2022, ഓഗസ്റ്റ് 12, വെള്ളിയാഴ്‌ച

നീറ്റ്, ജെ.ഇ.ഇ പരീക്ഷകള്‍ സി.യു.ഇ.ടിയുമായി സമന്വയിപ്പിക്കാന്‍ യു.ജി.സി

 

മെഡിക്കല്‍, എന്‍ജീനിയറിങ് പ്രവേശനത്തിനുള്ള പരീക്ഷകളായ നീറ്റ്, ജെ.ഇ.ഇ എന്നിവ ദേശീയ ബിരുദ പൊതുപ്രവേശന പരീക്ഷ (സി.യു.ഇ.ടി-യു.ജി) യുമായി സമന്വയിപ്പിക്കാനുള്ള നിര്‍ദേശം പരിഗണിക്കുമെന്ന് യൂനിവേഴ്സിറ്റി ഗ്രാന്‍റ് കമീഷന്‍ (യു.ജി.സി).

ജെ.ഇ.ഇ, നീറ്റ് എന്നിവക്ക് പുറമെ ഈ വര്‍ഷം മുതല്‍ നടപ്പിലായ സി.യു.ഇ.ടി-യു.ജി എന്നിവയാണ് രാജ്യത്ത് ഇപ്പോഴുള്ള മൂന്ന് പ്രധാന ബിരുദ പൊതു പ്രവേശന പരീക്ഷകള്‍. 43 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഈ പരീക്ഷകള്‍ എഴുതുന്നത്. ഇതില്‍ ഭൂരിഭാഗവും രണ്ട് പ്രവേശന പരീക്ഷകളെങ്കിലും എഴുതുന്നുണ്ട്. ജെ.ഇ.ഇ മെയിന്‍ പരീക്ഷയില്‍ ഫിസിക്സ്, കെമിസ്ട്രി, കണക്ക് എന്നീ വിഷയങ്ങളുണള്ളത്. നീറ്റ്-യു.ജിയില്‍ കണക്കിനു പകരമായി ബയോളജിയും. ജെ.ഇ.ഇ, നീറ്റ് സിലബസില്‍ ഉള്‍പ്പെട്ടവയടക്കം 61 വിഷയങ്ങള്‍ സി.യു.ഇ.ടിയുടെ ഭാഗമാണ്. വിദ്യാര്‍ഥികള്‍ ഒരേ വിഷയങ്ങളിലുള്ള അറിവ് അടിസ്ഥാനമാക്കിയാണ് ഈ പ്രവേശന പരീക്ഷകളെല്ലാം എഴുതുന്നത്. ഇത് നടപ്പിലായാല്‍ ഫിസിക്സ്, കെമിസ്ട്രി, കണക്ക്, ബയോളജി എന്നീ നാലു വിഷയങ്ങളില്‍ മൂന്ന് പ്രവേശന പരീക്ഷകള്‍ എഴുതുന്നതിനുപകരം വിദ്യാര്‍ഥികള്‍ക്ക് ഒരു പരീക്ഷ മാത്രമേ എഴുതേണ്ടിവരൂ. അതിനാല്‍ ജെ.ഇ.ഇ, നീറ്റ് എന്നിവയെ സി.യു.ഇ.ടി-യു.ജിയുമായി സമന്വയിപ്പിക്കാനുള്ള നിര്‍ദേശമാണ് ലഭിച്ചിരിക്കുന്നതെന്നും യു.ജി.സി ചെയര്‍മാന്‍ എം. ജഗദീഷ് കുമാര്‍ പറഞ്ഞു.

കണക്ക്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങളിലെ മാര്‍ക്ക് അടിസ്ഥാനമാക്കി എന്‍ജിനീയറിങ്ങിന് പോകാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികളുടെ റാങ്ക് ലിസ്റ്റ് തയാറാക്കാം. മെഡിസിനില്‍ കണക്കിനുപകരം ബയോളജിയുടെ മാര്‍ക്ക് പരിഗണിക്കാം. മെഡിസിനോ എന്‍ജിനീയറിങ് വിഭാഗമോ തെരഞ്ഞെടുക്കാത്തവര്‍ക്ക് സി.യു.ഇ.ടി പരീക്ഷയില്‍ കണക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി, തുടങ്ങിയ വിഷയങ്ങള്‍ക്കു നേടിയ മാര്‍ക്ക് അടിസ്ഥാനമാക്കി വിവിധ കോഴ്സുകളില്‍ ചേരാനുള്ള അവസരം ലഭിക്കും. അതിനാല്‍, ഈ നാല് വിഷയങ്ങളില്‍ ഒരു പരീക്ഷമാത്രം എഴുതുന്നതിലൂടെ, താല്‍പര്യമുള്ള വിഷയങ്ങളിലെ കോഴ്സുകളിലേക്ക് അപേക്ഷിക്കാന്‍ വിദ്യാര്‍ഥികള്‍ക്കു മുമ്പിൽ  ധാരാളം അവസരങ്ങളും ഉണ്ടാകും. വിദ്യാര്‍ഥികള്‍ക്ക് ഒന്നിലധികം പരീക്ഷ എഴുതേണ്ട സമ്മര്‍ദം ഇല്ലാതാവുമെന്നും ജഗദീഷ് കുമാര്‍ പറഞ്ഞു. വിവിധ വകുപ്പുകളുമായി ചര്‍ച്ച ചെയ്തതിനു ശേഷം ഈ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.



0 comments: