2022, സെപ്റ്റംബർ 1, വ്യാഴാഴ്‌ച

നിങ്ങളുടെ വീട് എത്ര ചതുരശ്ര അടിയുണ്ട്? അടുത്ത മാര്‍ച്ചോടു കൂടി ഫലത്തില്‍ വരുന്ന നികുതിയുടെ ആഴമെത്രയെന്ന് അറിഞ്ഞുകൊള്ളൂ

വിവിധയിനങ്ങളില്‍ ജനങ്ങളില്‍നിന്ന് പിരിച്ചെടുക്കുന്ന നികുതിപ്പണമാണ് സര്‍ക്കാരിന്റെ വരുമാന സ്രോതസ്സ്. എന്നാല്‍ നികുതിയുടെ പേരില്‍ ജനത്തിനെ കൊള്ളയടിച്ചാലോ.സംസ്ഥാനത്തെ കെട്ടിടനികുതി അക്ഷരാര്‍ത്ഥത്തില്‍ ജനങ്ങളെ പിഴിയുന്ന സംവിധാനമായി മാറിയിരിക്കുന്നു. നിലവില്‍ ഒരേ കെട്ടിടത്തിന് മൂന്ന് തരം നികുതി അടയ്ക്കേണ്ട ഗതികേടിലാണ് നികുതിദായകര്‍. തദ്ദേശ സ്ഥാപനങ്ങള്‍ ഏര്‍പ്പെടുത്തിയ നികുതിയാണ് ഒന്ന്. അത് ആറുമാസം കൂടുമ്പോഴോ  വര്‍ഷാവര്‍ഷമോ നല്‍കണം. കൂടാതെ കെട്ടിട നിര്‍മ്മാണം പൂത്തിയാകുമ്പോൾ  റവന്യൂ വകുപ്പിന്റെ ഒറ്റത്തവണ നികുതി വേറെയുണ്ട്. ഇതും പോരാഞ്ഞ് കെട്ടിട സെസും നല്‍കേണ്ട ഗതികേടിലാണ് ജനങ്ങള്‍. തദ്ദേശ സ്ഥാപനങ്ങള്‍ പിരിയ്ക്കുന്ന കെട്ടിടനികുതി ഭൂമിയുടെ ന്യായവിലയ്ക്ക് ആനുപാതികമാക്കാന്‍ കൂടി സര്‍ക്കാര്‍ നീക്കം തുടങ്ങി. നിലവില്‍ കെട്ടിടത്തിന്റെ വിസ്തീര്‍ണ്ണവും ഏതുതരം തദ്ദേശ സ്ഥാപനം എന്നതും നോക്കിയാണ് നികുതി പിരിവ്. ഭൂമി ന്യായവിലപ്രകാരം കെട്ടിട നികുതി നിശ്ചയിക്കുന്നതോടെ ഭൂമിക്ക് വിലയേറിയ സ്ഥലങ്ങളില്‍ നികുതി കുത്തനെ ഉയര്‍ത്താനാണ് ഇതുസംബന്ധിച്ച ആറാം ധനകാര്യ കമ്മിഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.

അടുത്ത മാര്‍ച്ച്‌ 31 നകം കെട്ടിടനികുതി വീണ്ടും പരിഷ്‌കരിക്കാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ കഴിഞ്ഞ ജൂണില്‍ മന്ത്രിസഭ അംഗീകരിച്ചിരുന്നു. 2023 ഏപ്രില്‍ മുതല്‍ നിലവിലെ കെട്ടിട നികുതി നിരക്കിന്റെ അഞ്ച് ശതമാനം വര്‍ദ്ധന വരുത്താനുള്ള തീരുമാനം നിസ്സാരമെന്ന് തോന്നാം. എന്നാല്‍ ഓരോ വര്‍ഷവും അഞ്ച് ശതമാനം വീതം കെട്ടിടനികുതി ഉയര്‍ന്നുകൊണ്ടേയിരിക്കും. അതായത് 10 വര്‍ഷമാകുമ്പോൾ നികുതി, ഇപ്പോഴത്തെ നിരക്കിന്റെ നേരെ ഇരട്ടിയാകും. കെട്ടിട നികുതിയുടെ 10 ശതമാനം വരുന്ന തുക സേവന നികുതിയായും ഈടാക്കും. 3000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണ്ണമുള്ള വീടുകളുടെ നികുതി 15 ശതമാനമാണ് കൂടുന്നത്. 538. 20 ചതുരശ്ര അടിക്ക് മുകളിലുള്ള വീടുകളെയും തദ്ദേശസ്ഥാപനങ്ങളുടെ കെട്ടിടനികുതി പരിധിയില്‍ കൊണ്ടുവരും. നിലവില്‍ 660 ചതുരശ്ര അടിവരെ കെട്ടിട നികുതി നല്‍കേണ്ടിയിരുന്നില്ല. വാസഗൃഹങ്ങള്‍ക്ക് ഇത്രയും നികുതി നല്‍കേണ്ടി വരുമ്പോൾ കമേഴ്സ്യല്‍ കെട്ടിടങ്ങള്‍ക്ക് ഈടാക്കുന്ന നികുതിഭാരം ഊഹിക്കാവുന്നതേയുള്ളൂ.

ഏത് മാനദണ്ഡമനുസരിച്ചായാലും,​ ഒരേ കെട്ടിടത്തിന് ഓരോ വര്‍ഷവും നികുതി വര്‍ദ്ധിപ്പിക്കുന്നതിനെ കടുത്ത അനീതിയെന്നല്ലാതെ വിശേഷിപ്പിക്കാനാകില്ല. ഓരോ വര്‍ഷം കഴിയുന്തോറും കെട്ടിടത്തിന് പഴക്കമേറും. അതനുസരിച്ച്‌ നികുതിയും വര്‍ദ്ധിച്ചുകൊണ്ടേയിരിക്കും. വര്‍ഷങ്ങള്‍ കഴിയുമ്പോൾ  ഏത് കെട്ടിടമായാലും അതിന്റെ മൂല്യം ഇടിയുകയാണ്. ആ കെട്ടിടത്തിനാണ് ഓരോ വര്‍ഷവും നികുതി കൂട്ടിക്കൂട്ടി വാങ്ങുന്നത്. സ്ഥിരം വരുമാനക്കാര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും സമ്പന്നർക്കും  ഭീമമായ കെട്ടിടനികുതി ഒരു ഭാരമായി തോന്നിയേക്കില്ല. എന്നാല്‍ സാധാരണക്കാരും ഇടത്തരക്കാരും പാവപ്പെട്ടവരുമാണ് നികുതിഭാരത്താല്‍ വീര്‍പ്പുമുട്ടുന്നത്.

ഒറ്റത്തവണ നികുതിയും സെസും

പുതുതായി നിര്‍മ്മിക്കുന്ന വീടുകള്‍ക്കും കമേഴ്സ്യല്‍ കെട്ടിടങ്ങള്‍ക്കുമെല്ലാം തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഷിക നികുതി കൂടാതെ റവന്യൂ വകുപ്പിന്റെ ഒറ്റത്തവണ നികുതി പിരിവുണ്ട്. പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന് തദ്ദേശസ്ഥാപനത്തില്‍ നിന്ന് കംപ്ളീഷന്‍ സര്‍ട്ടിഫിക്കറ്റ് കിട്ടണമെങ്കില്‍ റവന്യൂ വകുപ്പിന്റെ ഒറ്റത്തവണ നികുതി ഒടുക്കണം. ഗ്രാമപ്പഞ്ചായത്തുകളില്‍ 250 ചതുരശ്ര മീറ്ററിനു മുകളില്‍ 7800 രൂപയും അധികംവരുന്ന ഓരോ പത്ത് ചതുരശ്ര മീറ്ററിനും 1560 രൂപ വീതവും നികുതി ഒടുക്കണം. മുനിസിപ്പാലിറ്റിയില്‍ ഇത് 14,000 രൂപയും അധികമുള്ള ഓരോ 10 ചതുരശ്ര മീറ്ററിനും 3100 രൂപ വീതവും കോര്‍പ്പറേഷനില്‍ 21,000 രൂപയും അധികമുള്ള ഓരോ പത്ത് ചതുരശ്ര മീറ്ററിനും 3900 രൂപ വീതവുമാണ്. 1500 ചതുരശ്ര അടിയുള്ള ഒരു വാണിജ്യ കെട്ടിടത്തിന് 40,000 രൂപയോളം വരും ഒറ്റത്തവണ നികുതി. ഇത് ഗഡുക്കളായി അടയ്ക്കാനുള്ള സാവകാശം റവന്യൂ വകുപ്പ് നല്‍കുമെന്നത് മാത്രമാണ് ഏക ആശ്വാസം. എന്നാല്‍ നിശ്ചിത കാലപരിധി കടന്നാല്‍ റവന്യൂ റിക്കവറി നടപടിയാകും നേരിടേണ്ടി വരിക.

10 ലക്ഷവും അതില്‍കൂടുതലും നിര്‍മ്മാണച്ചെലവ് വരുന്ന കെട്ടിടങ്ങള്‍ക്ക് ഉടമകളില്‍നിന്ന് ഒരു ശതമാനം സെസ് പിരിക്കുന്ന ചുമതലയും ഉടന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ലഭിക്കും. അതോടെ കെട്ടിടനിര്‍മ്മാണ പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റിനും കെട്ടിട നമ്പർ  ലഭിക്കാനും സെസ് അടച്ച രസീത് കൂടി ഹാജരാക്കേണ്ടി വരും. നിര്‍മ്മാണ തൊഴിലാളികള്‍ക്ക് പെന്‍ഷനും മറ്റാനുകൂല്യങ്ങളും നല്‍കാനാണ് സെസ് പിരിക്കുന്നതെന്നാണ് പറയുന്നത്. നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പ്രതിസന്ധി പരിഹരിക്കാനെന്ന പേരിലാണ് സെസ് പിരിവ് നടത്തുന്നത്. നിലവില്‍ മറ്റു ക്ഷേമനിധി ബോര്‍ഡുകളെല്ലാം അതത് വിഭാഗം തൊഴിലാളികളില്‍ നിന്ന് വിഹിതം ഈടാക്കുന്നുണ്ട്. നിര്‍മ്മാണ തൊഴിലാളികളില്‍ നിന്ന് ക്ഷേമനിധി വിഹിതം ഈടാക്കാതെ അതുകൂടി ജനത്തിന്റെ പിടലിക്ക് വയ്ക്കുന്നതിനെതിരെ കാര്യമായ ഒരു പ്രതിഷേധവും എങ്ങുനിന്നും ഉയരുന്നില്ലെന്നതാണ് ഏറെ വിചിത്രം. ദിവസം 1000 രൂപയ്ക്ക് മുകളിലാണ് ഇന്ന് നിര്‍മ്മാണ തൊഴിലാളികള്‍ക്ക് വേതനം ലഭിക്കുന്നതെന്നതും ശ്രദ്ധേയമാണ്.



0 comments: