കലാരംഗത്ത് ഒരു കരിയർ രൂപപ്പെടുത്താനും ആ മേഖലയിലെ പ്രോഗ്രാമുകള്‍ പഠിക്കാനും താത്പര്യമുള്ളവർക്ക് ഒട്ടേറെ അവസരങ്ങള്‍ ഇന്ത്യയിലുണ്ട്.ലളിതകലകളില്‍ ചിത്രരചന (ഡ്രോയിങ്/പെയിൻറിങ്) ശില്പനിർമാണം (സ്കള്‍പ്ച്ചർ), അപ്ലൈഡ് ആർട്ട് (വസ്തുക്കള്‍ കൂടുതല്‍ ആകർഷകമാക്കുന്ന, സൗന്ദര്യമുള്ളവയാക്കുന്ന കല), ഫോട്ടോഗ്രഫി തുടങ്ങിയ കോഴ്സുകളും അവയിലെ സവിശേഷമേഖലാ കോഴ്സുകളും ലഭ്യമാണ്. പൊതുവേ നാലുവർഷമാണ് കോഴ്സ് കാലാവധി.
ഒരുവേദിയില്‍, സദസ്സിന്റെ മുന്നില്‍ അവതരിപ്പിക്കപ്പെടുന്ന കലകളെ രംഗകലകള്‍ എന്നുവിളിക്കാം. രംഗകലകളില്‍ (പെർഫോമിങ് ആർട്സ്) പൊതുവേ സംഗീതം, ഉപകരണസംഗീതം, നൃത്തം മുതലായവ ഉള്‍പ്പെടും. ചില സ്ഥാപനങ്ങളില്‍ ബാച്ച്‌ലർ ഓഫ് ആർട്സ് (ബി.എ.) എന്നും മറ്റു ചില സ്ഥാപനങ്ങളില്‍ ബാച്ച്‌ലർ ഓഫ് പെർഫോമിങ് ആർട്സ് (ബി.പി.എ.) എന്നും പ്രോഗ്രാം അറിയപ്പെടുന്നു.
ഫൈൻ ആർട്സ്, പെർഫോമിങ് ആർട്സ് കോഴ്സുകളുള്ള രാജ്യത്തെ ചില സ്ഥാപനങ്ങള്‍:
ഫൈൻ ആർട്സ് കോളേജ്
- കേരളത്തില്‍ സാങ്കേതികവിദ്യാഭ്യസ ഡയറക്ടറേറ്റിന്റെ കീഴില്‍, തിരുവനന്തപുരം, തൃശ്ശൂർ ഫൈൻ ആർട്സ് കോളേജുകള്‍, മാവേലിക്കര രാജാരവിവർമ കോളേജ് ഓഫ് ഫൈൻ ആർട്സ് എന്നിവിടങ്ങളില്‍ നാലുവർഷ ബാച്ച്‌ലർ ഓഫ് ഫൈൻ ആർട്സ് (ബി.എഫ്.എ.) പ്രോഗ്രാമുകള്‍ ലഭ്യമാണ്.
യോഗ്യത: പ്ലസ് ടു/തത്തുല്യ പരീക്ഷ ജയിച്ചിരിക്കണം. കുറഞ്ഞ പ്രായവ്യവസ്ഥയുണ്ട്. ഉയർന്ന പ്രായപരിധിയില്ല.എഴുത്ത്/പ്രായോഗിക പരീക്ഷകള്‍ ഉള്‍പ്പെടുന്ന പ്രവേശനപരീക്ഷ അടിസ്ഥാനമാക്കിയാകും തിരഞ്ഞെടുപ്പ്. വിവരങ്ങള്‍ക്ക്: dtekerala.in/admissions/
- ആർ.എല്‍.വി. കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സ്, തൃപ്പൂണിത്തുറ, എറണാകുളം: ബാച്ച്‌ലർ ഓഫ് ഫൈൻ ആർട്സ് കോഴ്സുകള്‍, പെയിൻറിങ്, അപ്ലൈഡ് ആർട്സ്, സ്കള്‍പ്ച്ചർ എന്നിവയില്‍ ലഭ്യമാണ്. വിവരങ്ങള്‍ക്ക്: rlvcollege.ac.in
സംസ്കൃത സർവകലാശാല
ബി.എ. ഡാൻസ് (ഭരതനാട്യം, മോഹിനിയാട്ടം), ബി.എ. മ്യൂസിക്, ബാച്ച്‌ലർ ഓഫ് ഫൈൻ ആർട്സ് (ബി.എഫ്.എ). കോഴ്സുകള്‍ ഉണ്ട്.വിവരങ്ങള്‍ക്ക്: ssus.ac.in
രംഗകലാപഠനം
ബിരുദപഠനത്തിന് കേരളത്തില്‍ വിവിധ സർവകലാശാലകളിലും സ്ഥാപനങ്ങളിലും അവസരമുണ്ട്. പൊതുവേ അഭിരുചിപ്പരീക്ഷ ഉണ്ടാകും. ചിലയിടത്ത് ഇൻറർവ്യൂവും ഉണ്ടാകും.
കേരള സർവകലാശാല
അഫിലിയേറ്റഡ് കോളേജുകളില്‍ ബി.എ. മ്യൂസിക് (മൂന്നുവർഷം) പ്രവേശനത്തിന്, സർവകലാശാല നടത്തുന്ന കേന്ദ്രീകൃത ബിരുദ അലോട്മെൻറ് പ്രക്രിയയില്‍ രജിസ്റ്റർ ചെയ്യണം. അപേക്ഷയുടെ പ്രിൻ്റ് ഔട്ട് ബന്ധപ്പെട്ട കോളേജില്‍ നല്‍കണം. തുടർന്ന് കോളേജ് നടത്തുന്ന അഭിരുചി പരീക്ഷ അഭിമുഖീകരിക്കണം.
യോഗ്യത: പ്ലസ് ടു.
- ഗവ.വിമെൻസ് കോളേജ് (വഴുതക്കാട്, തിരുവനന്തപുരം); എൻ.എസ്.എസ്. കോളേജ് ഫോർ വിമണ്‍ (നീറമണ്‍കര, തിരുവനന്തപുരം); എസ്.എൻ. കോളേജ് ഫോർ വിമണ്‍ (കൊല്ലം) എന്നീ കോളേജുകളില്‍ ബി.എ. മ്യൂസിക് പ്രോഗ്രാമുണ്ട്. മൂന്നിടത്തും കോംപ്ലിമെന്ററി; വീണ, സംസ്കൃതം എന്നീ വിഷയങ്ങളാണ്.
- ശ്രീ സ്വാതി തിരുനാള്‍ ഗവണ്‍മെൻറ് കോളേജ് ഓഫ് മ്യൂസിക്, തൈക്കാട്, തിരുവനന്തപുരം: ബാച്ച്‌ലർ ഓഫ് പെർഫോമിങ് ആർട്സ്: മ്യൂസിക്, വയലിൻ, വീണ, മൃദംഗം, ഡാൻസ്. വിവരങ്ങള്‍ക്ക്: admissions.keralauniversity.ac.in
ബിരുദതല രംഗകലാ കോഴ്സ് പഠിക്കാവുന്ന മറ്റു ചില സ്ഥാപനങ്ങള്‍. വിശദാംശങ്ങള്‍ക്ക് വെബ്സൈറ്റ് കാണണം.
എം.ജി. സർവകലാശാല
- ആർ.എല്‍.വി. കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സ്, തൃപ്പൂണിത്തുറ, എറണാകുളം: മ്യൂസിക് കോഴ്സുകള്‍ (ബി.എ.) - വോക്കല്‍, വയലിൻ, വീണ, മൃദംഗം.പെർഫോമിങ് ആർട്സ് കോഴ്സുകള്‍ (ബി.എ.) - മോഹിനിയാട്ടം, ഭരതനാട്യം, കഥകളിവേഷം, കഥകളി ചെണ്ട, കഥകളി മദ്ദളം, കഥകളിസംഗീതം. സ്ഥാപനത്തിന്റെ വിജ്ഞാപനപ്രകാരം അപേക്ഷിക്കണം. വിവരങ്ങള്‍ക്ക്: rlvcollege.ac.in
കോഴിക്കോട് സർവകലാശാല
- ചെമ്ബൈ മെമ്മോറിയല്‍ ഗവ. മ്യൂസിക് കോളേജ്, പാലക്കാട്: ബി.എ.- മൃദംഗം, വയലിൻ, വീണ, മ്യൂസിക്.
- ശ്രീരാമവർമ (എസ്.ആർ.വി.) ഗവ. കോളേജ് ഓഫ് മ്യൂസിക് ആൻഡ് പെർഫോമിങ് ആർട്സ്, തൃശ്ശൂർ: ബി.എ-മൃദംഗം, വയലിൻ, വീണ, മ്യൂസിക്.
- ഗവ.കോളേജ്, ചിറ്റൂർ-ബി.എ. മ്യൂസിക്
കോഴിക്കോട് സർവകലാശാലയുടെ കേന്ദ്രീകൃത അലോട്മെന്റ് പ്രക്രിയയില്‍ രജിസ്റ്റർചെയ്യണം. രജിസ്റ്റർ ചെയ്തവരുടെ ലിസ്റ്റ് സർവകലാശാല കോളേജുകള്‍ക്ക് കൈമാറും. കോളേജ്തലത്തില്‍ അഭിരുചിപ്പരീക്ഷ നടത്തി പ്രോസ്പെക്ടസ് വ്യവസ്ഥപ്രകാരം റാങ്ക് പട്ടിക തയ്യാറാക്കി പ്രവേശനം നടത്തും. വിവരങ്ങള്‍ക്ക്: cuonline.ac.in
- മഹാരാജാസ് കോളേജ്, എറണാകുളം (സ്വയംഭരണം): ബി.എ. മ്യൂസിക്. വിവരങ്ങള്‍ക്ക്: maharajas.ac.in
- കേരള കലാമണ്ഡലം, ചെറുതുരുത്തി: കേരള കലാമണ്ഡലത്തില്‍ ലഭ്യമായ കോഴ്സുകള്‍: ബി.എ. കഥകളി - വടക്കൻ, തെക്കൻ, മ്യൂസിക്, ചെണ്ട, മദ്ദളം, ചുട്ടി; കൂടിയാട്ടം - മെയില്‍, ഫീമെയില്‍; മിഴാവ്, തുള്ളല്‍, മൃദംഗം, തിമില, കർണാട്ടിക് മ്യൂസിക്, മോഹിനിയാട്ടം. പ്രവേശനം സ്ഥാപനം നടത്തും.വിവരങ്ങള്‍ക്ക്: www.kalamandalam.ac.in
സി.യു.ഇ.ടി.-യു.ജി.
കോമണ്‍ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (സി.യു.ഇ.ടി.) അണ്ടർ ഗ്രാജ്വേറ്റ് (യു.ജി.) - 2023-ല്‍ ഉള്‍പ്പെട്ടിരുന്ന ചില സ്ഥാപനങ്ങള്‍:
- ബി.എഫ്.എ.: ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി (വാരാണസി), യൂണിവേഴ്സിറ്റി ഓഫ് ഡല്‍ഹി, ഡോ. ഹരിസിങ് ഗൗർ വിശ്വവിദ്യാലയ (സാഗർ), രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി (അരുണാചല്‍പ്രദേശ്), വിശ്വഭാരതി (ശാന്തിനികേതൻ, വെസ്റ്റ് ബംഗാള്‍).ഒട്ടേറെ സ്വകാര്യ സർവകലാശാലകളില്‍ പ്രോഗ്രാമുണ്ട്.
പെർഫോമിങ് ആർട്സ് സ്ഥാപനങ്ങള്‍/കോഴ്സുകള്‍:
- സെൻട്രല്‍ യൂണിവേഴ്സിറ്റി ഓഫ് തമിഴ്നാട് - ഇൻ്റഗ്രേറ്റഡ് മാസ്റ്റർ ഓഫ് പെർഫോമിങ് ആർട്സ്
- യൂണിവേഴ്സിറ്റി ഓഫ് ഡല്‍ഹി - ബി.എ. (ഓണേഴ്സ്) കർണാട്ടിക് മ്യൂസിക് - വോക്കല്‍/ഇൻസ്ട്രുമെൻറല്‍ (വീണ/ വയലിൻ); ബി.എ. (ഓണേഴ്സ്) ഹിന്ദുസ്ഥാനി മ്യൂസിക് - വോക്കല്‍/ഇൻസ്ട്രുമെൻറല്‍ (സിത്താർ/സരോദ്/ ഗിത്താർ/വയലിൻ/സന്തൂർ); ബി.എ. (ഓണേഴ്സ്) ഹിന്ദുസ്ഥാനി മ്യൂസിക്-പർക്ഷൻ (തബല/പക്കാവാജ്)
- ഗവണ്‍മെൻറ് കോളേജ് ഫോർ വിമണ്‍ ജമ്മു- ബാച്ച്‌ലർ ഇൻ മ്യൂസിക്
- മണിപ്പുർ യൂണിവേഴ്സിറ്റി- ബി.എ. ഹിന്ദുസ്ഥാനി മ്യൂസിക്.
- നോർത്ത് ഈസ്റ്റേണ്‍ ഹില്‍ യൂണിവേഴ്സിറ്റി (ഷില്ലോങ്) - ബി.എ. (ഓണേഴ്സ്) മ്യൂസിക്
- രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി, അരുണാചല്‍പ്രദേശ് - ബാച്ച്‌ലർ ഓഫ് മ്യൂസിക്.
- വിശ്വഭാരതി (ശാന്തിനികേതൻ, വെസ്റ്റ് ബംഗാള്‍) - ബാച്ച്‌ലർ ഓഫ് പെർഫോമിങ് ആർട്സ് (ബി.പി.എ.) ഓണേഴ്സ്-ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ മ്യൂസിക് (വോക്കല്‍), ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ മ്യൂസിക് (ഇൻസ്ട്രുമന്റല്‍) - സിത്താർ/എസ് രാജ്/തബല/പക്കാവാജ്.
- ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റി, ന്യൂ ഡല്‍ഹി: ബി.എഫ്.എ. - അപ്ലൈഡ് ആർട്ട്, ആർട്ട് എജുക്കേഷൻ, പെയിൻറിങ്, സ്കള്‍പ്ച്ചർ. സർവകലാശാലയുടെ പരീക്ഷവഴിയാണ് അഡ്മിഷൻ വിവരങ്ങള്‍ക്ക്: jmi.ac.in/
- സാവിത്രി ഫുലെ പുണെ യൂണിവേഴ്സിറ്റി-ബി.എഫ്.എ. - പെയിൻറിങ് (ടെക്നിക്കല്‍), അപ്ലൈഡ് ആർട്സ് (ടെക്നിക്കല്‍),അഞ്ചുവർഷ ഇൻറഗ്രേറ്റഡ് എം.എ. മൂസിക്, ഡാൻസ്, തിയേറ്റർ വിവരങ്ങള്‍ക്ക്: www.unipune.ac.in
- ആർക്കിടെക്ചർ ആൻഡ് ഫൈൻ ആർട്സ് യൂണിവേഴ്സിറ്റി ഹൈദരാബാദ്: ബി.എഫ്.എ. ഹൈദരാബാദ് ജവാഹർലാല്‍ നെഹ്റു ആർക്കിടെക്ചർ ആൻഡ് ഫൈൻ ആർട്സ് യൂണിവേഴ്സിറ്റി (ജെ.എൻ.എ.എഫ്.എ.യു.), വിവിധ ബാച്ച്‌ലർ ഓഫ് ഫൈൻ ആർട്സ് (ബി.എഫ്.എ.) പ്രോഗ്രാമുകള്‍ റെഗുലർ/സെല്‍ഫ് സപ്പോർട്ടിങ് സ്കീം പ്രകാരം നടത്തുന്നുണ്ട്.
- ജെ.എൻ.എ.എഫ്.എ.യു. കോളേജ് ഓഫ് ഫൈൻ ആർട്സ്, ഫുള്‍ ടൈം സെല്‍ഫ് ഫിനാൻസിങ് രീതിയില്‍ നടത്തുന്ന ബിരുദ പ്രോഗ്രാമുകളുടെ ദൈർഘ്യം നാലുവർഷമാണ്.
- ബി.എഫ്.എ. പ്രോഗ്രാമുകള്‍: അപ്ലൈഡ് ആർട്ട് ആൻഡ് വിഷ്വല്‍ കമ്യൂണിക്കേഷൻ; ഫോട്ടോഗ്രഫി ആൻഡ് വിഷ്വല്‍ കമ്യൂണിക്കേഷൻ; പെയിൻറിങ് ആൻഡ് വിഷ്വല്‍ കമ്യൂണിക്കേഷൻ, സ്കള്‍പ്ച്ചർ, ആനിമേഷൻ. യോഗ്യത: പ്ലസ് ടു. പ്രവേശനപരീക്ഷയുണ്ട്. വിവരങ്ങള്‍ക്ക്: www.jnafau.ac.in
- ഗവണ്‍മെൻറ് കോളേജ് ഓഫ് ഫൈൻ ആർട്സ്, ചണ്ഡീഗഢ്: ബാച്ച്‌ലർ ഓഫ് ഫൈൻ ആർട്സ് - അപ്ലൈഡ് ആർട്ട്, പെയിന്റിങ്, ഗ്രാഫിക്സ് (പ്രിന്റ് മേക്കിങ്), സ്കള്‍പ്ച്ചർ. അഖിലേന്ത്യാതലത്തില്‍ നികത്തുന്ന സീറ്റുകള്‍ സ്ഥാപനത്തിലുണ്ട്. വിവരങ്ങള്‍ക്ക്: gcart.edu.in
സ്ഥാപനങ്ങളുടെ പൂർണ പട്ടികയ്ക്ക് cuet.samarth.ac.in കാണുക
0 comments: