2024, ഫെബ്രുവരി 22, വ്യാഴാഴ്‌ച

കണക്കിനോട് ഭയം വേണ്ട, കണക്ക് പരീക്ഷയിൽ മികച്ച മാര്‍ക്ക് നേടാൻ എങ്ങനെ പഠിക്കണം? ചില നുറുങ്ങുകള്‍ ഇതാ

 

മിക്ക വിദ്യാർത്ഥികളും ഭയക്കുന്ന വിഷയമാണ് കണക്ക്. വളരെ ചെറുപ്പം മുതലേ കുട്ടികളില്‍ ഗണിത ഫോബിയ കണ്ടുവരുന്നു.ഗണിതത്തെക്കുറിച്ചോ അതിൻ്റെ ചോദ്യങ്ങള്‍ കാണുമ്പോഴോ നിങ്ങള്‍ക്ക് പരിഭ്രാന്തി തോന്നാൻ തുടങ്ങിയാല്‍, അതിനർത്ഥം നിങ്ങള്‍ ഗണിത ഭയം അനുഭവിക്കുന്നുണ്ടെന്നാണ്. ഇതില്‍ നിങ്ങള്‍ മറ്റുള്ളവരെക്കാള്‍ ദുർബലനാണെന്ന് സ്വയം കണക്കാക്കാൻ തുടങ്ങുകയും നിങ്ങളുടെ ആത്മവിശ്വാസവും കുറയാൻ തുടങ്ങുകയും ചെയ്യുന്നു. എന്നാല്‍ നല്ല മാർക്ക് നേടുന്നതിന്, നിങ്ങള്‍ ഈ ഭയത്തെ മറികടക്കേണ്ടത് പ്രധാനമാണ്.

ഗണിതമോ മറ്റേതെങ്കിലും സംഖ്യാ വിഷയമോ ആകട്ടെ അടിസ്ഥാനകാര്യങ്ങളില്‍ വ്യക്തത ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. ഗണിതശാസ്ത്രത്തിൻ്റെ അടിസ്ഥാനകാര്യങ്ങള്‍ മനസിലാക്കാൻ കൂടുതല്‍ ശ്രദ്ധയും സമയവും നല്‍കണം. അടിസ്ഥാന ആശയങ്ങള്‍ നിങ്ങള്‍ മനസിലാക്കിക്കഴിഞ്ഞാല്‍ ഏറ്റവും എളുപ്പമേറിയ വിഷയമാണ് കണക്ക്. ഒരു വിദ്യാർത്ഥിക്ക് 100ല്‍ 100 മാർക്ക് നേടാനാകുന്ന വിഷയമാണ് കണക്ക് എന്ന് ഗണിത വിദഗ്ധർ പറയുന്നു.

ഈ കാര്യങ്ങളില്‍ നിന്ന് ആരംഭിക്കുക

ഒന്നാമതായി, ഗണിതശാസ്ത്രം സിദ്ധാന്തം, സൂത്രവാക്യം, ആശയം എന്നിവ അടിസ്ഥാനമാക്കിയുള്ള വിഷയമാണ്. കണക്കിലെ ഫോർമുലകള്‍ (സൂത്രവാക്യങ്ങള്‍) വളരെ പ്രധാനപ്പെട്ടവയാണ്. പഠന മേശയിലോ മുറിയിലോ ഇവ എഴുതി ഒട്ടിച്ച്‌ വയ്ക്കാം. ദിവസവും കാണുന്നതോടെ ഓർമയില്‍ ഇവ പതിയും. കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട വിഭാഗങ്ങള്‍ മനസിലാക്കുന്നത് മികച്ച സ്കോർ നേടാൻ സഹായിക്കും

പരിശീലനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക

മനഃപാഠമാക്കരുത്, പരിശീലിക്കുക. മനഃപാഠമാക്കുന്നത് പ്രയോജനപ്പെടാത്ത വിഷയമാണ് കണക്ക്. എത്രത്തോളം പരിശീലിക്കുന്നുവോ അത്രയും പ്രയോജനം ലഭിക്കും. നിങ്ങളുടെ കഴിവുകള്‍ പരിശോധിക്കാൻ പരിശീലന പരീക്ഷകള്‍ നടത്തുക. മുമ്പത്തെ പരീക്ഷ പേപ്പറുകളെല്ലാം പരിശീലിക്കാൻ തുടങ്ങുക. ആദ്യം എളുപ്പമുള്ള ചോദ്യങ്ങള്‍ പരിഹരിക്കുക, തുടർന്ന് ബുദ്ധിമുട്ടുള്ള ചോദ്യങ്ങളിലേക്ക് വരിക. എന്നാല്‍ ചോദ്യങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിക്കരുത്. ക്രമരഹിതമായ കാര്യങ്ങളിലോ നെഗറ്റീവ് ചിന്തകളിലോ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, നിങ്ങളുടെ പരിശീലനത്തില്‍ പൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കുക.

സോഷ്യല്‍ മീഡിയയില്‍ നിന്ന് അകലം പാലിക്കുക

ഏത് പരീക്ഷയ്ക്കും തയ്യാറെടുക്കുന്നതിന്, ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ഏറ്റവും പ്രധാനമാണ്, അതിനാല്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് കഴിയുന്നത്ര വിട്ടുനില്‍ക്കുക. ഇതിലൂടെ നിങ്ങള്‍ക്ക് നിങ്ങളുടെ തയ്യാറെടുപ്പുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും പരീക്ഷയില്‍ മികച്ച പ്രകടനം നടത്താനും കഴിയും.

അച്ചടക്കത്തോടെ ടൈം ടേബിള്‍ പിന്തുടരുക

പരീക്ഷാ സമയത്തെ സമയം നിയന്ത്രിക്കുന്നതിന് പഠനത്തിനായി ഒരു ടൈം ടേബിള്‍ ഉണ്ടാക്കണം. വിരസത ഒഴിവാക്കാൻ, ടൈം ടേബിളില്‍ ഇടവേളകള്‍ ഉള്‍പ്പെടുത്തുക. നിങ്ങള്‍ക്ക് ഏറ്റവും വെല്ലുവിളി നിറഞ്ഞതായി തോന്നുന്ന വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. പഠിക്കുമ്പോൾ  ശ്രദ്ധ തിരിക്കാതിരിക്കാൻ, നിങ്ങളുടെ ഫോണും ശ്രദ്ധ തിരിക്കുന്ന മറ്റ് ഉപകരണങ്ങളും ഓഫാക്കി വയ്ക്കുക. ശബ്ദമില്ലാത്ത ഒരു മുറിയോ സ്ഥലമോ തിരഞ്ഞെടുക്കാൻ ശ്രമിക്കുക.

പരീക്ഷ ഹാളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഗണിത ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ഫോർമുലകളില്‍ നിന്നാണ് കണ്ടത്തേണ്ടത്, അതിനാല്‍ തിടുക്കം കൂട്ടാതെ ശരിയായ ഫോർമുല പ്രയോഗിക്കുക. വളരെ ശ്രദ്ധയോടെ ഉത്തരങ്ങള്‍ എഴുതുക. എല്ലാ ഉത്തരങ്ങളും എഴുതിയതിന് ശേഷം കുറച്ച്‌ സമയമുണ്ടെങ്കില്‍, ഉത്തരങ്ങള്‍ ഒരിക്കല്‍ വീണ്ടും പരിശോധിക്കുക.പരീക്ഷാ ഹാളില്‍ പരീക്ഷ എഴുതാൻ തുടങ്ങുന്നതിന് മുമ്പ്  പരിഭ്രാന്തരാകുന്നതിന് പകരം അഞ്ച് മുതല്‍ പത്ത് മിനിറ്റ് വരെ ധ്യാനിക്കാം.

0 comments: