ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ ശുപാർശകള്‍ക്കനുസൃതമായി ഒമ്പതുമുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാർഥികള്‍ക്കായി ഓപ്പണ്‍ബുക്ക് (പുസ്തകം തുറന്നുവെച്ചുള്ള) പരീക്ഷ സി.ബി.എസ്.ഇ.പരിഗണിക്കുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ രാജ്യത്തെ ചില സ്കൂളുകളിലാകും ഒമ്പത്, 10 ക്ലാസുകളില്‍ ഇംഗ്ലീഷ്, ഗണിതം, ശാസ്ത്രം എന്നിവയിലും 11, 12 ക്ലാസുകളില്‍ ഇംഗ്ലീഷ്, ഗണിതം, ബയോളജി എന്നിവയിലും ഈ വർഷം അവസാനത്തോടെ ഇത്തരത്തില്‍ പരീക്ഷ നടത്തുക.
വിദ്യാർഥികള്‍ക്ക് പാഠപുസ്തകമോ പഠനസാമഗ്രികളോ പരീക്ഷാഹാളില്‍ കൊണ്ടുപോകാം. അവ റഫർചെയ്ത് പരീക്ഷയെഴുതാം. സാധാരണ പരീക്ഷയെക്കാള്‍ വെല്ലുവിളി നിറഞ്ഞതാണ് ഓപ്പണ്‍ബുക്ക് പരീക്ഷയെന്ന് വിദ്യാഭ്യാസ വിദഗ്ധർ പറയുന്നു.
ഉത്തരം നോക്കി എഴുതുന്നതിനൊപ്പം വിഷയത്തെക്കുറിച്ചുള്ള ധാരണയും ആശയങ്ങള്‍ വിശകലനംചെയ്യാനുള്ള കഴിവും അളക്കപ്പെടും. സിമാറ്റ്, മാറ്റ് തുടങ്ങിയ പരീക്ഷകളില്‍ ഓപ്പണ്‍ ബുക്ക് പരീക്ഷ നടപ്പാക്കുന്നുണ്ട്. പുതിയരീതി കൃത്യമായി വിദ്യാർഥികള്‍ക്ക് പരിചയപ്പെടുത്തിയശേഷമേ ബോർഡ് പരീക്ഷകള്‍ക്ക് ഉള്‍പ്പെടെ ഇത് നടപ്പാക്കുന്നത് പരിഗണിക്കൂവെന്ന് സി.ബി.എസ്.ഇ. വൃത്തങ്ങള്‍ പറഞ്ഞു.
0 comments: