പ്ലസ്ടു പരീക്ഷ പാസായവർക്ക് ലേണേഴ്സ് ടെസ്റ്റ് ഒഴിവാക്കി നേരിട്ട് ലൈസൻസ് എടുക്കാവുന്ന പദ്ധതി പരിഗണനയിലെന്ന് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു. റോഡ് സുരക്ഷാ അവബോധം സ്കൂൾ തലത്തിൽ തന്നെ ആരംഭിക്കുന്നതിന് മുന്നോടിയായി ഹയർ സെക്കൻഡറി വിഭാഗം പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ പരിഗണിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള പുസ്തകങ്ങൾ തയ്യാറാക്കി കഴിഞ്ഞതായും മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും സമർപ്പിച്ചതായും മന്ത്രി വ്യക്തമാക്കി.
പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതോടെ ചെറുപ്രായത്തിൽ തന്നെ കുട്ടികളിൽ ഗതാഗത നിയമത്തേക്കുറിച്ച് ബോധവാന്മാരാകുമെന്നും ഇത് വാഹനാപകടങ്ങൾ കുറയ്ക്കാൻ സഹായകമാകുമെന്നും മന്ത്രി വ്യക്തമാക്കി. അതിന് പുറമെ, ലേണിങ് ടെസ്റ്റിനായി സർക്കാരിന് വരുന്ന ചെലവുകൾ കുറയ്ക്കാനും സാധിക്കും.
പദ്ധതിയുടെ ഭാഗമായി ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ പുസ്തകങ്ങൾ തയ്യാറാക്കി വിദ്യാഭ്യാസ വകുപ്പിന് കൈമാറിയിട്ടുണ്ട്. റോഡ് മര്യാദകൾ, അടയാളങ്ങൾ എന്നിവയെല്ലാം പാഠ്യപദ്ധതിയുടെ ഭാഗമാകുന്നതോടെ വിദ്യാർത്ഥികൾക്ക് വേഗത്തിൽ തന്നെ മനസിലാക്കാൻ സാധിക്കും. സംസ്ഥാനത്ത് ഇതിലൂടെ ഒരു ഗതാഗത സംസ്കാരം വളർത്തിയെടുക്കാനും സാധിക്കുമെന്ന് കരുതുന്നു.
0 comments: