ഇനി വാര്‍ഷികപ്പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പാണ്. ചില കാര്യങ്ങള്‍ ചിട്ടപ്പെടുത്തിയാല്‍ റിവിഷന്‍ നന്നായി ചെയ്യാനും പൊതുപരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും ഉയര്‍ന്ന സ്‌കോര്‍ നേടാനും ആര്‍ക്കും കഴിയും. പത്താം ക്ലാസും പ്ലസ് വണ്ണും പ്ലസ് ടൂവുമൊക്കെ ഒരാളുടെ ജീവിതത്തിലെ നിര്‍ണായകമായ ചുവടുകളാണ്. ജീവിതത്തിന്‍റെ ഗതി നിര്‍ണയിക്കുന്ന ചുവടുകൾ. പത്താം ക്ലാസുവരെ പഠിക്കുന്ന വിഷയങ്ങളാകട്ടെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണകരമായ അറിവുകളാണ്. 10-ാം ക്ലാസ്സു കഴിഞ്ഞ് വിഷയങ്ങള്‍ തിരഞ്ഞെടുത്താണ് പഠിക്കുന്നത്. എന്നാല്‍ സിവില്‍ സര്‍വ്വീസടക്കമുള്ള പരീക്ഷകളെ അഭിമുഖീകരിക്കുമ്പോള്‍ പത്താംക്ലാസുവരെ നിങ്ങള്‍ എല്ലാ വിഷയങ്ങളില്‍ നിന്നുമായി ആര്‍ജിച്ച അറിവുകളൊന്നും വെറുതെയായിരുന്നില്ലെന്ന് മനസിലാകും. സയന്‍സ് പഠിച്ച ഒരാള്‍ക്ക് മാനവിക വിഷയങ്ങളും ഹ്യൂമാനിറ്റീസ് പഠിച്ച ഒരാള്‍ക്ക് സയന്‍സ് ആവശ്യമായി വരുന്നതും അത്തരം സന്ദര്‍ഭങ്ങളില്‍ തിരിച്ചറിയും. എല്ലാ വിഷയങ്ങളെയും തുല്യ പ്രാധാന്യത്തോടുകൂടിത്തന്നെ സമീപിക്കുക.
വിദ്യാര്‍ത്ഥികള്‍ക്ക് അറിവുകള്‍കൊണ്ട് പരീക്ഷയ്ക്കപ്പുറമുള്ള ലക്ഷ്യങ്ങള്‍ കാണാനാകണം. പഠിക്കുന്നതൊന്നും പരീക്ഷയ്ക്കു വേണ്ടിയല്ല. അറിവിനുവേണ്ടിയാണെന്ന ബോധമാണ് ആദ്യം വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകേണ്ടത്. അതുകൊണ്ട് കാണാപ്പാഠം പഠിക്കുകയല്ല പ്രായോഗികതലത്തിലാണ് കാര്യങ്ങള്‍ ഉള്‍ക്കൊള്ളേണ്ടത്. സയന്‍സിലും സാമൂഹ്യശാസ്ത്രവിഷയങ്ങളിലും ഗണിതത്തിലും ഐ.ടി. യിലുമൊക്കെ നമുക്കു ചുറ്റുമുള്ള കാര്യങ്ങളാണ് പഠിക്കുന്നത്. ഏതേത് ജീവിത സന്ദര്‍ഭങ്ങളില്‍ ഇവ പ്രയോജനപ്രദമാകും എന്ന് തിരിച്ചറിഞ്ഞു പഠിച്ചാല്‍ പഠനം എളുപ്പമായി. മന:പ്പാഠമാക്കുന്നതിനേക്കാള്‍ ഈ പഠനരീതി ഗുണം ചെയ്യും.
ചിട്ടയോടെ തുടങ്ങാം
ഇനിയങ്ങോട്ടുള്ള പഠനം ചിട്ടയോടെ വേണം നടക്കാന്‍. അതിന് ആദ്യം വേണ്ടത് ഒരു റിവിഷന്‍ ടൈം ടേബിളാണ്. പഠനം, ഭക്ഷണം, ഉറക്കം, വിനോദം എന്നിവയ്‌ക്കെല്ലാം ടൈംടേബിളില്‍ സമയം കണ്ടെത്തണം. ഓരോ ദിവസവും (അവധി ദിവസങ്ങളിലടക്കം) എത്രസമയം ഓരോ വിഷയത്തിനും ചെലവഴിക്കേണ്ടി വരും എന്നെല്ലാം മനസ്സിലാക്കി വേണം ടൈംടേബിള്‍ തയ്യാറാക്കാന്‍. ഇങ്ങനെ അന്നന്നു പഠിക്കേണ്ടതു മുഴുവന്‍ അന്നന്നു പഠിച്ചു പോവുക.പരീക്ഷാതീയതി, വിഷയം, പരീക്ഷകള്‍ക്കിടയില്‍ കിട്ടുന്ന അകലം, വിഷയത്തിന്‍റെ കാഠിന്യം എന്നിവ നോക്കിവേണം ഇത് തയാറാക്കുവാന്‍. ഏറ്റവും അവസാനം നടക്കുന്ന പരീക്ഷയുടെ വിഷയം ആദ്യം എന്ന രീതിയിലായിരിക്കണം ഇത് ക്രമീകരിക്കേണ്ടത്. ഒരു ചെക്ക്‌ലിസ്റ്റ് തയാറാക്കി നിശ്ചിത സമയത്തിനുള്ളില്‍ പഠിച്ചുതീര്‍ത്ത വിഷയങ്ങള്‍ 'ടിക്' ചെയ്ത് പോവുക. വിശ്രമത്തിനും അത്താഴത്തിനും മാതാപിതാക്കളുമായി സംസാരിക്കാനും ടിവി കാണാനുമെല്ലാം ഈ ടൈംടേബിളില്‍ സമയം ക്രമീകരിക്കണം.
പഠിക്കാനുള്ള സമയം
ഓരോരുത്തര്‍ക്കും ഓരോ രീതിയായിരിക്കും.സൂര്യോദയത്തിന് തൊട്ടു മുന്‍പുള്ള 3 മണിക്കൂര്‍ സരസ്വതീയാമം എന്നാണറിയപ്പെടുന്നത്. പഠനത്തിന് ഏറ്റവുമധികം ഏകാഗ്രത കിട്ടുന്ന സമയമിതാണ്.രാതി ത്രലച്ചോറിന്‍റെ പ്രവര്‍ത്തനം മന്ദീഭവിക്കുന്നതിനാല്‍ ക്രമേണ ഉറക്കം വരുന്നു. ഉറക്കം വരുമ്പോള്‍ കട്ടന്‍ചായ കുടുച്ചും കാല് വെള്ളത്തിലാഴ്ത്തി വെച്ചുമൊന്നും പിടിച്ചു നിര്‍ത്തേണ്ട. നന്നായി ഉറങ്ങുക. ഉറക്കസമയത്ത് തലച്ചോര്‍ ശുദ്ധീകരിക്കപ്പെടുന്നു. ഫ്രഷ് ആകുന്നു. പുലര്‍കാലത്തെ പഠനത്തിനുള്ള ഉണര്‍വ് ലഭിക്കുന്നു. അതുകൊണ്ട് പ്രഭാതത്തില്‍ പുതച്ചുമൂടി കിടക്കാതെ ഉണര്‍ന്ന് കര്‍മ്മനിരതരാവുക.
എങ്ങനെ പഠിക്കണം?
വെറും വായനയും മനസ്സിരുത്തി വായനയും വ്യത്യസ്തമാണ്. പഠിക്കുന്ന കാര്യങ്ങള്‍ അര്‍ത്ഥം മനസിലാക്കി പഠിക്കാന്‍ ശ്രമിച്ചാല്‍ അവ മനസ്സില്‍ നിന്ന് വേഗത്തില്‍ മാഞ്ഞുപോകില്ല. പഠിക്കുന്നതോടൊപ്പം പ്രധാന പോയിന്‍റുകള്‍, രാസസൂത്രങ്ങള്‍ , ചാര്‍ട്ടുകള്‍ എന്നിവ എഴുതി സൂക്ഷിക്കുക. പരീക്ഷയുടെ അടുത്ത ദിവസം ഇവ എടുത്തു നോക്കി വേഗത്തില്‍ പഠിക്കാം. വായിച്ചു പഠിച്ച കാര്യങ്ങള്‍ വെറുതെയിരിക്കുമ്പോള്‍ ഓര്‍മ്മിക്കാന്‍ ശ്രമിക്കുന്നത് നല്ലൊരു ബുദ്ധിപരമായ വ്യായാമമാണ്. അത് പരീക്ഷയെ എളുപ്പമുള്ളതാക്കും. കണക്കു പഠിക്കുമ്പോള്‍ കണക്കു കൂട്ടുന്നതും ഹരിക്കുന്നതുമെല്ലാം ഒരു ഗെയിം പോലെ ആസ്വദിച്ചു ചെയ്യുക. പൂര്‍ണമായും സിലബസ് കവര്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നീട് മാതൃകാ ചോദ്യപേപ്പറുകള്‍ക്ക് ഉത്തരമെഴുതി പരിശീലിക്കണം. കൃത്യസമയത്തിനുള്ളില്‍ ഉത്തരമെഴുതി, പരീക്ഷയെഴുതി തീര്‍ത്തു എന്ന കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. എത്രത്തോളം ചോദ്യപേപ്പറുകള്‍ക്ക് ഉത്തരമെഴുതി പരിശീലിക്കുന്നുവോ അത്രത്തോളം പരീക്ഷ എളുപ്പമുള്ളതാകും.ഇരുപതോ മുപ്പതോ മിനിട്ട് പഠിക്കുക. അതുകഴിഞ്ഞ് അല്പം എഴുന്നേറ്റ് നടക്കുക. ആ സമയം പഠിച്ച വിഷയത്തെക്കുറിച്ച് അവലോകനം ചെയ്യുക. ഇത് നല്ലൊരു പഠന രീതിയാണ്.
40 മിനിറ്റ് മതി
മനുഷ്യ മനസിന് 40 മിനിറ്റില്‍ കൂടുതല്‍ ഒരു കാര്യം പൂര്‍ണമായി ശ്രദ്ധിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് ക്ലാസ് റൂമുകളില്‍ ഒരോ മണിക്കൂറിനു ശേഷവും മണിയടിക്കുന്നത്. പഠനവേളയില്‍ ഓരോ 40 മിനിറ്റിനു ശേഷവും 5 മിനിറ്റ് റിലാക്‌സ് ചെയ്തശേഷം പഠനം തുടരുക.വിശ്രമിക്കുന്ന സമയത്ത് ടി.വി യും മൊബൈലും വേണ്ട ഇത്തരം ഇടവേളകളില്‍ ഒരു കാരണവശാലും ടി.വി. കാണുകയോ ഫോണിലോ കമ്പ്യൂട്ടറിലോ ഗെയിം കളിക്കുകയോ ചെയ്യരുത്. പഠിക്കുമ്പോള്‍ തലച്ചോറിലെത്തുന്ന ബിംബങ്ങള്‍ വിശകലനം ചെയ്താണ് ഓര്‍മയായി സ്റ്റോര്‍ ചെയ്യുന്നത്. ടി.വി.യോ ഗെയിമോ ഇടയ്ക്ക് വരുമ്പോള്‍ തലച്ചോറിലെ ഈ ബിംബങ്ങള്‍ മാഞ്ഞു പോകും. പഠിച്ചത് മറന്നും പോകും.
പഠിപ്പിച്ചുകൊണ്ട് പഠിക്കാം
പഠിച്ച കാര്യങ്ങള്‍ മറ്റൊരാള്‍ക്ക് പഠിപ്പിച്ചുകൊടുക്കുകയാണ് പഠനം എളുപ്പമാക്കാനുള്ള മറ്റൊരു മാര്‍ഗം. കൂട്ടുകാരേയോ അമ്മയെയോ ഒക്കെ ശിഷ്യരാക്കാം. വസ്തുതകള്‍ക്ക് വ്യക്തത വരുത്താനും പാളിച്ചകള്‍ മനസിലാക്കാനും ഇതു സഹായിക്കും. ഇനി പഠിപ്പിക്കാനാളെകിട്ടിയില്ലെങ്കില്‍ മറ്റൊരാള്‍ മുന്നിലുണ്ടെന്നു കരുതി പഠിപ്പിച്ചുകൊണ്ട് പഠിക്കുക. പാഠഭാഗങ്ങള്‍ മനസിലുറപ്പിക്കാന്‍ ഏറ്റവും നല്ല വഴിയാണിത്.
ചോദ്യങ്ങളുണ്ടാക്കി പഠിക്കാം
പഠനം എളുപ്പമാക്കാനുള്ള മറ്റൊരുവഴിയാണ് പാഠഭാഗത്തു നിന്നും ചോദ്യങ്ങളുണ്ടാക്കി പഠിക്കുക എന്നത്. ഈ ചോദ്യങ്ങള്‍ കൂട്ടുകാരോട് ചോദിക്കുക. ഉത്തരം പരസ്പരം പറയുക. ഇങ്ങനെ പഠിച്ചാലും പഠനം എളുപ്പമാകും, മറന്നു പോകില്ല.
എഴുതിയും പഠിക്കണം
പഠിച്ചതിന്‍റെ സംഗ്രഹം ഒരു വാചകത്തിലോ ഖണ്ഡികയിലോ എഴുതി നോക്കുക. ഇതില്‍ നിന്ന് പ്രധാന പോയിന്‍റുകള്‍ വിട്ടുപോയിട്ടുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പു വരുത്തുക.
മറക്കാതിരിക്കാന്‍
പഠിച്ചു കഴിഞ്ഞ് 20 മിനിറ്റിനുള്ളില്‍ സാധാരണ 42 ശതമാനവും നമ്മള്‍ മറക്കും. 48 മണിക്കൂറിനുള്ളില്‍ 72 ശതമാനവും മറക്കും. ഈ സമയത്തിനുള്ളില്‍ പഠിച്ചകാര്യങ്ങള്‍ ഒന്നുകൂടി ഓര്‍ത്തെടുത്താലോ. ഉത്തരം മുഴുവനോര്‍ത്തെടുക്കാനാവുന്നില്ലെങ്കില്‍ ഒന്നുകൂടി ആ ഭാഗം വായിക്കുക. രാത്രി കിടക്കുന്നതിനു മുമ്പ് ഇതൊരു ശീലമാക്കുക. ഉണര്‍ന്നെണിക്കുമ്പോള്‍ ആ പാഠഭാഗങ്ങളെല്ലാം മനസ്സില്‍ പതിഞ്ഞിരിക്കും.
ശ്രദ്ധ കുറയുമ്പോള്‍
പഠിക്കുന്നതിനിടെ ശ്രദ്ധ കുറയുന്നു എന്ന് തോന്നുമ്പോള്‍ അത് ഒരു കടലാസില്‍ മാര്‍ക്ക് ചെയ്യുക. പഠനശേഷം ഈ മാര്‍ക്കുകള്‍ നോക്കി എത്രവട്ടം ശ്രദ്ധ കുറഞ്ഞെന്നു വിലയിരുത്തു. ശ്രദ്ധ കുറയാനുള്ള കാരണം വിശകലനം ചെയ്ത് കണ്ടെത്തുക. അടുത്ത പ്രാവശ്യം ഈ മാര്‍ക്കുകളുടെ എണ്ണം കുറച്ചുകൊണ്ടു വരിക.
കാണാപാഠം
കണക്കിലേയും മറ്റും ഫോര്‍മുലകള്‍, ചരിത്രപരമായ തീയതികള്‍, പേരുകള്‍, നിര്‍വചനങ്ങള്‍, സയന്‍സിലെ നിയമങ്ങള്‍ തുടങ്ങിയവ കാണാപാഠം പഠിക്കാം. ഒരു കഥയായോ സിനിമപോലെയോ ഒക്കെ ഇതു മനസ്സില്‍ സൂക്ഷിക്കുക.
ഉത്കണ്ഠ വേണ്ട
പരീക്ഷയെക്കുറിച്ചുള്ള ചെറിയ ഉത്കണ്ഠ സാധാരണമാണ്. ഇത് പാഠങ്ങള്‍ പഠിച്ചു തീര്‍ക്കുവാനും കൂടുതല്‍ ശ്രദ്ധയോടെ പഠിക്കുവാനും സഹായിക്കും.എന്നാല്‍ ഉത്കണ്ഠ അധികമായാല്‍ അത് പ്രതികൂല ഫലമുണ്ടാകും.
അമിത ഉത്കണ്ഠ എങ്ങനെ തിരിച്ചറിയാം?
ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ, പതിവിന് വിപരീതമായി അലസത, ഭയം എന്നിവ അനുഭവപ്പെടുകയാണെങ്കില്‍ വീട്ടുകാരോട് പറഞ്ഞ് ഒരു ഡോക്ടറുടെ അഭിപ്രായം തേടുക. ചിലര്‍ക്ക് പരീക്ഷയെക്കുറിച്ച് ഓര്‍ക്കുമ്പോഴേ നെഞ്ചിടിപ്പ് കൂടും, തളര്‍ച്ചയുണ്ടാകും, തൊണ്ട വരളും, തലവേദനയോ, വയറുവേദനയോ കൈകാല്‍ കഴപ്പോ ഒക്കെ ഉണ്ടാകും. ഇത്തരം സന്ദര്‍ഭങ്ങളിലും ഡോക്ടറുടെ സേവനം തേടുക.
വീട്ടിലെ സമാധാനം
റിവിഷന്‍ കാലത്ത് നമ്മുടെ കുട്ടികള്‍ക്ക് വീട്ടില്‍ നിന്ന് നല്‍കാവുന്ന ഏറ്റവും വലിയ സമ്മാനമാണ് വീട്ടിനകത്തെ സമാധാനം നിലനിര്‍ത്തുക എന്നത്.വീട്ടിലെ മുതിര്‍ന്ന അംഗങ്ങള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളോ കലഹങ്ങളോ ഇക്കാലത്ത് ഒഴിവാക്കുക. കുട്ടികള്‍ക്ക് പഠനത്തിന് ആരോഗ്യമുള്ള അന്തരീക്ഷം രക്ഷിതാക്കള്‍ ഒരുക്കിക്കൊടുക്കുക.പഠിക്കുന്നവര്‍ പഠിക്കട്ടെ. നമുക്ക് ടി.വി. കാണാം എന്ന ചിന്ത വീട്ടിലെ മറ്റംഗങ്ങള്‍ ഉപേക്ഷിക്കണം. നിങ്ങളുടെ പഠനത്തോടൊപ്പം ഞങ്ങളുമുണ്ടെന്ന സന്ദേശം കുട്ടികള്‍ക്ക് നല്‍കണം. വീട്ടിലെ എല്ലാ അംഗങ്ങളും പരീക്ഷക്കാലത്ത് ടെലിവിഷന്‍ ഉപയോഗം കുറയ്ക്കുക.
വിജയം ആരുടെ കൂടെ?
കുട്ടികള്‍പരീക്ഷയ്ക്ക് ഒരുങ്ങിയെത്തുന്നത് പ്രധാനമായും മൂന്ന് വിധത്തിലാണ്:
- ചിട്ടയായി പഠിച്ച് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍
- സാധാരണയായി അശ്രദ്ധരായി നടന്ന് പരീക്ഷാതീയതി പ്രഖ്യാപിക്കപ്പെട്ടാല്‍ വാരി വലിച്ച് പഠിക്കുന്നവര്‍
- പരീക്ഷയുടെ തൊട്ടടുത്ത ദിവസങ്ങളില്‍ മാത്രം ധൃതി വെച്ചും സ്വയം ശപിച്ചും പരീക്ഷയെ ഭയന്ന് പഠിക്കുന്നവര്‍
ഇതില്‍ ആദ്യ വിഭാഗക്കാര്‍ ഉന്നത വിജയം നേടുന്നു.രണ്ടാമത്തെ കൂട്ടരില്‍ ചിലര്‍മാത്രം പരീക്ഷയുടെ അതിര്‍ത്തി ചാടിക്കടന്ന് രക്ഷപെടുന്നു.മൂന്നാമത്തെ കൂട്ടര്‍ പരീക്ഷാ മുറിയില്‍ എന്തു ചെയ്യണമെന്നറിയാതെ അന്തിച്ചു നില്‍ക്കുന്നു.ഓര്‍ക്കുക, ഒന്നാംതരക്കാരില്‍ ഒന്നാമതാവാന്‍ ഇനിയും നിങ്ങളുടെ മുന്നില്‍ മൂന്നുമാസമുണ്ട്. ചിട്ടപ്പെടുത്തിയ പഠനം ഇന്നു തന്നെ തുടങ്ങിക്കോളൂ. നല്ല കാര്യം നാളേക്കു മാറ്റി വയ്ക്കരുത്.പരീക്ഷക്കാലം വരികയായി. കുട്ടികള്‍ മാത്രമല്ല, കുടുംബവും അല്പം ശ്രദ്ധിച്ച് പരീക്ഷയ്ക്ക് തയാറെടുത്താല്‍ എല്ലാ കുട്ടികള്‍ക്കും ഏതു പരീക്ഷയിലും ഉന്നത വിജയം നേടാവുന്നതേയുള്ളൂ.
പഠനമുറിയില്‍
റിവിഷനുവേണ്ടി ഇരുന്നുകഴിഞ്ഞാല്‍ യാതൊരു തരത്തിലുമുള്ള ശല്യങ്ങളും പഠനത്തെ തടസ്സപ്പെടുത്തുകയില്ലെന്നു ഉറപ്പുവരുത്തണം. പഠിക്കാനിരിക്കുന്നതിനു മുമ്പുതന്നെ, പുസ്തകങ്ങള്‍, നോട്ടുകള്‍, പേന, കാല്‍ക്കുലേറ്റര്‍ തുടങ്ങിയ പഠനോപകരണങ്ങള്‍ കൈയെത്തുംദൂരത്ത് ഒരുക്കിവയ്ക്കണം. ഫോര്‍മുലകള്‍, നിര്‍വചനങ്ങള്‍, പദ്യഭാഗങ്ങള്‍, മാപ്പുകള്‍, ഡയഗ്രങ്ങള്‍, തുടങ്ങി മനഃപാഠമാക്കേണ്ട കാര്യങ്ങള്‍ വിവിധ വര്‍ണ്ണത്തിലുള്ള സ്‌കെച്ചുപെനുകള്‍ ഉപയോഗിച്ച് കാര്‍ഡുകളില്‍ എഴുതി പഠനമുറിയില്‍ ഒട്ടിച്ചുവയ്ക്കുക. പഠനത്തിനിടയില്‍ ഇടയ്ക്കിടെ ഇതുനോക്കി റിവഷന്‍ ചെയ്യുക. നല്ല കാറ്റും വെളിച്ചവുമുള്ള മുറിയായിരിക്കണം പഠനമുറി. വേനല്‍ക്കാലത്ത് മരച്ചുവട്ടിലോ മറ്റോ ഇരുന്നു പഠിക്കാം. സ്വീകരണമുറി, കിടപ്പുമുറി, ഊണുമുറി എന്നിവയിലിരുന്നുള്ള പഠനം ഒഴിവാക്കണം. അരണ്ട പ്രകാശത്തില്‍ വായിക്കുന്നത് കണ്ണുകളെ ക്ഷീണിപ്പിക്കുന്നു. തീവ്രമായ പ്രകാശത്തിന് അഭിമുഖമായി വായിക്കുന്നതും കണ്ണിനു നന്നല്ല. വായിക്കുമ്പോള്‍ ഇടതുവശത്തുനിന്നും പ്രകാശം ലഭിക്കത്തവണ്ണം ഇരിപ്പിടം ക്രമീകരിക്കുക. പഠിച്ച കാര്യങ്ങള്‍ എഴുതിനോക്കുന്നത് നല്ലതാണ്. കണക്കിലെ സൂത്രവാക്യങ്ങളോ സയന്‍സിലെ ഡയഗ്രങ്ങളൊ എഴുതിയും വരച്ചും നോക്കുകതന്നെവേണം.
പരീക്ഷക്കാലത്തെ ആഹാരം
ചില ആഹാരങ്ങള്‍ കഴിച്ചാല്‍ കുട്ടിയുടെ ബുദ്ധിശക്തിയും ഓര്‍മ്മശക്തിയും വര്‍ദ്ധിക്കുകയും മറ്റു ചിലത് കഴിച്ചാല്‍ അതിനെ ക്ഷയിപ്പിക്കുകയും ചെയ്യുമെന്ന് ആധുനിക ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. പഠനത്തിനും ഉന്മേഷത്തിനും ശരീരത്തിന് പോഷകാംശം ആവശ്യമുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് അത് കിട്ടിയേ തീരു. വിലപിടിപ്പുള്ള ഭക്ഷണങ്ങളിലെ പോഷകാംശമുള്ളൂ എന്നു കരുതേണ്ട. നമ്മുടെ നാട്ടില്‍ സുലഭമായ പപ്പായ, മുരിങ്ങയില, ചീര, വാഴക്കൂമ്പ്, മത്തിപോലുള്ള ചെറിയ മത്സങ്ങള്‍ തുടങ്ങിയവയിലൊക്കെ . തുടങ്ങിയവയിലൊക്കെ ഇതിന് ആവശ്യമുള്ള പോഷകങ്ങള്‍ ധാരാളമുണ്ട്. ഓര്‍മ്മശക്തിക്കെന്ന പേരുകളിലിറങ്ങുന്ന മരുന്നുകള്‍ക്ക് പരീക്ഷക്കാലത്ത് ആവശ്യക്കാര്‍ കൂടാറുണ്ട്. പക്ഷേ ഇത്തരം മരുന്നുകളുടെ ഫലം ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. മുട്ടയുടെ മഞ്ഞക്കരു, നിലക്കടല, പാലുല്പന്നങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ആവശ്യത്തിന് കഴിക്കുന്നത് ചിന്താശക്തിയും ഓര്‍മ്മശക്തിയും കൂട്ടുന്നു. സോയ പയര്‍, മുളപ്പിച്ച പയര്‍വര്‍ഗ്ഗങ്ങള്‍, പാല്, തൈര് എന്നിവ ഏകാഗ്രത കൂട്ടാന്‍ സഹായിക്കും. ചേന, ചേമ്പ്, കാച്ചില്‍, എന്നിവയില്‍ അടങ്ങിയിട്ടുള്ള 'സെറോടോണിന്‍' എന്ന പദാര്‍ത്ഥം പരീക്ഷക്കാലത്തെ മാനസിക പിരിമുറക്കം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ഒമേഗ - 3 അടങ്ങിയ മത്തി, അയല, ചൂര, കൊഴുവ എന്നീ മീനുകള്‍ ഓര്‍മ്മശക്തിയും മനഃപാഠമാക്കാനുള്ള കഴിവും വര്‍ദ്ധിപ്പിക്കുന്നു. പഠനത്തിനിടയില്‍ ഭക്ഷണം കൃത്യസമയത്ത് കഴിക്കുന്നതില്‍ വീഴ്ചവരുത്തരുത്. വയറ് കാലിയാക്കിയിട്ട് പഠിക്കുന്നത് ശ്രദ്ധക്കുറവിന് കാരണമാകും.
പ്രഭാതഭക്ഷണം തലച്ചോറിന്‍റെ ഭക്ഷണം
തലച്ചോറിന്‍റെ ശരിയായ പ്രവര്‍ത്തനത്തിന് പ്രഭാത ഭക്ഷണം അത്യാവശ്യമാണ്. പരീക്ഷാദിവസങ്ങളില്‍ പ്രഭാത ഭക്ഷണം ഒഴിവാക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. എളുപ്പം ദഹിക്കുന്ന ഗോതമ്പ്, അരി എന്നിവകൊണ്ടുള്ള പ്രഭാതഭക്ഷണമാണ് പരീക്ഷാദിവസങ്ങളില്‍ നല്ലത്. കഞ്ഞിയും പയറും പുട്ടും കടലയും, ദോശയും സാമ്പാറുമെല്ലാം ഇത്തരത്തിലുള്ള ഭക്ഷണമാണ്.
ഉച്ചഭക്ഷണം
പരീക്ഷാനാളുകളില്‍ ഉച്ചഭക്ഷണമായി ചോറുതന്നെയാണ് നല്ലത്. ദഹിക്കാന്‍ വിഷമമുണ്ടാക്കുന്ന ബിരിയാണി, പൊറോട്ട, കപ്പ എന്നിവ ഒഴിവാക്കുക. ഇവ തളര്‍ച്ചയ്ക്കും ഉറക്കും തൂങ്ങുവാനും ഇടയാക്കും. എസ്.എസ്.എല്‍.സി. പരീക്ഷ മിക്കതും ഉച്ചയ്ക്കുശേഷമായതിനാല്‍ ഇത് പ്രത്യേകം ശ്രദ്ധിക്കണം. വയറുനിറയെ കഴിക്കുന്നതും ക്ഷീണം ഉറക്കം എന്നിവയ്ക്ക് കാരണമാകും.
വെള്ളം
പഠിക്കുന്ന കുട്ടികള്‍ ആവശ്യത്തിന് വെള്ളം കുടിക്കണം. ഇലക്ട്രോമാഗ്‌നെറ്റിക് ആക്റ്റിവിറ്റി കാരണമാണ് നമ്മുടെ തലച്ചേറിന്‍റെ പ്രവര്‍ത്തനം നിയന്ത്രിക്കപ്പെടുന്നത്. തലച്ചോറിന്‍റെ സെല്ലുകളില്‍ വെള്ളം കയറിയിറങ്ങുമ്പോഴാണ് തലച്ചോറിനാവശ്യമായ ഇലക്ട്രിസിറ്റി ഉണ്ടാകുന്നത്. വെള്ളത്തിന്‍റെ അളവ് കുറയുകയാണെങ്കില്‍ അത് തലച്ചോറിന്‍റെ പ്രവര്‍ത്തനത്തെ ബാധിക്കും. കോട്ടുവായിടുമ്പോഴും ഉറക്കം വരുമ്പോഴും ഒരു ഗ്ലാസ് വെള്ളം കുടിച്ചുനോക്കൂ. ഉറക്കം ഉടന്‍ പമ്പ കടക്കും.
നാടും വീടും നിങ്ങളോടൊപ്പം
ഓരോ വീടിന്‍റെയും നാടിന്‍റെയും പ്രതീക്ഷകളാണ് കുട്ടികള്‍. അതുകൊണ്ടുതന്നെ കുട്ടികള്‍ മാത്രമല്ല, പരീക്ഷയില്‍ വിജയിക്കുകയും തോൾക്കു കയും ചെയ്യുന്നത്. വീടിനും നാടിനും അതില്‍ പങ്കാളിത്തമുണ്ടാകണം. കുടുംബം മുഴുവന്‍ കുട്ടികളുടെ ഉന്നമനത്തില്‍ ശ്രദ്ധയുള്ളവരാണ്. അവരുടെ പഠനത്തില്‍ വേണ്ട എല്ലാ സഹായങ്ങളും ചെയ്യാന്‍ വീട്ടുകാര്‍ സന്നദ്ധരാവണം. ഞാന്‍ മാത്രമല്ല, കുടുംബം മുഴുവന്‍ എന്നോടൊപ്പമുണ്ടെന്ന തോന്നല്‍ കുട്ടികള്‍ക്ക് പഠിക്കാനുള്ള ആവേശവും പരീക്ഷയെഴുതാനുള്ള ആത്മവിശ്വാസവും നൽകുന്നു. പല പള്ളികളിലും പരീക്ഷയ്ക്ക് മുമ്പ് ആ വര്‍ഷം ആ ഇടവകയില്‍നിന്ന് പരീക്ഷയ്ക്കു പോകുന്ന കുട്ടികള്‍ക്കായി പ്രാര്‍ത്ഥന നടത്താറുണ്ട്. പരീക്ഷക്കാലങ്ങളില്‍ പല ക്ഷേത്രങ്ങളിലും കുട്ടികളുടെ പേരില്‍ ആരാധനകള്‍ നടത്താറുണ്ട്. ഇത് വളരെ നല്ലതാണ്. പഠനവും പരീക്ഷയും എല്ലാം ഒരു കൂട്ടായ ശ്രമമാണെന്നും അപ്പോള്‍ നഷ്ടം വന്നാല്‍ അത് കുട്ടിക്ക് മാത്രമല്ല എലാവര്‍ക്കുംകൂടിയാണ്, നാടും വീടും വിജയത്തിലും പരാജയത്തിലും തന്നോടൊപ്പമുണ്ടാകും എന്ന ആത്മവിശ്വാസം ഏതു പരീക്ഷയെയും നേരിടാനുള്ള കരുത്ത് കുട്ടികള്‍ക്ക് നൽകുന്നു.
സന്ദര്‍ശകരും വിരുന്നും വേണ്ട
പരീക്ഷക്കാലത്ത് വീടുകളില്‍ സന്ദര്‍ശകരെയും വിരുന്നുകാരെയും വിളിച്ചു വരുത്തുന്നത് ഒഴിവാക്കുക. മറ്റ് സ്ഥലങ്ങളിലേയ്ക്കുള്ള സന്ദര്‍ശനവും ഒഴിവാക്കുക.ശാന്തത, സമചിത്തത, പ്രതിബദ്ധത, ദൃഢത, ചിട്ടയായ ജീവിതക്രമം, കൃത്യനിഷ്ഠ, മനോനിയന്ത്രണം തുടങ്ങിയ സവിശേഷ ഗുണങ്ങള്‍ മാനസിക പിരിമുറുക്കം കുറച്ച് പഠനശേഷി കൂട്ടുന്നു. തിടുക്കം, അക്ഷമ, ആകാംക്ഷ, ഉത്കണ്ഠ, പരാജയഭീതി, പിടിവാശി തുടങ്ങി സമ്മര്‍ദ്ദം കൂട്ടുന്നു. പഠനം അവതാളത്തിലാക്കുന്നു.
0 comments: