2024, ജനുവരി 11, വ്യാഴാഴ്‌ച

എസ്.എസ്.എല്‍.സി, ഹയര്‍ സെക്കൻഡറി ഉത്തരക്കടലാസ് വിതരണം ഫെബ്രുവരി ആദ്യം പൂര്‍ത്തിയാക്കാൻ മന്ത്രിയുടെ നിര്‍ദേശം

 

മാര്‍ച്ചില്‍ നടക്കുന്ന എസ്.എസ്.എല്‍.സി, ഹയര്‍ സെക്കൻഡറി പരീക്ഷകള്‍ക്കുള്ള ഉത്തരക്കടലാസുകളുടെ അച്ചടിയും വിതരണവും ഫെബ്രുവരി ആദ്യവാരം പൂര്‍ത്തിയാക്കാൻ പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ നിര്‍ദേശം. സാമ്പ ത്തിക പ്രതിസന്ധിക്കിടെ മതിയായ പേപ്പര്‍ ലഭിക്കാതെ ഉത്തരക്കടലാസിന്‍റെയും പാഠപുസ്തകങ്ങളുടെയും അച്ചടി പാതിവഴിയിലായതോടെ മന്ത്രി വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്.

മാര്‍ച്ച്‌ ആദ്യത്തില്‍ പരീക്ഷകള്‍ തുടങ്ങുമെങ്കിലും 41 വിദ്യാഭ്യാസ ജില്ലകളില്‍ 22 എണ്ണത്തിലേക്ക് മാത്രമാണ് ഉത്തരക്കടലാസുകള്‍ ഇതുവരെ എത്തിക്കാനായത്. സ്റ്റേഷനറി വകുപ്പില്‍നിന്ന് ഗവ. പ്രസുകള്‍ക്ക് പേപ്പര്‍ ലഭിക്കാതെ വന്നതോടെയാണ് അച്ചടിയും വിതരണവും മന്ദഗതിയിലായത്. സാമ്പത്തിക പ്രതിസന്ധിയാണ് പ്രധാന തടസ്സമായത്.

ഇക്കാര്യത്തില്‍ അടിയന്തര ഇടപെടല്‍ നടത്താൻ സ്റ്റേഷനറി വകുപ്പിന് മന്ത്രി നിര്‍ദേശം നല്‍കി. നേരത്തെ, പരീക്ഷ മുന്നൊരുക്ക അവലോകനത്തിനായി മന്ത്രി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. ഉത്തരക്കടലാസ് വിതരണം വൈകിയാല്‍ പരീക്ഷ നടത്തിപ്പിനെ ബാധിക്കുമെന്ന് പരീക്ഷ സെക്രട്ടറിമാര്‍ അന്ന് മന്ത്രിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് സ്റ്റേഷനറി വകുപ്പിനെ ഉള്‍പ്പെടെ പങ്കെടുപ്പിച്ച്‌ വീണ്ടും യോഗം വിളിച്ചത്.


0 comments: