആദ്യ ഘട്ടത്തിൽ മൂന്ന് അലോട്ട്മെന്റ് ഉണ്ട്. ഇപ്പോൾ ഓപ്‌ഷൻ മാറ്റം ലഭിക്കാത്തവർ ഓഗസ്റ്റ് 22 ന് മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്നതിനായി കാത്തിരിക്കുക. വേണമെങ്കിൽ ഉയർന്ന ഓപ്‌ഷനുകൾ റദ്ദ് ചെയ്ത് ഇപ്പോൾ ലഭിച്ച ഓപ്‌ഷനിൽ സ്ഥിര പ്രവേശനവും നേടാം. ആവശ്യമെങ്കില്‍ തെരഞ്ഞെടുത്ത ഏതാനും ഉയര്‍ന്ന ഓപ്ഷനുകള്‍ മാത്രമായി റദ്ദാക്കുകയും ചെയ്യാം.

 ഇതുവരെ അലോട്ട്മെന്റ് ലഭിച്ചില്ല. ഇനി എന്ത് ചെയ്യണം?

അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്മെന്റ് ലഭിച്ചിട്ടില്ലാത്തവര്‍ ഓഗസ്റ്റ് 22 ന് മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്നതിനായി കാത്തിരിക്കുക.

ആദ്യ അലോട്ട്മെന്റിൽ തന്നെ ഫീസടച്ച് സ്ഥിര പ്രവേശനം നേടി. ഇനി  എന്ത് ചെയ്യണം?

ആദ്യ അലോട്ട്മെന്റിൽ തന്നെ ഫീസടച്ച് സ്ഥിര പ്രവേശനം നേടിയവർ രണ്ടാം അലോട്ട്മെന്റ് പരിശോധിക്കേണ്ടതില്ല. 


0 comments: