2024, ജനുവരി 11, വ്യാഴാഴ്‌ച

ശൈഖ് അബൂബക്കര്‍ ഫൗണ്ടേഷൻ സ്കോളർഷിപ് ടെസ്റ്റ്

 


ജാമിഅ മര്‍കസ് ഫൗണ്ടര്‍ ചാൻസിലറും ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തിയുമായ കാന്തപുരം എ. പി അബൂബക്കര്‍ മുസ്‌ലിയാരുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന ശൈഖ് അബുബക്കര്‍ ഫൗണ്ടേഷൻ, മിടുക്കരായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി ഉന്നത വിദ്യാഭ്യാസം നല്‍കുന്നതിനുള്ള സ്കോളർഷിപ്പ് നൽകാനായി സ്കോളര്‍ സ്പാര്‍ക്ക് ടാലന്റ് ഹണ്ട് പരീക്ഷക്കുള്ള അപേക്ഷ ക്ഷണിച്ചു.2024 ഫെബ്രുവരി നാലിന് കേരളത്തിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും വിവിധ കേന്ദ്രങ്ങളിലായി പരീക്ഷ സംഘടിപ്പിക്കും. ജി.സി.സി രാജ്യങ്ങളിലും പരീക്ഷ എഴുതാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.

നിലവില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ടാലന്റ് സെര്‍ച്ച്‌ പരീക്ഷയില്‍ രജിസ്ട്രേഷന് അവസരം ലഭിക്കുക. തിരെഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദാനന്തര ബിരുദം വരെ ഫൗണ്ടേഷന്റെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച്‌ പഠന സഹായവും ആവശ്യമായ പരിശീലനങ്ങളും നല്‍കും. ശൈഖ് അബൂബക്കര്‍ ഫൗണ്ടേഷന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ https://www.safoundation.in നില്‍ ജനുവരി 13 വരെ രജിസ്റ്റര്‍ ചെയ്യാനുള്ള അവസരമുണ്ട്. ടാലെന്റ് സെര്‍ച്ച്‌ പരീക്ഷയെ തുടര്‍ന്ന് പ്രഖ്യാപിക്കുന്ന റാങ്ക് ലിസ്റ്റില്‍ നിന്ന് ഇന്റര്‍വ്യൂ നടത്തിയാണ് വിദ്യാര്‍ത്ഥികളെ തെരെഞ്ഞെടുക്കുന്നത്.

ഗണിതശാസ്ത്രം, സംഖ്യാപരമായ കഴിവ്, സോഷ്യല്‍ സയൻസ്, ജനറല്‍ സയൻസ്, പൊതുവിജ്ഞാനം, ഭാഷാഗ്രഹണം എന്നീ മേഖലകളില്‍ വിദ്യാര്‍ത്ഥികളുടെ കഴിവ് വിലയിരുത്തുന്നതിനായി രൂപകല്‍പ്പന ചെയ്ത രണ്ട് മണിക്കൂര്‍ ഒബ്ജക്റ്റീവ്-ടൈപ്പ് ഫിസിക്കല്‍ പരീക്ഷയാണ് സംഘടിപ്പിക്കുന്നത്.എട്ടാം ക്ലാസ് സിലബസ് അനുസരിച്ചിട്ടുള്ള ചോദ്യങ്ങളാണ് പരീക്ഷയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ്, റോബോട്ടിക് സയൻസ് എന്നിവയെ പരിചയപ്പെടുത്താൻ ഉതകുന്ന ലളിതമായ ചോദ്യങ്ങളും ചോദ്യാവലിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ഗുണമേന്മയുള്ള ഉന്നതവിദ്യാഭ്യാസം പ്രാപ്യമാക്കുക എന്ന മഹത്തായ ദൗത്യത്തില്‍ സ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന സംവിധാനമായ ശൈഖ് അബുബക്കര്‍ ഫൗണ്ടേഷൻ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ജീവിതലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് കൂടെ നില്‍ക്കുന്നതോടൊപ്പം അക്കാദമിക് മികവിന് അപ്പുറത്തേക്ക് സമൂഹത്തിന്റെയും രാജ്യത്തിന്റെയും പുരോഗതിക്ക് ഉപയുക്തമായ രീതിയില്‍ ഭാവിതലമുറയെ വാര്‍ത്തെടുക്കുക എന്ന മഹത്തായ ലക്ഷ്യത്തിലും ഊന്നിയാണ് പ്രവര്‍ത്തിക്കുന്നത്.

ജനിതക ശാസ്ത്രം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിൻസ് , സ്പേസ് സയൻസ്, ഫിനാൻസ്, കൊമേഴ്‌സ് പോര്‍ട്ട്ഫോളിയോകള്‍, അപ്ലൈഡ് ഇക്കണോമിക്‌സ്, പുനരുപയോഗ ഊര്‍ജ്ജം, നഗരാസൂത്രണം ലീഡര്‍ഷിപ് പ്രോഗ്രാമുകള്‍ തുടങ്ങി വിദ്യാഭ്യാസത്തിന്റെ നിര്‍ണായക മേഖലകളിലാണ് ശൈഖ് അബൂബക്കര്‍ ഫൗണ്ടേഷൻ പ്രത്യേക ശ്രദ്ധ നല്‍കുന്നത്. ഇതുവഴി ഭാവിയിലെ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് ആവശ്യമായ വൈദഗ്‌ധ്യവും അറിവും നല്‍കി വിദ്യാര്‍ത്ഥികളെ സജ്ജരാക്കുക എന്നതാണ് ഫൗണ്ടേഷൻ പ്രധാനമായും ലക്ഷ്യമിടുന്നത്.

വിദ്യാഭ്യാസത്തിന്റെയും പഠനത്തിന്റെയും ഒരു ആഗോള കമ്മ്യൂണിറ്റിയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ വിദേശ അക്കാദമിക് ബോഡികളുമായും, ദേശീയ അന്തര്‍ദേശീയ സര്‍വകലാശാലകളുമായും പങ്കാളിത്തം സ്ഥാപിക്കാൻ ശൈഖ് അബൂബക്കര്‍ ഫൗണ്ടേഷൻ ലക്ഷ്യമിടുന്നു.കൂടാതെ, പ്രശസ്‌ത അന്താരാഷ്ട്ര സര്‍വ്വകലാശാലകളില്‍ ശൈഖ് അബുബക്കര്‍ ചെയറുകള്‍ സ്ഥാപിക്കാനും ഫൗണ്ടേഷന് പദ്ധതിയുണ്ട്. പരീക്ഷ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് 8714786111 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

0 comments: