എൻജിനീയറിങ് പ്രവേശന പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിത ഓണ്‍ലൈൻ (സി.ബി.ടി) രീതിയില്‍ നടത്താൻ സാങ്കേതിക സഹായം നല്‍കുന്ന ഏജൻസിയായി സർക്കാർ സ്ഥാപനമായ സി.ഡിറ്റിനെ ചുമതലപ്പെടുത്തിയേക്കും.നിലവില്‍ പ്രവേശന പരീക്ഷ കമീഷണറേറ്റ് നടത്തുന്ന എല്‍എല്‍.എം, എല്‍എല്‍.ബി, കെ. മാറ്റ് പരീക്ഷകള്‍ സി.ബി.ടി രീതിയില്‍ നടത്തുന്ന ഏജൻസി എന്ന നിലയിലാണ് സി.ഡിറ്റിന് മുൻഗണന നല്‍കി നടപടി ആരംഭിച്ചത്.
കമ്പ്യൂട്ടർ സൗകര്യമുള്ള പരീക്ഷ കേന്ദ്രങ്ങളുടെ വിവരങ്ങള്‍ സമർപ്പിക്കാൻ സി.ഡിറ്റിന് പ്രവേശന പരീക്ഷ കമീഷണർ നിർദേശം നല്‍കി. നേരത്തെ സി.ബി.ടി രീതിയിലുള്ള പരീക്ഷ നടത്തിപ്പിന് ടെൻഡർ ക്ഷണിച്ച് ടാറ്റ കണ്‍സള്‍ട്ടൻസി സർവിസസിനെ (ടി.സി.എസ്) തെരഞ്ഞെടുത്തിരുന്നു. സ്വകാര്യ ഏജൻസിയെ പരീക്ഷ നടത്തിപ്പ് ഏല്‍പിക്കുന്നതില്‍ സർക്കാറിന് താല്‍പര്യമില്ലാത്ത സാഹചര്യത്തിലാണ് സി.ഡിറ്റിന്‍റെ സാധ്യത പരിശോധിക്കുന്നത്.
നിലവില്‍ സി.ബി.ടി പരീക്ഷകള്‍ ഒരു ചോദ്യപേപ്പർ ഉപയോഗിച്ച് ഒറ്റ ദിവസം കൊണ്ട് നടത്തിയെടുക്കുന്നതാണ്. എന്നാല്‍, ലക്ഷത്തിലധികം വിദ്യാർഥികള്‍ അപേക്ഷിക്കുന്ന എൻജിനീയറിങ് എൻട്രൻസ് സി.ബി.ടി രീതിയില്‍ ഒരു ദിവസംകൊണ്ട് നടത്തിയെടുക്കാൻ സാധിക്കില്ല. ജെ.ഇ.ഇ പരീക്ഷ മാതൃകയില്‍ ഒന്നിലധികം ദിവസമെടുത്ത് വ്യത്യസ്ത ചോദ്യപേപ്പർ ഉപയോഗിച്ച് മാത്രമേ സാധ്യമാകൂ.
വ്യത്യസ്ത ചോദ്യപേപ്പർ ഉപയോഗിക്കുന്നതിനാല്‍ പരീക്ഷ ഫലം നോർമലൈസ് ചെയ്തെടുക്കാൻ സോഫ്റ്റ്വെയർ ഉള്‍പ്പെടെ ആവശ്യമാണ്. ഇത് സി.ഡിറ്റിന് ലഭ്യമാക്കാനാകുമോ എന്നതിലുള്‍പ്പെടെ പരീക്ഷ കമീഷണറേറ്റ് വ്യക്തത തേടിയിട്ടുണ്ട്. പരീക്ഷ നടത്തിപ്പിനാവശ്യമായ കമ്പ്യൂട്ടർ സൗകര്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിശദാംശങ്ങള്‍ തേടി പ്രവേശന പരീക്ഷ കമീഷണർ വിവിധ ഡയറക്ടർമാർക്ക് കത്ത് നല്‍കിയിരുന്നു. ഈ മാസം 27നകം വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. കമ്പ്യൂട്ടർ സൗകര്യങ്ങള്‍ കൈറ്റ് ഉള്‍പ്പെടെയുള്ള ഏജൻസികളില്‍ നിന്ന് തേടിയിട്ടുണ്ട്.
0 comments: